താരയ്ക്കു കൈത്താങ്ങുമായി സുഷമ സ്വരാജ്
താരയ്ക്കു കൈത്താങ്ങുമായി സുഷമ സ്വരാജ്
Tuesday, August 30, 2016 1:21 PM IST
<ആ>സെബി മാത്യു

ന്യൂഡൽഹി: ഒരു പദ്മശ്രീക്കും ഇനി ഉണക്കാനാവില്ല അവഗണനകൊണ്ടു മുറിവേറ്റ താര ബാലഗോപാലിന്റെ മനസിനെ. ഒരുപാട് സൗഹൃദങ്ങളും സ്നേഹവും ചില്ലിട്ടു വെച്ച വീട്ടിൽ ഏകാകിയായിരിക്കുമ്പോൾ ചമയങ്ങളണിഞ്ഞ് അരങ്ങിലേക്കു കാലെടുത്തുവച്ച ഒരു നിമിഷം ഇപ്പോഴുമുണ്ടാകും താര ബാലഗോപാൽ എന്ന നൃത്ത വിസ്മയത്തിന്റെ മനസിൽ.

ഇന്ത്യയിലെ അവസാനത്തെ ബ്രിട്ടീഷ് വൈസ്രോയി മൗണ്ട് ബാറ്റൺ പ്രഭു ഒരു ടുളിപ്സ് പുഷ്പമെന്നു വിശേഷിപ്പിച്ച നടന വിസ്മയമായിരുന്നു താര ബാലഗോപാൽ. കഥകളിയിലും ഭരതനാട്യത്തിലും കഥക്കിലും അതുല്യ പ്രതിഭ. ഭൂതകാലത്തിന്റെ പൊടിപിടിച്ച ഓർമകൾക്കിടയിൽ അവശതകളുമായി ഇന്ന് ഏകയായി കഴിയുന്നു.

ഡൽഹി സർവകലാശാലയുടെ കീഴിലുള്ള രാജധാനി കോളജിലെ അധ്യാപികയായിരുന്നു താര. സർവകലാശാലയുടെ ഒരനാസ്‌ഥയാണ് ഇന്ന് അവരെ ഈ ദുരിതത്തിലേക്കു തള്ളിവിട്ടത്. താര ജോലിചെയ്തിരുന്നതായി തെളിയിക്കുന്ന ഫയലുകൾ സർവകലാശാലയിൽനിന്നു നഷ്‌ടപ്പെട്ടുവെന്നായിരുന്നു അധികൃതരുടെ വിശദീകരണം.

പെൻഷനും ശമ്പളക്കുടിശികയും ലഭിക്കാനായി സർവകലാശാലയുമായി പതിനഞ്ചു വർഷം കേസു നടത്തി എല്ലാ സമ്പാദ്യവും നഷ്‌ടമായി. ഭർത്താവു ബാലഗോപാൽ മരിച്ചതോടെ മക്കളോ സഹായിക്കാൻ ബന്ധുക്കളോ ഇല്ലാത്ത താരയുടെ ജീവിതം പൂർണമായും ഒറ്റപ്പെടുകയായിരുന്നു.

ആരാലും ശ്രദ്ധിക്കപ്പെടാതെ ഡൽഹിയിലെ രജൗരി ഗാർഡനിൽ കഴിയുന്ന താരയുടെ വീട്ടിലെ ലാൻഡ് ഫോണിലേക്കു കഴിഞ്ഞ ദിവസം പ്രതീക്ഷയുടെ ഒരു ഫോൺ വിളിയെത്തി. കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജായിരുന്നു അത്. താരയുടെ ഇപ്പോഴത്തെ ജീവിതത്തെക്കുറിച്ചും ദുരിതങ്ങളെക്കുറിച്ചും അറിഞ്ഞുവെന്നും സർക്കാർ വേണ്ടതു ചെയ്യുമെന്നുമുള്ള ഉറപ്പാണു സുഷമ നൽകിയത്.

85–ാം വയസിൽ താരയുടെ ജീവിതത്തിലേക്കു വീണ്ടും വെളിച്ചമെത്തുമെന്നു പ്രതീക്ഷിക്കാം. മാധ്യമങ്ങളിൽ വന്ന വാർത്ത കണ്ടിട്ടാണു സുഷമ തന്നെ വിളിച്ചതെന്നും താൻ ഒന്നും അങ്ങോട്ട് ആവശ്യപ്പെട്ടിട്ടില്ലെന്നും താര ബാലഗോപാൽ ദീപികയോടു പറഞ്ഞു.


ആരായിരുന്നു താര എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരത്തിൽ ഒതുക്കാനാവില്ല. 1960ൽ പാർലമെന്റിന്റെ സെന്റർ ഹാളിൽ നൃത്തമവതരിപ്പിച്ച, അതിനവസരം ലഭിച്ച ചരിത്രത്തിലെ ഏക നർത്തകിയാണു താര ബാലഗോപാൽ. ഒരു കാലത്ത് ഇന്ത്യയുടെ അഭിമാനമായി വിശേഷിപ്പിക്കപ്പെട്ടിരുന്നു ഈ മദ്രാസി അമ്മയെന്ന കാര്യം ഇന്ന് അയൽക്കാർക്കു പോലും അറിയില്ല. മുൻ പ്രധാനമന്ത്രി ഇന്ദിരഗാന്ധിയുടെ ഉറ്റ തോഴി. കഥകളി പ്രമേയമാക്കി ഇന്ത്യ പുറത്തിറക്കിയ സ്റ്റാമ്പിലെ നായിക. ഡൽഹി സർവകലാശാലയിലെ റീഡർ. പഴയ യുഎസ്എസ്ആറിൽ ഇന്ത്യയുടെ സാംസ്കാരിക അംബാസിഡർ. ആകാശവാണിയിലെ ശ്രോതാക്കളുടെ പ്രിയ താരം. കഥകളിയിലും കഥക്കിലും ഭരതനാട്യത്തിലും വീണയിലും കഴിവു തെളിയിച്ച പ്രതിഭ. എസ്. രാധാകൃഷ്ണൻ മുതൽ ആർ. വെങ്കിട്ടരാമൻ വരെയുള്ള രാഷ്ര്‌ടപതിമാർ, ജവഹർലാൽ നെഹ്റു, ഇന്ദിര ഗാന്ധി തുടങ്ങിയ പ്രമുഖരുടെ അഭിനന്ദനവും ആദരവുമേറ്റുവാങ്ങിയ പ്രതിഭ. ഒട്ടുമിക്ക ലോക രാജ്യങ്ങളിലും ശിഷ്യഗണങ്ങളുള്ള നൃത്താധ്യാപികയുമാണു താര ബാലഗോപാൽ.

മലയാളമുൾപ്പെടെ വിവിധ ഭാഷകളിൽ നൃത്ത നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. പ്രമുഖ ഇംഗ്ലീഷ് പത്രങ്ങളിൽ കലാനിരൂപണങ്ങളെഴുതിയിരുന്നു. മുദ്രകളെക്കുറിച്ച് കടത്തനാട്ട് ഉദയവർമ തമ്പുരാൻ എഴുതിയ ഹസ്തലക്ഷണദീപിക ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത് താരയാണ്. എങ്ങനെ വീണ പഠിക്കാം എന്നൊരു കൃതിയും രചിച്ചിട്ടുണ്ട്.

ഇപ്പോൾ ചിലങ്കകളുടെ പൊട്ടിച്ചിരിയില്ലാത്ത താരയുടെ വീടിന്റെ മുറ്റത്ത് ഒരു പഴയ ഫിയറ്റ് കാർ പൊടിപിടിച്ചു കിടപ്പുണ്ട്. ഇന്ദിര ഗാന്ധി ഒരുപാടു വൈകുന്നേരങ്ങളിൽ തന്റെ കൂട്ടുകാരിയോടൊപ്പം ഡൽഹിയിൽ കളിചിരികൾ പങ്കിട്ടു കറങ്ങി നടന്ന ഒത്തിരി ഓർമകളുള്ള ഒരു ഫിയറ്റ് കാർ. ഭർത്താവ് മരിച്ചശേഷം താര ഈ കാർ ഉപയോഗിച്ചിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.