കാഷ്മീരിൽ പലയിടങ്ങളിലും കർഫ്യൂ ഒഴിവാക്കി
കാഷ്മീരിൽ പലയിടങ്ങളിലും കർഫ്യൂ ഒഴിവാക്കി
Monday, August 29, 2016 11:33 AM IST
ശ്രീനഗർ: ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹൻ വാനിയുടെ വധത്തിനു പിന്നാലെ പ്രക്ഷോഭം പൊട്ടിപ്പുറപ്പെട്ട കാഷ്മീർ താഴ്വരയിൽ കഴിഞ്ഞ 51 ദിവസമായി ഏർപ്പെടുത്തിയ കർഫ്യൂ ഇന്നലെ ഭാഗികമായി ഒഴിവാക്കി. എന്നാൽ, സംഘർഷാവസ്‌ഥ കണക്കിലെടുത്ത് മൂന്ന് പോലീസ് സ്റ്റേഷൻ പരിധിയിൽ കർഫ്യൂ തുടരും. പുർവാമ ടൗൺ, ശ്രീനഗറിന്റെ പ്രാന്തങ്ങൾ, എംആർ ഗഞ്ച്–നൗഹാട്ട പ്രദേശങ്ങളിലാണ് കർഫ്യൂ തുടരുക എന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. ക്രമസമാധാന പാലനത്തിനായി സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വിന്യസിച്ചിരിക്കുന്ന സൈനിക വിഭാഗങ്ങളെ പിൻവലിച്ചിട്ടില്ല.


ജൂലൈ ഒമ്പതിന് ആരംഭിച്ച പ്രക്ഷോഭത്തിൽ രണ്ട് പോലീസുകാരുടേതുൾപ്പെടെ 68 ജീവൻ അപഹരിക്കപ്പെട്ടു. കർഫ്യൂ നീക്കിയതോടെ ജനജീവിതം സാധാരണ നിലയിലേക്ക് എത്താൻ തുടങ്ങി. നീണ്ട ഇടവേളയ്ക്കുശേഷം ബാങ്കുകൾ തുറന്നു. വൻ തിരക്കാണ് ബാങ്കുകളിൽ ദർശിച്ചത്.

അതേസമയം, വിഘടനവാദി പാർട്ടികൾ ആഹ്വാനം ചെയ്ത ബന്ദിനെത്തുടർന്ന് സ്കൂളുകളും കോളജുകളും വിദ്യാഭ്യാസ സ്‌ഥാപനങ്ങളും കടകളും അടഞ്ഞു കിടന്നു. സെപ്റ്റംബർ ഒന്നുവരെയാണ് ഇവർ സമരത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.