രാഹുലിന്റെ യുപി മഹായാത്ര സെപ്റ്റംബർ ആറു മുതൽ
രാഹുലിന്റെ യുപി മഹായാത്ര സെപ്റ്റംബർ ആറു മുതൽ
Monday, August 29, 2016 11:32 AM IST
ന്യൂഡൽഹി: യുപി നിയമസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഭാഗമായി കോൺഗ്രസ് വൈസ് പ്രസിഡന്റ് രാഹുൽഗാന്ധി യുപി മഹായാത്ര നടത്തുന്നു. സെപ്റ്റംബർ ആറിനു കിഴക്കൻ യുപിയിലെ ദേവരിയയിൽനിന്ന് ആരംഭിക്കുന്ന മഹായാത്ര 233 നിയമസഭാ മണ്ഡലങ്ങളിലൂടെ കടന്നുപോകുമെന്ന് എഐസിസി ജനറൽ സെക്രട്ടറി ഗുലാം നബി ആസാദ് പറഞ്ഞു.

ഒരു മാസംകൊണ്ട് മഹായാത്ര യുപിയിലെ 39 ജില്ലകളിലൂടെ 2500 കിലോമീറ്റർ സഞ്ചരിക്കും. വാരാണസിയിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി നടത്തിയ റോഡ്ഷോയുടെ വിജയത്തെത്തുടർന്നാണു രാഹുൽഗാന്ധി മഹായാത്ര നടത്തുന്നത്. യാത്രയ്ക്കിടെ സമൂഹത്തിന്റെ വിവിധ തുറകളിലുള്ളവരുമായി രാഹുൽ ആശയവിനിമയം നടത്തുമെന്നു ഗുലാം നബി ആസാദ് പറഞ്ഞു. യുപിയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറിയാണ് ആസാദ്.


27 വർഷമായി യുപിയിൽ അധികാരത്തിനു പുറത്തുനിൽക്കുന്ന കോൺഗ്രസ് ഇക്കുറി നില മെച്ചപ്പെടുത്തി വൻ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ്. യുപിയിൽ നിലവിൽ കോൺഗ്രസിന് 28 അംഗങ്ങളാണുള്ളത്. നിയമസഭയിൽ ആകെ 403 അംഗങ്ങളാണുള്ളത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.