ഐസക് ജോൺ പട്ടാണിപറമ്പിൽ വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ
ഐസക് ജോൺ പട്ടാണിപറമ്പിൽ വേൾഡ് മലയാളി കൗൺസിൽ ചെയർമാൻ
Monday, August 29, 2016 11:18 AM IST
ബംഗളൂരു: വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ചെയർമാനായി ഐസക് ജോൺ പട്ടാണിപറമ്പിൽ (ദുബായ്) തെരഞ്ഞെടുക്കപ്പെട്ടു. വേൾഡ് മലയാളി കൗൺസിലിന്റെ ബംഗളൂരുവിൽ നടന്ന പത്താമത് ദ്വൈവാർഷിക സമ്മേളനമാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. മലയാളിയുടെ ക്ഷേമവും ഭാഷയും സംസ്കാരവും പൈതൃകവും ഉയർത്തിക്കാട്ടാൻ മുൻകൈയെടുക്കണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്ത സമ്മേളനത്തിൽ വിവിധ വിഷയങ്ങളെപ്പറ്റി കേരള മുൻ ചീഫ് സെക്രട്ടറി ഡോ.ഡി.ബാബു പോൾ, മുൻ അംബാസഡർ ടി.പി.ശ്രീനിവാസൻ, ക്രിസ്റ്റി ഫെർണാണ്ടസ് തുടങ്ങിയവർ നേതൃത്വം നൽകി.

കാൻസറിനെതിരേയുള്ള പോരാട്ടത്തിന് ആഹ്വാനം ചെയ്തുകൊണ്ടുള്ള വേൾഡ് വാക്ക് അഞ്ജു ബോബി ജോർജ് ഉദ്ഘാടനംചെയ്തു. ആയിരത്തോളംപേർ പങ്കെടുത്തു. ഭാവി പ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കു ശേഷം വിവിധ പ്രോവിൻസുകളിൽനിന്നുള്ള നാനൂറോളം പ്രതിനിധികൾ ചേർന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എ.വി.അനൂപ് (ചെന്നൈ)–ഗ്ലോബൽ പ്രസിഡന്റ്, ടി.പി. വിജയൻ (പൂനെ)–ഗ്ലോബൽ സെക്രട്ടറി, ജോബിൻസൺ കൊട്ടത്തിൽ (സ്വിറ്റ്സർലൻഡ്)–ട്രഷറർ എന്നിവരാണ് മറ്റു ഭാരവാഹികൾ.


ഹോട്ടൽ ലീല പാലസിൽ നടന്ന പൊതുസമ്മേളനത്തിൽ കർണാടക മുൻ ചീഫ് സെക്രട്ടറിയും മുൻ മന്ത്രിയുമായ ഡോ.ജെ.അലക്സാണ്ടർ, കർണാടക ഭക്ഷ്യമന്ത്രി യു.ടി.ഖാദർ, കർണാടക പോലീസ് മേധാവി ഓംപ്രകാശ്, വ്യവസായപ്രമുഖരായ ഗോകുലം ഗോപാലൻ, ബോബി ചെമ്മണ്ണൂർ, പോൾ ഫെർണാണ്ടസ് എന്നിവർ പങ്കെടുത്തു. 2018–ലെ ഗ്ലോബൽ കോൺഫറൻസ് അമേരിക്കയിലെ ന്യൂജഴ്സിയിൽ നടത്താൻ തീരുമാനിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.