പാർലമെന്റ് ശീതകാല സമ്മേളനം നേരത്തെയാക്കാൻ നീക്കം
പാർലമെന്റ് ശീതകാല സമ്മേളനം നേരത്തെയാക്കാൻ നീക്കം
Sunday, August 28, 2016 11:46 AM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ചരക്കുസേവന നികുതി പ്രാബല്യത്തിലാക്കുന്നതിനുള്ള ബില്ലുകൾ പാസാക്കുന്നതിനായി പാർലമെന്റിന്റെ ശീതകാല സമ്മേളനം നേരത്തെയാക്കാൻ കേന്ദ്രസർക്കാരിന്റെ നീക്കം. സാധാരണ നിലയിൽ നവംബർ അവസാനം ചേരുന്ന സമ്മേളനം ദീപാവലി അടക്കമുള്ള ഉത്സവങ്ങൾ കഴിയുന്നതിനു പിന്നാലെ നവംബർ ആദ്യവാരങ്ങളിൽ തുടങ്ങാനാണ് ആലോചിക്കുന്നത്.

ചരക്കു സേവന നികുതി ഏർപ്പെടുത്താനുള്ള ഭരണഘടനാ ഭേദഗതി ബിൽ കഴിഞ്ഞ സമ്മേളനത്തിൽ പാർലമെന്റ് പാസാക്കിയെങ്കിലും കേന്ദ്ര ജിഎസ്ടി, ഇന്റഗ്രേറ്റഡ് ജിഎസ്ടി എന്നിവ സംബന്ധിച്ച ബില്ലുകൾകൂടി പാർലമെന്റിൽ പാസാക്കിയെങ്കിൽ മാത്രമേ നിയമം പ്രാബല്യത്തിലാക്കാനാകൂ. ശീതകാല സമ്മേളനത്തിൽ ഈ ബില്ലുകൾ പാസാക്കിയില്ലെങ്കിൽ അടുത്ത വർഷം ഏപ്രിൽ ഒന്നു മുതൽ ജിഎസ്ടി പ്രകാരം നികുതി ഏർപ്പെടുത്തുക ദുഷ്കരമാകും.

ബില്ലുകൾ നേരത്തേ പാസാക്കാനായാൽ നടപടികൾ വേഗത്തിലാക്കാനാകുമെന്നും ചട്ടങ്ങൾ ഉണ്ടാക്കി ഏപ്രിൽ ഒന്നു മുതൽ നികുതിപിരിക്കൽ സുഗമമാക്കാമെന്നും കേന്ദ്ര ധനമന്ത്രാലയം വിലയിരുത്തുന്നു.

വർഷകാല സമ്മേളനത്തിൽ പാസാക്കിയ ഭരണഘടനാ ഭേദഗതി ബിൽ പകുതിയിൽ കൂടുതൽ സംസ്‌ഥാനങ്ങൾ സാധുത നൽകിയാലേ നിയമമാകൂ. ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളും ഡൽഹി, ബിഹാർ എന്നിവയും അടക്കം എട്ട് സംസ്‌ഥാനങ്ങളിലെ നിയമസഭകൾ ഇതിനോടകം ബില്ലിനു സാധുത നൽകിയിട്ടുണ്ട്. ഇതോടൊപ്പം മറ്റു ബില്ലുകൾകൂടി യാഥാർഥ്യമാക്കാനാണു സർക്കാരിന്റെ നീക്കം.

ശീതകാല സമ്മേളനം നേരത്തെയാക്കിയാൽ ബജറ്റ് സമ്മേളനം നേരത്തെയാക്കാനാകുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. അടുത്ത വർഷം ബജറ്റ് സമ്മേളനം ജനുവരിയിൽ നടത്തുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി നേരത്തേ റിപ്പോർട്ടുകൾ വന്നിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.