വന്ധ്യതാ ചികിത്സയ്ക്കും ബീജബാങ്കുകൾക്കും നിയന്ത്രണം വരുന്നു
Saturday, August 27, 2016 12:05 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: വാണിജ്യാടിസ്‌ഥാനത്തിലുള്ള വാടക ഗർഭധാരണത്തിനു കർശന വിലക്കേർപ്പെടുത്താനുള്ള കരടു ബില്ലിന് അംഗീകാരം നൽകിയതിനു പിന്നാലെ രാജ്യത്ത് വന്ധ്യതാ ചികിത്സയ്ക്കും ബീജബാങ്കുകൾക്കും കേന്ദ്ര സർക്കാർ നിയന്ത്രണമേർപ്പെടുത്തുന്നു. ഐവിഎഫ് ക്ലിനിക്കുകൾക്കും ബീജബാങ്കുകൾക്കും ഭ്രൂണകൈമാറ്റത്തിനും കർശന നിയന്ത്രണമേർപ്പെടുത്താനുള്ള തയാറെടുപ്പിലാണു കേന്ദ്ര ആരോഗ്യമന്ത്രാലയം.

വന്ധ്യതാ ക്ലിനിക്കുകൾ രാജ്യത്തു വാണിജ്യാടിസ്‌ഥാനത്തിൽ കൂണുപോലെ ഉയർന്നു വരുകയാണെന്നാണ് കേന്ദ്രത്തിന്റെ നിരീക്ഷണം. വാടക ഗർഭപാത്രവും വന്ധ്യതാ ചികിത്സയും ഉൾപ്പെടെ ഏകദേശം 3000 കോടി രൂപയുടെ വ്യവസായമാണു ഈ രംഗത്തു നടക്കുന്നത്. ഇതിനു കർശന നിയന്ത്രണം ഏർപ്പെടുത്താനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നത്. രാജ്യത്ത് ഒരു നിയന്ത്രണവുമില്ലാതെ വന്ധ്യതാ ക്ലിനിക്കുകൾ പെരുകുകയാണെന്നും ഇതിനു നിയന്ത്രണം ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും കേന്ദ്ര ആരോഗ്യ ഗവേഷണ വിഭാഗത്തിലെ സെക്രട്ടറി ഡോ. സൗമ്യ സ്വാമിനാഥൻ പറയുന്നു.


ഇത്തരം ക്ലിനിക്കുകളുടെ നിയന്ത്രണത്തിനായി കേന്ദ്രം എആർടി (അസിസ്റ്റഡ് റീപ്രൊഡക്ടീവ് ടെക്നോളജി) ബിൽ കൊണ്ടുവരുമെന്നാണു പ്രതീക്ഷ. ബീജദാനത്തിനും ഭ്രൂണകൈമാറ്റത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തുന്ന വ്യവസ്‌ഥകളാകും ബില്ലിൽ പ്രധാനമായും ഉൾക്കൊള്ളിക്കുക. വന്ധ്യതാ ചികിത്സയ്ക്കുള്ള ചെലവുകൾ നിജപ്പെടുത്തിപ്പെടുത്തിക്കൊണ്ടുള്ള വ്യവസ്‌ഥയും ബില്ലിൽ ഉണ്ടാകും. ബില്ലിന്റെ കരടു രൂപം ഉടൻതന്നെ പ്രസിദ്ധപ്പെടുത്തുമെന്നാണു വിവരം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.