സക്കീർ നായിക്കിനെതിരേ കേസെടുത്തേക്കും
സക്കീർ നായിക്കിനെതിരേ കേസെടുത്തേക്കും
Saturday, August 27, 2016 11:11 AM IST
<ആ>സ്വന്തം ലേഖകൻ

ന്യുഡൽഹി: വിവാദ പ്രഭാഷകൻ ഡോ. സക്കീർ നായിക്കിനെതിരേ യുഎപിഎ വകുപ്പുകൾ ചുമത്തി കേന്ദ്രസർക്കാർ കേസെടുക്കുമെന്നു സൂചന. സക്കീർ നായികിന്റെ സന്നദ്ധസംഘടന ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെ നിരോധിക്കാനും നീക്കമുണ്ട്. സക്കീർ നായിക്കിന്റെ പ്രസംഗങ്ങളും ടിവി ഷോകളും തീവ്രവാദത്തിനു പ്രേരണ നൽകിയെന്നും സംവാദങ്ങൾ സംഘടിപ്പിച്ചതു വഴി ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷൻ മതങ്ങൾ തമ്മിൽ സ്പർധ വളർത്താൻ ശ്രമിച്ചുവെന്നുമുള്ള കുറ്റം ചുമത്താനാണു നീക്കം. ഇപ്പോൾ വിദേശത്തുള്ള നായിക് വിവിധ ആഫ്രിക്കൻ രാജ്യങ്ങളിൽ പ്രഭാഷണപര്യടനത്തിലാണ്.

ധാക്കയിൽ ഭീകരാക്രമണം നടത്തിയവർക്കു പ്രചോദനമായതു സക്കീർ നായിക്കാണെന്ന് ബംഗ്ലാദേശിലെ ഒരു പത്രത്തിൽ വന്ന വാർത്തയെത്തുടർന്നാണ് കേന്ദ്രവും മഹാരാഷ്ട്ര സർക്കാറും സക്കീർ നായികിനെതിരെ തിരിഞ്ഞത്.

പത്രം വാർത്ത തിരുത്തിയെങ്കിലും കേന്ദ്ര രഹസ്യാന്വേഷണ ഏജൻസികളും മഹാരാഷ്ട്ര പോലീസും ഇദ്ദേഹത്തിനെതിരായ അന്വേഷണം തുടർന്നു. സക്കീർ നായിക്കിനും ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനുമെതിരെ കേസെടുക്കാമെന്നു കാണിച്ച് മഹാരാഷ്ട്ര പോലീസ് ഈയിടെ കേന്ദ്രത്തിന് കത്തെഴുതിയിരുന്നു.


കേരളത്തിൽനിന്ന് ഏതാനും പേരെ ദുരൂഹ സാഹചര്യത്തിൽ കാണാതായ കേസിൽ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനിലെ അർഷി ഖുറേഷി, റിസ്വാൻ ഖാൻ എന്നിവരെ നിർബന്ധിത മതപരിവർത്തനം തുടങ്ങിയ വകുപ്പുകൾ ചുമത്തി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. അർഷി ഖുറേഷി, റിസ്വാൻ ഖാൻ എന്നിവരുടെ അറസ്റ്റും സക്കീർ നായിക്കിനെതിരായ തെളിവായി മാറും. 2006ൽ ഔറംഗാബാദിൽ ആയുധങ്ങളുമായി പിടിയിലായ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനിലെ മുൻ ജീവനക്കാരനായ ഫിറോസ് ദേശ്മുഖുമായുള്ള ബന്ധവും സക്കീർ നായികിനെതിരായ തെളിവായി ഉപയോഗിക്കും. ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷന്റെ കേന്ദ്ര ആസ്‌ഥാനം മുംബൈയാണ്.

കേരളത്തിലെ ഇ –മെയിൽ ചോർത്തൽ കേസുമായി ബന്ധപ്പെട്ട കേസിലെ പ്രതി ബിജു സലിം, 2015ൽ ഐഎസ് ബന്ധം സംശയിച്ച് യുഎഇയിൽനിന്ന് ഇന്ത്യയിലേക്കു നാടുകടത്തപ്പെട്ട അഫ്ഷ ജബീൻ, ഐഎസ് ബന്ധം ആരോപിച്ച് എൻഐഎ അറസ്റ്റ് ചെയ്ത മുബശിർ ശൈഖ്, മുഹമ്മദ് ഉബൈദുല്ല ഖാൻ, എന്നിവരുടേതാണ് മൊഴികൾ. തങ്ങൾക്കു പ്രചോദനമായത് സക്കീർ നായിക്കിന്റെ പ്രഭാഷണങ്ങളും ടിവി ഷോകളുമാണെന്ന് ഇവർ മൊഴി നൽകിയിട്ടുണ്ടെന്നാണ് പോലീസ് ചൂണ്ടിക്കാട്ടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.