മൃതദേഹത്തിന്റെ കാലും കൈയും ചവിട്ടിയൊടിച്ചു മുളംകമ്പിൽ കെട്ടി ചുമന്നുകൊണ്ടുപോയി
മൃതദേഹത്തിന്റെ കാലും കൈയും ചവിട്ടിയൊടിച്ചു മുളംകമ്പിൽ കെട്ടി ചുമന്നുകൊണ്ടുപോയി
Friday, August 26, 2016 1:06 PM IST
ബാലസോർ: ട്രെയിൻ തട്ടി മരിച്ച സ്ത്രീയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലെത്തിക്കാൻ കാലും കൈയും ചവിട്ടിയൊടിച്ചു മുളംകമ്പിൽ കെട്ടി ചുമന്നുകൊണ്ടുപോയി. ഒഡീഷയിലെ ദരിദ്ര പ്രദേശങ്ങളിലൊന്നായ ബാലസോർ ജില്ലയിലെ സോറോ പട്ടണത്തിലെ കമ്യൂണിറ്റി സെന്ററിലാണു സംഭവം. ട്രെയിനിടിച്ചു മരിച്ച സലാമണി ബാരിക് എന്ന 76 കാരിയായ വിധവയുടെ മൃതദേഹത്തോടാണ് തൊഴിലാളികൾ അനാദരവ് കാട്ടിയത്. ആംബുലൻസ് ഇല്ലാത്തതിനാൽ ആശുപത്രിയിലെ ശുചീകരണ തൊഴിലാളികൾ രണ്ടായി ഒടിച്ച് പൊതിഞ്ഞുകെട്ടി റെയിൽവേ സ്റ്റേഷനിലേക്കു കൊണ്ടുപോകുകയാണുണ്ടായത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി 30 കിലോമീറ്റർ അകലെ നഗരത്തിലേക്ക് കൊണ്ടുപോകണമായിരുന്നു. സോറോ കമ്മ്യൂണിറ്റി സെന്ററിൽ ആംബുലൻസ് സൗകര്യമില്ലായിരുന്നു. രണ്ടു കിലോമീറ്റർ അകലെയുള്ള റെയിൽവേ സ്റ്റേഷനിൽ എത്തിച്ച് ട്രെയിൻ വഴി ആശുപത്രിയിൽ എത്തിക്കാനായിരുന്നു തീരുമാനം. മൃതദേഹം റെയിൽവേ സ്റ്റേഷനിലെത്തിക്കാൻ റെയിൽവേ പോലീസ് ഹെൽത്ത് സെന്ററിലെ ശുചീകരണ തൊഴിലാളികളെ ചുമതലപ്പെടുത്തുകയും ചെയ്തു. മരിച്ചിട്ട് ഏറെ സമയമായതിനാൽ ശവശരീരം ദൃഢമായി. മൃതദേഹം ചുമന്നുകൊണ്ടുപോകുക എളുപ്പമല്ലാതായത്. മൃതദേഹം ചുമക്കുന്നതിനുള്ള സൗകര്യത്തിന് വേണ്ടി ഇടുപ്പുഭാഗത്തുനിന്ന് ചവിട്ടി ഒടിച്ച് രണ്ടായി മടക്കി പ്ലാസ്റ്റിക് കവറിൽ പൊതിയുകയായിരുന്നു. പൊതിഞ്ഞുകെട്ടിയ മൃതദേഹം മുളയിൽ കെട്ടി രണ്ടുപേർ ചുമന്ന് നിരത്തിലൂടെ പോകുന്ന ദൃശ്യങ്ങളാണ് ചാനലിലൂടെ പുറത്തുവന്നിരിക്കുന്നത്.


സംഭവത്തിൽ പ്രതിഷേധം ശക്‌തമായതോടെ സംസ്‌ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി നിർദേശം നല്കി. സംഭവത്തെക്കുറിച്ച് ഒഡീഷ മനുഷ്യാവകാശ കമ്മീഷൻ ബാലസോർ ജില്ലാ അധികൃതരോടും റെയിൽവേ പോലീസിനോടും വിശദീകരണം തേടി. മൃതദേഹത്തോട് അനാദരവ് കാണിക്കുന്നത് കണ്ടുനിൽക്കാനേ കഴിഞ്ഞുള്ളൂയെന്നു മരിച്ച സ്ത്രീയുടെ മകൻ രബീന്ദ്ര ബാരിക് പറഞ്ഞു.

ആംബുലൻസ് വിളിക്കാൻ പണം ഇല്ലാത്തതിനാൽ പത്തു കിലോമീറ്ററോളം ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി നടക്കേണ്ടി വന്ന ദനാ മാഝിയുടെയും മകളുടെയും വാർത്തകൾ പുറത്തുവന്നതിനു പുറമേയാണു ഞെട്ടിക്കുന്ന മറ്റൊരു വാർത്തകൂടി ഒഡീഷയിൽനിന്നു വന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.