ലുക്കില്ലെന്നു പറഞ്ഞു ജെറ്റ് തള്ളി, പിന്നെയെല്ലാം ചരിത്രമെന്നു സ്മൃതി ഇറാനി
ലുക്കില്ലെന്നു പറഞ്ഞു ജെറ്റ് തള്ളി, പിന്നെയെല്ലാം ചരിത്രമെന്നു സ്മൃതി ഇറാനി
Thursday, August 25, 2016 1:22 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: “‘ആദ്യമായി ഞാൻ അപേക്ഷിച്ച ജോലികളിലൊന്ന് ജെറ്റ് എയർവേയ്സിന്റെ കാബിൻ ക്രൂ അംഗമാകാനുള്ളതായിരുന്നു എന്ന് എത്രപേർക്ക് അറിയാമെന്ന് എനിക്കറിയില്ല. എന്റെ അപേക്ഷ ജെറ്റ് എയർവേയ്സ് തള്ളി. എനിക്കു മികച്ച വ്യക്‌തിത്വമില്ലെന്നു പറഞ്ഞാണ് അപേക്ഷ നിരസിച്ചത്. അതിനു ദൈവത്തോട് നന്ദി. അതിനുശേഷം എനിക്ക് മക്ഡൊണാൾഡ്സിൽ ജോലി ലഭിച്ചു. പിന്നെയുള്ളതു ചരിത്രം’.

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടേതാണ് വെളിപ്പെടുത്തൽ. എയർ പാസഞ്ചേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്ത്രി. പരിപാടിയിൽ മന്ത്രിയായല്ല, യാത്രക്കാരി എന്ന നിലയിലാണ് പങ്കെടുക്കുന്നതെന്നും സ്മൃതി പറഞ്ഞു.

മോഡലും നടിയുമായിരുന്ന സ്മൃതി 38–ാം വയസിലാണ് നരേന്ദ്ര മോദി മന്ത്രിസഭയിൽ കാബിനറ്റ് മന്ത്രിയായി ചുമതലയേൽക്കുന്നത്. മാനവ വിഭവശേഷി മന്ത്രിയായിരുന്ന സ്മൃതി ഇറാനിയെ അടുത്തിടെ നടന്ന മന്ത്രസഭാ പുനഃസംഘടനയിൽ ടെക്സ്റ്റൈൽസ് വകുപ്പിന്റെ ചുമതല നൽകിയിരുന്നു. രണ്ടു വർഷം മുമ്പു തന്റെ സ്‌ഥിരം ജ്യോത്സ്യന്റെ അടുത്തു പോയ മന്ത്രിയോട് അഞ്ചു വർഷത്തിനുള്ളിൽ രാഷ്ട്രപതിയാകാനുള്ള ഭാഗ്യരേഖ കൈയിലുണ്ടെന്നായിരുന്ന ജ്യോത്സ്യൻ പണ്ഡിറ്റ് നാഥുലാൽ വ്യാസ് പറഞ്ഞത്.


മന്ത്രിപദത്തിലെത്തിയ ഉടൻ വിദ്യാഭ്യാസയോഗ്യതയുടെ കാര്യത്തിൽ വിവാദങ്ങളുയർത്തിയ സ്മൃതി ഇറാനി ജ്യോത്സ്യനെ കണ്ട വിവരം പുറത്തു വന്നതിനു പിന്നാലെ വിവാദങ്ങളും ഉയർന്നിരുന്നു.

നരേന്ദ്ര മോദി മന്ത്രിസഭയിൽ അംഗമാകുന്നതിനു മുമ്പു തന്നെ സ്മൃതി മന്ത്രി പദവിയിലെത്തുമെന്നു ഈ ജ്യോത്സ്യൻ പ്രവചിച്ചിരുന്നത്രേ. ജ്യോത്സ്യനെ കണ്ടതിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്കു മാധ്യമങ്ങൾ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അന്വേഷിക്കാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടെന്നായിരുന്നു അന്നു മന്ത്രി നൽകിയ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.