തെരുവുനായ്ക്കളെ കൊല്ലരുതെന്ന നിലപാടുമായി ദേശീയ മൃഗക്ഷേമ ബോർഡ്
തെരുവുനായ്ക്കളെ കൊല്ലരുതെന്ന നിലപാടുമായി ദേശീയ മൃഗക്ഷേമ ബോർഡ്
Wednesday, August 24, 2016 2:02 PM IST
ന്യൂഡൽഹി: തെരുവുനായ്ക്കളെ കൊല്ലാനുള്ള സംസ്‌ഥാന സർക്കാർ തീരുമാനത്തിനെതിരേ ദേശീയ മൃഗക്ഷേമ ബോർഡ്. സർക്കാർ നടപടി നിയമവിരുദ്ധവും സുപ്രീം കോടതി ഉത്തരവിന്റെ ലംഘനവുമാണെന്നു ബോർഡ് ചെയർമാൻ മേജർ ജനറൽ ഡോ. ആർ.എം. ഖർബ് പറഞ്ഞു.

തീരുമാനം ഉടൻ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സംസ്‌ഥാന സർക്കാരിന് നോട്ടീസ് അയയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു. കോടതിയെ സമീപിക്കുന്ന കാര്യം അഭിഭാഷകരുമായി കൂടിയാലോചിച്ചു തീരുമാനിക്കും.

തെരുവുനായ്ക്കളെ മരുന്നു കുത്തിവച്ച് കൊല്ലാനുള്ള സർക്കാർ തീരുമാനം മൃഗങ്ങളുടെ പ്രജനന നിയന്ത്രണ ചട്ടത്തിന്റെയും ചട്ടം കർശനമായി നടപ്പാക്കണമെന്ന നിർദേശിച്ച സുപ്രീംകോടതി ഉത്തരവിന്റെയും ലംഘനമാണ്. ചട്ടമനുസരിച്ച് ഭേദമാവാത്ത രോഗം ബാധിച്ചതും അതീവ ഗുരുതരമായി പരിക്കേറ്റതുമായ നായ്ക്കളെ മാത്രമേ കൊല്ലാൻ പാടുള്ളൂ.


അതിനു മാനദണ്ഡങ്ങൾ പാലിക്കേണ്ടതുമുണ്ട്. കേരളത്തിൽ ചട്ടങ്ങൾ ലംഘിച്ചുള്ള നടപടി പിൻവലക്കണമെന്ന് ആവശ്യപ്പെട്ട് ഉപദേശ സ്വഭാവമുള്ള നോട്ടീസ് ആണ് ആദ്യം അയയ്ക്കുകയെന്നും ഖർബ് പറഞ്ഞു.

അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലാൻ തദ്ദേശസ്വയംഭരണ സ്‌ഥാപനങ്ങൾക്കു ഉത്തരവു നൽകുമെന്നു മന്ത്രി കെ.ടി. ജലീൽ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.