അന്തർവാഹിനി: ഗുരുതര വീഴ്ചയെന്നു കോൺഗ്രസ്
അന്തർവാഹിനി: ഗുരുതര വീഴ്ചയെന്നു കോൺഗ്രസ്
Wednesday, August 24, 2016 1:51 PM IST
ന്യൂഡൽഹി: സ്കോർപീൻ അന്തർവാഹിനിയുടെ രഹസ്യവിവരങ്ങൾ ചോർന്നതു രാജ്യത്തിന്റെ ദേശീയ സുരക്ഷയിലുള്ള ഗുരുതരമായ വീഴ്ചയാണെന്നു കോൺഗ്രസ്. സംഭവത്തിൽ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷൽ അന്വേഷണം ആവശ്യപ്പെട്ട കോൺഗ്രസ്, സംഭവം മൂടിവയ്ക്കാൻ കേന്ദ്രമന്ത്രി പരീക്കർ ശ്രമിക്കുകയാണെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

രാജ്യത്തെ ഞെട്ടിച്ച അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയിൽ പ്രതിരോധമന്ത്രി മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഉത്തരവാദിയാണെന്ന് എഐസിസി വക്‌താവ് രൺദീപ് സുർജെവാല ആരോപിച്ചു.

സുപ്രധാന വിവരങ്ങൾ ചോർന്ന സംഭവത്തിൽ കേന്ദ്ര സർക്കാർ വിശദീകരണം നൽകണം. ഇക്കാര്യത്തിൽ കുറ്റക്കാർക്കെതിരേ കർശന നടപടി സ്വീകരിക്കണം. രാജ്യത്തിന്റെ സുരക്ഷയ്ക്ക് വലിയ ഭീഷണിയുണ്ടാക്കുന്ന സംഭവമാണ് നടന്നിരിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് മനു അഭിഷേക് സിംഗ്വി കുറ്റപ്പെടുത്തി.


<ആ>ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണം: ആന്റണി

ന്യൂഡൽഹി: സ്കോർപീൻ അന്തർവാഹിനിയുടെ രഹസ്യ വിവരങ്ങൾ ചോർന്ന സംഭവത്തിൽ കേന്ദ്ര സർക്കാർ ഉന്നതതല അന്വേഷണം പ്രഖ്യാപിക്കണമെന്ന് മുൻ പ്രതിരോധമന്ത്രി എ.കെ. ആന്റണി. സംഭവം ശരിയാണെങ്കിൽ അതീവ ഗുരുതരവും രാജ്യത്തിന്റെ സുരക്ഷയെ ബാധിക്കുന്നതുമാണ്. വാർത്തയുടെ സത്യാവസ്‌ഥയെക്കുറിച്ചു രാജ്യത്തെ അറിയിക്കാൻ സർക്കാരിനു ബാധ്യതയുണ്ടെന്ന് ആന്റണി പറഞ്ഞു.

ഇന്ത്യയിലല്ല, ലോകത്തിന്റെ ഏതുകോണിലാണെങ്കിലും ഇന്ത്യൻ പ്രതിരോധ രഹസ്യങ്ങൾ ചോർന്നിട്ടുണ്ടെങ്കിൽ അത് ഗൗരവമുള്ള കാര്യം തന്നെയാണെന്നും ആന്റണി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.