ബിജെപി സംസ്‌ഥാന ഘടകത്തിൽ അമിത് ഷാ നേരിട്ട് ഇടപെടുന്നു
ബിജെപി സംസ്‌ഥാന ഘടകത്തിൽ അമിത് ഷാ നേരിട്ട് ഇടപെടുന്നു
Wednesday, August 24, 2016 1:51 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബിജെപി സംസ്‌ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനെതിരേ ചില നേതാക്കൾ കലാപം ശക്‌തമാക്കിയതിനു പിന്നാലെ സംസ്‌ഥാന ഘടകത്തിന്റെ നിയന്ത്രണം പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷാ നേരിട്ട് ഏറ്റെടുക്കുന്നു. സംസ്‌ഥാന കോർ കമ്മിറ്റി യോഗം എല്ലാ മാസവും ചേർന്ന് മിനിട്സ് നേരിട്ട് തനിക്കു കൈമാറണമെന്നു സംസ്‌ഥാന ഘടകത്തോടു നിർദേശിച്ച അമിത് ഷാ, സംഘടനാ കാര്യങ്ങളിൽ പ്രത്യേകം റിപ്പോർട്ട് നൽകാൻ സംസ്‌ഥാന ജനറൽ സെക്രട്ടറിമാരോടും നിർദേശിച്ചു. മറ്റ് എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കിൽ തന്നെ സമീപിച്ചാൽ മതിയെന്നും വിമത നേതാക്കളോടു ദേശീയ അധ്യക്ഷൻ നിർദേശിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച നടന്ന ദേശീയ കോർ കമ്മിറ്റി യോഗത്തിനിടെ കേരളം, തമിഴ്നാട്, കർണാടക, ആന്ധ്ര, തെലുങ്കാന സംസ്‌ഥാനങ്ങളുടെ പ്രത്യേക യോഗം ചേർന്നാണ് പ്രശ്നങ്ങളിൽ താൻ നേരിട്ട് ഇടപെടുമെന്ന് അമിത് ഷാ വ്യക്‌തമാക്കിയത്. സംസ്‌ഥാന അധ്യക്ഷനായ കുമ്മനം രാജശേഖരൻ ചുമതലയേറ്റതിനുശേഷം തങ്ങൾ തഴയപ്പെടുകയാണെന്നു കേരള ഘടകത്തിലെ പ്രബല ഗ്രൂപ്പുകളായ മുരളീധരൻ, കൃഷ്ണദാസ് വിഭാഗങ്ങൾ ദേശീയ അധ്യക്ഷനു പരാതി നൽകിയിരുന്നു. മണ്ഡല കമ്മിറ്റികളുടെയും ജില്ലാ കമ്മിറ്റികളുടെയും അധ്യക്ഷന്മാരെ നിയമിക്കുന്നതിൽ മുതിർന്ന നേതാക്കളുടെ അഭിപ്രായം തേടാതെ കുമ്മനം ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുകയാണെന്നാണു നേതാക്കളുടെ ആരോപണം. ഇതിന്റെ പശ്ചാത്തലത്തിലാണ് അമിത് ഷായുടെ നേരിട്ടുള്ള ഇടപെടൽ.


കേരളം അടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്‌ഥാനങ്ങളിൽ പാർട്ടി സജീവമായി വേരുറപ്പിക്കുന്ന സന്ദർഭത്തിൽ സംസ്‌ഥാന ഘടകത്തിലുള്ള ആഭ്യന്തര കലാപം തിരിച്ചടിയുണ്ടാക്കുമെന്നാണു ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ പദവിയിൽ നിന്ന് ഒഴിവാക്കിയവരെപ്പോലും ചുമതലയിൽനിന്നു മാറ്റിനിർത്തേണ്ടെന്നാണ് അമിത് ഷാ സംസ്‌ഥാന നേതാക്കളോടു നിർദേശിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.