കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ പിഴപ്പലിശ കേന്ദ്രം ഇളവു ചെയ്യും
Wednesday, August 24, 2016 1:29 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: കൊച്ചിൻ പോർട്ട് ട്രസ്റ്റ് കേന്ദ്ര സർക്കാരിൽ നിന്നെടുത്ത വായ്പകളിൻമേലുള്ള പിഴപ്പലിശ ഇളവ് ചെയ്തു നൽകാൻ സാമ്പത്തിക കാര്യങ്ങൾക്കുള്ള മന്ത്രിസഭാ സമിതി യോഗം തീരുമാനിച്ചു. 897.23 കോടി രൂപയുടെ പിഴപ്പലിശയാണ് ഇളവ് ചെയ്തു നൽകുന്നത്. 2016 മാർച്ച് 31 വരെയെടുത്ത വായ്പയും അതിൻമേലുള്ള പലിശയും പിഴപ്പലിശയും അടക്കമുള്ള 557.16 കോടി രൂപയുടെ ബാധ്യത മരവിപ്പിക്കാനും സമിതി അനുമതി നൽകി. 2018–19 മുതൽ ആരംഭിക്കേണ്ട വായ്പാ തിരിച്ചടവ് പുനക്രമീകരിക്കാനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം അനുമതി നൽകി.

കേന്ദ്ര സർക്കാരിൽ നിന്നെടുത്ത വായ്പ, അതിന്റെ പലിശ, തിരിച്ചടവ് മുടങ്ങിയ വകയിലുള്ള പിഴപ്പലിശ എന്നിവയടക്കം 557.16 കോടിയുടെ ബാധ്യതയാണ് തത്കാലം മരവിപ്പിക്കുന്നത്. ഈ തുക 2018–19 മുതൽ പത്തു വർഷം കൊണ്ട് തിരിച്ചടച്ചാൽ മതിയെന്നും കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു.

വിവിധ വികസന പ്രവർത്തനങ്ങൾക്കായി 1936–37 കാലഘട്ടത്തിനും 1994–95 കാലഘട്ടത്തിനും ഇടയിൽ 168.15 കോടി രൂപ തുറമുഖ ട്രസ്റ്റ് കേന്ദ്ര ഗവൺമെന്റിൽ നിന്നു വായ്പയെടുത്തിരുന്നു. ഈ വായ്പകൾ തിരിച്ചടക്കാത്തതിനെ തുടർന്ന് 914.80 കോടി രൂപയുടെ പിഴപ്പലിശ ചുമത്തി. സാമ്പത്തിക സ്‌ഥിതി മെച്ചപ്പെടുത്താൻ കൊച്ചി തുറമുഖ ട്രസ്റ്റ് കൈക്കൊണ്ട നിരവധി നടപടികളുടെ പശ്ചാത്തലത്തിലാണ് ഇളവ് നൽകാൻ തീരുമാനിച്ചത്.


സാമ്പത്തിക നിയന്ത്രണങ്ങളുടെ ഭാഗമായി നിയമനങ്ങളും പുതിയ വാഹനങ്ങൾ വാങ്ങുന്നതും നിരോധിച്ചു. ജീവനക്കാരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത മരവിപ്പിച്ചിട്ടുണ്ട്. യാത്രാപ്പടി, വിനോദയാത്രാപ്പടി, അവധിക്കു പകരം പണം നൽകൽ എന്നിവ നിർത്തലാക്കി. യൂണിഫോം അലവൻസ് കുറച്ചു. പ്രവർത്തനമില്ലാത്ത മേഖലകളിൽ ജോലിക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്തി. സാമ്പത്തിക നിയന്ത്രണങ്ങളുടെ ഫലമായി ഏതാനും വർഷങ്ങൾക്കുള്ളിൽ കടബാധ്യതകൾ നിറവേറ്റാൻ കൊച്ചിൻ തുറമുഖത്തിനു കഴിയുമെന്നും കേന്ദ്രസർക്കാർ വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.