കപ്പൽ മുങ്ങിയതിനെത്തുടർന്നു പാരിസ്‌ഥിതിക നാശം: ഷിപ്പിംഗ് കമ്പനിക്കു നൂറു കോടി രൂപ പിഴ
Tuesday, August 23, 2016 12:18 PM IST
ന്യൂഡൽഹി: മുംബൈ തീരത്ത് ചരക്കുകപ്പൽ മുങ്ങി എണ്ണ പടർന്നതിനെത്തുടർന്നുണ്ടായ പാരിസ്‌ഥിതിക പ്രശ്നങ്ങൾക്കു വിദേശ ഷിപ്പിംഗ് കമ്പനി 100 കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്നു ദേശീയ ഹരിത ട്രൈബ്യൂണൽ. മുങ്ങിയ കപ്പലിലുണ്ടായിരുന്ന കൽക്കരി കടലിന്റെ അടിത്തട്ടിൽ വ്യാപിച്ചതിന്റെ പേരിൽ ഗുജറാത്തിലെ അദാനി ഗ്രൂപ്പിന് അഞ്ചുകോടി രൂപ പിഴയും ട്രൈബ്യൂണൽ വിധിച്ചു.

അദാനി ഗ്രൂപ്പിനുവേണ്ടി കൽക്കരി കൊണ്ടുവന്ന എം.വി. റാക് എന്ന കപ്പൽ മുങ്ങിയതിന്റെ പേരിലാണു പാനമയിലെ ഡൽറ്റ ഷിപ്പിംഗ് മറൈൻ സർവീസ്, ഖത്തർ ആസ്‌ഥാനമായ ഉപകമ്പനികളായ ഡെൽറ്റ നാവിഗേഷൻ, ഡൽറ്റ ഗ്രൂപ്പ് ഇന്റർനാഷണൽ എന്നീ കമ്പനികൾക്കു പിഴശിക്ഷ.

കടലിന്റെ അടിത്തട്ടിൽ 60,054 ടൺ കൽക്കരി തള്ളി പാരിസ്‌ഥിതികനാശം വരുത്തിയതിന്റെ പേരിലാണ് അദാനി എന്റർപ്രൈസസിന് അഞ്ചു കോടി രൂപ പിഴ ചുമത്തിയത്. ചെയർമാൻ സ്വതന്തർകുമാർ അധ്യക്ഷനായ ബെഞ്ചിൽ ജുഡീഷൽ അംഗമായ യു.ഡി. സാൽവി, വിദഗ്ധസമിതിയംഗങ്ങളായ എ.ആർ. യൂസഫ്, രഞ്ജൻ ചാറ്റർജി എന്നിവരുമുണ്ടായിരുന്നു. മുങ്ങിയ കപ്പലിന്റെ അവശിഷ്‌ടങ്ങൾ നീക്കം ചെയ്യുന്നതു സംബന്ധിച്ച വിശദമായ പഠനത്തിനു പ്രത്യേകസമിതിയെയും ട്രൈബ്യൂണൽ നിയോഗിച്ചു.


മുംബൈയിലെ പരിസ്‌ഥിതിപ്രവർത്തകനായ സമീർ മേത്ത നൽകിയ പരാതിയിലാണു നടപടികൾ. ഇന്തോനേഷ്യയിൽനിന്നു ഗുജറാത്തിലെ ദാഹെജിലേക്കു വരികയായിരുന്ന കപ്പൽ 2011 ഓഗസ്റ്റ് നാലിനാണു മുംബൈ തീരത്തിന് 20 നോട്ടിക്കൽ മൈൽ അകലെ അപകടത്തിൽപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.