പാക് അനുകൂല പരാമർശത്തിന്റെ പേരിൽ മാപ്പ് പറയില്ലെന്ന് രമ്യ
പാക് അനുകൂല പരാമർശത്തിന്റെ പേരിൽ മാപ്പ് പറയില്ലെന്ന് രമ്യ
Tuesday, August 23, 2016 3:01 AM IST
ബംഗളൂരു: പാക്കിസ്‌ഥാൻ അനുകൂല പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് മുൻ എംപിയും സിനിമാ താരവുമായ രമ്യയ്ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ ഹർജി. കുടക് കോടതിയിലാണ് രമ്യയ്ക്കെതിരേ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകൻ ഹർജി സമർപ്പിച്ചിരിക്കുന്നത്. ഹർജി ഫയലിൽ സ്വീകരിച്ച കോടതി ശനിയാഴ്ച പരിഗണിക്കുമെന്ന് അറിയിച്ചു.

അതേസമയം പരാമർശത്തിന്റെ പേരിൽ മാപ്പ് പറയില്ലെന്ന് രമ്യ വ്യക്‌തമാക്കി. രാജ്യദ്രോഹക്കുറ്റം രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ എങ്ങനെ ഉപയോഗിക്കാം എന്നതിന് തെളിവാണ് തനിക്കെതിരേയുള്ള നടപടികളെന്ന് അവർ പറഞ്ഞു. താൻ തെറ്റായ ഒരു പരാമർശവും നടത്തിയിട്ടില്ല. തന്റെ അഭിപ്രായമാണ് വിഷയത്തിൽ പറഞ്ഞതെന്നും അതല്ലേ ജനാധിപത്യമെന്നും രമ്യ ചോദിച്ചു.


കാഷ്മീർ വിഷയത്തിന്റെ പേരിൽ കഴിഞ്ഞ ദിവസം കർണാടകയിൽ ആംനെസ്റ്റി ഇന്റർനാഷണൽ നടത്തിയ പരിപാടിക്കിടെ ‘സ്വാതന്ത്ര്യം’ എന്ന് മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പോലീസ് കേസെടുത്തിരുന്നു. ഇതിനെതിരേ കർണാടകയിലെ കോൺഗ്രസ് സർക്കാരിനെതിരേ വിമർശനം ഉയർന്നിരുന്നു.

പ്രതിരോധമന്ത്രി മനോഹർ പരീക്കർ പാക്കിസ്‌ഥാനെ നരകം എന്ന് വിശേഷിപ്പിച്ചതിനെതിരേയാണ് രമ്യ രംഗത്തുവന്നത്. പാക്കിസ്‌ഥാൻ നരകമല്ലെന്നും അവിടുത്തെ പൗരന്മാരും നമ്മളെ പോലുള്ളവരാണെന്നുമായിരുന്നു രമ്യയുടെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.