ഐടി ജീവനക്കാരിയുടെ വധം: രണ്ടു പേർക്കു വധശിക്ഷ
ഐടി ജീവനക്കാരിയുടെ വധം: രണ്ടു പേർക്കു വധശിക്ഷ
Monday, August 22, 2016 12:42 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹിയിൽ ഐടി ജീവനക്കാരിയായ ജിഗിഷ ഘോഷിനെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ കേസിൽ രണ്ട് പ്രതികൾക്കു വധശിക്ഷ. ഒരാൾക്കു ജീവപര്യന്തം തടവും ഡൽഹി കോടതി വിധിച്ചു. രവി കപൂർ, അമിത് ശുക്ല എന്നിവർക്കു വധശിക്ഷയും ബൽജീത് മാലിക്കിനു ജീവപര്യന്തവുമാണു ലഭിച്ചത്.

കൊലപാതകം, തട്ടിക്കൊണ്ടു പോകൽ തുടങ്ങി പ്രോസിക്യൂഷൻ ആരോപിച്ച കുറ്റങ്ങൾ സംശയാതീതമായി തെളിഞ്ഞതായി അഡീഷണൽ സെഷൻസ് ജഡ്ജി സന്ദീപ് യാദവ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.

മാനേജ്മെന്റ് കൺസൾട്ടൻസിയിൽ ഓപ്പറേഷണൽ മാനേജരായിരുന്ന ജിഗിഷ ഓഫീസിൽ നിന്നു സൗത്ത് ഡൽഹിയിലുള്ള വസതിയിലേക്കു പോകുന്നതിനിടെയാണ് 2009 മാർച്ച് 18ന് മൂന്നു പേരും ചേർന്നു തട്ടിക്കൊണ്ടു പോയത്.

മൂന്നു ദിവസത്തിനുശേഷം ഹരിയാനയിലെ സൂരജ് കുണ്ഡ് മേഖലയിൽ നിന്നു മൃതദേഹം കണ്ടെത്തി. പ്രതികൾ ജിഗിഷയെ തോക്കു ചൂണ്ടി തട്ടിക്കൊണ്ടുപോകുകയും സ്വർണവും മൊബൈൽ ഫോണും എടിഎം കാർഡും തട്ടിയെടുത്തശേഷം കൊലപ്പെടുത്തുകയുമായിരുന്നു.


ജിഗിഷയുടെ എടിഎം കാർഡ് ഉപയോഗിച്ചു പണം പിൻവലിക്കുകയും പ്രമുഖ കടകളിൽ നിന്നു സാധനങ്ങൾ വാങ്ങുകയും ചെയ്തതിനെത്തുടർന്നാണ് പ്രതികളെക്കുറിച്ച് പോലീസിനു സൂചന ലഭിച്ചത്. കൂടുതൽ ചോദ്യം ചെയ്തതോടെ 2008 സെപ്റ്റംബർ 30നു മലയാളി മാധ്യമ പ്രവർത്തക സൗമ്യ വിശ്വനാഥിനെ കൊലപ്പെടുത്തിയതും ഇവരാണെന്നു പോലീസ് കണ്ടെത്തിയിരുന്നു.

മൂന്നു പ്രതികൾക്കും വധശിക്ഷ വിധിക്കണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്. യുവതിയെ കൊലപ്പെടുത്തി കുറ്റിക്കാട്ടിൽ തള്ളിയ ശേഷം ഷോപ്പിംഗ് നടത്തിയ പ്രതികളുടെ മാനസികാവസ്‌ഥ ക്രൂരമാണെന്ന് പ്രോസിക്യൂഷൻ വാദിച്ചു.

ഇതംഗീകരിച്ച കോടതിയും അപൂർവങ്ങളിൽ അപൂർവമായ ക്രൂരതയാണ് നടന്നതെന്നു വിലയിരുത്തി. മൂന്നു പ്രതികളും ചേർന്ന് ഒൻപത് ലക്ഷം രൂപ പിഴയൊടുക്കാനും കോടതി ഉത്തരവിട്ടു. ആറ് ലക്ഷം രൂപ നഷ്‌ടപരിഹാരമായി ജിഗിഷയുടെ കുടുംബത്തിനു നൽകാനാണു നിർദേശം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.