ബജറ്റ് ജനുവരിയിലാക്കാൻ നീക്കം
ബജറ്റ് ജനുവരിയിലാക്കാൻ നീക്കം
Monday, August 22, 2016 12:42 PM IST
ന്യൂഡൽഹി: കേന്ദ്ര ബജറ്റ് അവതരണം ജനുവരിയിലാക്കാൻ നീക്കം. ഒപ്പം ബജറ്റിലെ പദ്ധതി, പദ്ധതിയിതര വിഭജനം ഇല്ലാതാക്കുകയും ചെയ്യും.

ഇപ്പോൾ ഫെബ്രുവരി അവസാനമാണു പൊതു ബജറ്റ് അവതരിപ്പിക്കുന്നത്. ഇതുമൂലം ധനകാര്യവർഷം തുടങ്ങുന്ന ഏപ്രിൽ ഒന്നിനു മുമ്പ് ബജറ്റ് വിശദമായി ചർച്ചചെയ്യാൻ പാർലമെന്റിനു കഴിയുന്നില്ല. രണ്ടോ മൂന്നോ മാസത്തെ ചെലവിനുള്ള വോട്ട് ഓൺ അക്കൗണ്ട് പാസാക്കി ധനകാര്യവർഷമാദ്യം ചെലവ് ചെയ്യും. മേയ് അവസാനത്തോടെയാണു ബജറ്റ് ചർച്ച തീർത്തു ധനാഭ്യർഥനകളും ധനവിനിയോഗ ബില്ലുകളും സമഗ്രമായ ധനകാര്യ ബില്ലും പാസാക്കുന്നത്.

ജനുവരി അവസാനം അവതരിപ്പിച്ചാൽ മാർച്ച് 31നകം ചർച്ച പൂർത്തിയാക്കി ധനകാര്യ ബിൽ പാസാക്കാം എന്നാണു കരുതുന്നത്. ചില നികുതി നിർദേശങ്ങൾ ജൂണിലോ ജൂലൈയിലോ മാത്രം നടപ്പിൽ വരുത്തുന്നതും ഒഴിവാകും. എല്ലാ നികുതിമാറ്റങ്ങളും ഏപ്രിൽ ഒന്നിനുതന്നെ നടപ്പാക്കാം.

കോൺഗ്രസിലെയും സിപിഐയിലെയും ചിലർ മാറ്റത്തിന്റെ ആവശ്യകതയെ ചോദ്യംചെയ്തു. റവന്യൂ വരുമാനം സംബന്ധിച്ചു കുറേക്കൂടി വ്യക്‌തത കിട്ടാൻ ഇപ്പോഴത്തെ രീതിയാണു നല്ലതെന്ന് കോൺഗ്രസിലെ വീരപ്പമൊയ്ലി പറഞ്ഞു. പാർലമെന്റ് സമ്മേളനങ്ങളുടെ ക്രമീകരണം മൊത്തത്തിൽ മാറ്റേണ്ടിവരുമെന്നു സിപിഐയിലെ ഡി.രാജ ചൂണ്ടിക്കാട്ടി.

ബ്രിട്ടീഷ് ഭരണകാലത്തെ പാരമ്പര്യമാണ് ഇക്കാര്യത്തിൽ ഇപ്പോഴും തുടരുന്നത്. ഫെബ്രുവരിയിലെ അവസാന പ്രവൃത്തിദിനം ആണു ബജറ്റ് അവതരണം. തെരഞ്ഞെടുപ്പു പരിഗണിച്ചു പല വർഷങ്ങളിലും അതു മാറ്റിയിട്ടുണ്ടെങ്കിലും പൊതുവേ ആ തീയതി പാലിക്കുകയായിരുന്നു.

വൈകുന്നേരം അഞ്ചിനു ബജറ്റവതരണം എന്നതു മാറ്റിയിട്ടു 15 വർഷമേ ആയിട്ടുള്ളൂ. ബ്രിട്ടീഷ് പാർലമെന്റിലും ഇന്ത്യൻ പാർലമെന്റിലും ഒരേ സമയമാക്കാൻ വേണ്ടിയാണു കോളനിവാഴ്ചക്കാലത്തു വൈകുന്നേരം അഞ്ചിന് ഇന്ത്യൻ ബജറ്റവതരിപ്പിച്ചിരുന്നത്. ഇപ്പോൾ രാവിലെ 11 നാണു ബജറ്റവതരണം.അടുത്ത പൊതു ബജറ്റോടെ റെയിൽവേയുടെ പ്രത്യേക ബജറ്റ് ഇല്ലാതാകും.


<ആ> ധനകാര്യവർഷവും മാറിയേക്കും

ഇന്ത്യയുടെ ധനകാര്യവർഷം മാറ്റുന്നതും കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ ഉണ്ട്. ഇപ്പോൾ ഏപ്രിൽ ഒന്നിന് ആരംഭിച്ച് മാർച്ച് 31നാണ് ധനകാര്യവർഷം അവസാനിക്കുന്നത്. ഇതു ജനുവരി– ഡിസംബർ ആക്കുന്നതിനാണ് ആലോചന.

മുൻ ധനകാര്യ സെക്രട്ടറി എൻ.ശങ്കർ ആചാര്യ ചെയർമാനായ ഒരു കമ്മിറ്റി ഇതു പഠിക്കാൻ നിയുക്‌തമായിട്ടുണ്ട്. ഡിസംബറോടെ അവർ റിപ്പോർട്ട് നൽകും. മുൻ കാബിനറ്റ് സെക്രട്ടറി കെ.എം. ചന്ദ്രശേഖർ, തമിഴ്നാട്ടിലെ മുൻ ധനകാര്യസെക്രട്ടറി പി.വി. രാജാരാമൻ, സെന്റർ ഫോർ പോളിസി റിസർച്ചിലെ ഡോ.രാജീവ് കുമാർ എന്നിവരാണ് ആ സമിതിയിലുള്ളത്.

<ആ>പദ്ധതിക്ക് അന്ത്യം

അടുത്ത ബജറ്റോടെ ഇന്ത്യയിലെ ആസൂത്രിത സാമ്പത്തിക പ്രവർത്തനത്തിന്റെ അന്ത്യംകുറിക്കും. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയുടെ അവസാനവർഷമാണു 2016–17. അടുത്ത ബജറ്റ് മുതൽ പദ്ധതിച്ചെലവ് എന്ന വിഭജനം ബജറ്റിൽ ഉണ്ടാകില്ല. പകരം റവന്യൂ ചെലവ്, മൂലധന ചെലവ് എന്നിവയേ ഉണ്ടാകൂ.

ആസൂത്രണ കമ്മീഷൻ പഞ്ചവത്സര പദ്ധതികൾ തയാറാക്കിയിരുന്നതു മോദി സർക്കാർ റദ്ദാക്കിയതിന്റെ ഫലമാണിത്. ആസൂത്രണ കമ്മീഷനെ നീതി ആയോഗ് എന്ന ഗവേഷണകേന്ദ്രമാക്കി. അവർ വികസന ലക്ഷ്യങ്ങൾ കുറിക്കുന്ന വികസന പരിപ്രേക്ഷ്യം തയാറാക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.