ഗോരക്ഷാ ദൾ മേധാവി പ്രകൃതിവിരുദ്ധ പീഡനത്തിന് അറസ്റ്റിൽ
ഗോരക്ഷാ ദൾ മേധാവി പ്രകൃതിവിരുദ്ധ പീഡനത്തിന് അറസ്റ്റിൽ
Sunday, August 21, 2016 11:47 AM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: പഞ്ചാബിലെ ഗോരക്ഷാ ദൾ മേധാവി സതീഷ് കുമാർ പ്രകൃതിവിരുദ്ധ പീഡനത്തിന് അറസ്റ്റിൽ. കന്നുകാലികളെ കടത്തിക്കൊണ്ടു പോയെന്ന് ആരോപിച്ച് വാഹനം തടഞ്ഞുനിർത്തി ഡ്രൈവറെയും സഹായികളെയും ക്രൂരമായി തല്ലിച്ചതച്ച സംഭവത്തിലാണ് അറസ്റ്റ്. സതീഷ് കുമാറും പതിനഞ്ചോളം വരുന്ന സംഘാംഗങ്ങളും തങ്ങളെ തട്ടിക്കൊണ്ടുപോയി രാജ്പുരയിലെ പശുത്തൊഴുത്തിൽ എത്തിച്ച് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയെന്നു സഹാരൻപുർ സ്വദേശി നൽകിയ പരാതിയിൽ പറഞ്ഞിരുന്നു. ചില ഗുണ്ടകൾ തന്റെ വായിൽ മൂത്രമൊഴിച്ചെന്നും പരാതിക്കാരൻ മജിസ്ട്രേറ്റിനു മൊഴി നൽകിയിരുന്നു.

പശുവിനെ കടത്തിയെന്നാരോപിച്ച് സതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ഗോരക്ഷ ദളിന്റെ ഗുണ്ടകൾ യുവാക്കളെ കെട്ടിയിട്ട് ക്രൂരമായി തല്ലിച്ചതയ്ക്കുന്ന വീഡിയോ നേരത്തേ പുറത്തുവന്നിരുന്നു. തുടർന്ന് കഴിഞ്ഞ ആറിനാണ് ഇയാൾക്കെതിരേ പട്യാല പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഗോരക്ഷ എന്ന പേരിൽ ചില സാമൂഹ്യ വിരുദ്ധരാണ് ആക്രമണം നടത്തുന്നതെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവന നടത്തിയതിനു പിന്നാലെയായിരുന്നു പോലീസ് കേസെടുത്തത്.


ഇതേത്തുടർന്നാണ് ഉത്തർപ്രദേശിൽ ഒളിവിൽ കഴിഞ്ഞിരുന്ന സതീഷ് കുമാറിനെ അറസ്റ്റ് ചെയ്തത്. തട്ടിക്കൊണ്ടു പോകൽ, മർദനം, അനാവശ്യമായി തടങ്കലിൽ വയ്ക്കൽ തുടങ്ങിയ വകുപ്പുകൾ കൂടാതെ പ്രകൃതിവിരുദ്ധ പീഡനത്തിനുള്ള വകുപ്പുകൾ പ്രകാരവും കേസെടുത്തിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.