ഡിഎംകെ എംഎൽഎമാർക്ക് എതിരേ കേസ്
ഡിഎംകെ എംഎൽഎമാർക്ക് എതിരേ കേസ്
Sunday, August 21, 2016 11:47 AM IST
ചെന്നൈ: തമിഴ്നാട് നിയമസഭയിൽനിന്നു സ്പീക്കർ സസ്പെൻഡ് ചെയ്തതിനെതിരേ പ്രതിഷേധസമരം നടത്തിയ പ്രതിപക്ഷ നേതാവ് എം.കെ. സ്റ്റാലിൻ അടക്കം ഡിഎംകെയുടെ 60 എംഎൽഎമാർക്കെതിരേ കേസ്. ഐപിസി 143, 188 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. പോലീസിന്റെ അനുമതിയില്ലാതെ പ്രതിഷേധ പ്രകടനം നടത്തിയതിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ഓഗസ്റ്റ് 17നു നിയമസഭാ സമ്മേളനത്തിനിടെ സ്റ്റാലിനെതിരേ ഭരണകക്ഷിയായ എഡിഎംകെയിലെ എസ്. ഗുണശേഖരൻ നടത്തിയ മോശം പരാമർശം സഭാ രേഖകളിൽനിന്നു നീക്കണമെന്നാവശ്യപ്പെട്ട് ബഹളംവച്ച ഡിഎംകെ അംഗങ്ങളെ സ്പീക്കർ പി. ധനപാലിന്റെ നിർദേശത്തെത്തുടർന്ന് അസംബ്ലി മാർഷൽ ബലംപ്രയോഗിച്ച് പുറത്താക്കിയിരുന്നു. പിന്നീട്, ഡിഎംകെ അംഗങ്ങളെ ഒരാഴ്ചത്തേക്കു സസ്പെൻഡ് ചെയ്തുകൊണ്ടുള്ള പ്രമേയം ശബ്ദവോട്ടോടെ പാസാക്കി. അടുത്ത ദിവസം സെക്രട്ടേറിയറ്റിലെ ഓഫീസിൽ കടക്കാൻ സ്റ്റാലിനും എംഎൽഎമാരും ശ്രമിച്ചെങ്കിലും അസംബ്ലി മാർഷൽമാർ അനുവദിച്ചില്ല. തുടർന്ന് ഡിഎംകെ അംഗങ്ങൾ പാർട്ടി ഉപനേതാവ് ദുരൈ മുരുകനെ സ്പീക്കറാക്കി മോഡൽ അസംബ്ലി കൂടി. പിന്നീട് എംഎൽഎമാരെ സസ്പെൻഡ് ചെയ്തത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഡിഎംകെ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.