ഉർജിത് പട്ടേൽ റിസർവ് ബാങ്ക് ഗവർണർ
ഉർജിത് പട്ടേൽ റിസർവ് ബാങ്ക് ഗവർണർ
Saturday, August 20, 2016 12:08 PM IST
ന്യൂഡൽഹി: റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ഡോ. ഉർജിത് പട്ടേലിനെ റിസർവ് ബാങ്ക് ഗവർണറായി നിയമിച്ചു. ഡോ. രഘുറാം രാജൻ വിരമിക്കുന്ന സെപ്റ്റംബർ നാലിന് 24–ാമത്തെ ഗവർണറായി 53 വയസുള്ള പട്ടേൽ സ്‌ഥാനമേൽക്കും. മൂന്നു വർഷത്തേക്കാണു നിയമനം.

ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിൽനിന്ന് എംഫിലും യേൽ യൂണിവേഴ്സിറ്റിയിൽനിന്നു ഡോക്ടറേറ്റും നേടിയ ഈ ധനശാസ്ത്രജ്‌ഞൻ 1990–95 കാലത്ത് അന്താരാഷ്ട്ര നാണ്യനിധി (ഐഎംഎഫ്)യിൽ പ്രവർത്തിച്ചു. കുറച്ചുകാലം റിലയൻസ് ഇൻഡസ്ട്രീസിൽ ബിസിനസ് ഡെവലപ്മെന്റ് വിഭാഗം പ്രസിഡന്റായും ബോസ്റ്റൺ കൺസൾട്ടിംഗ് ഗ്രൂപ്പിൽ കൺസൾട്ടന്റായും സേവനമനുഷ്ഠിച്ചു. 2013 ജനുവരിയിൽ മൂന്നു വർഷത്തേക്കു ഡെപ്യൂട്ടി ഗവർണറായി നിയമിച്ചു. ഈ ജനുവരിയിൽ കാലാവധി നീട്ടി നല്കി.

ഡോ. രാജനെപ്പോലെ പണപ്പെരുപ്പത്തോടു പൊരുതുന്ന ആളാണ് ഡോ. പട്ടേൽ. ഡോ. രാജന്റെ പണനയത്തിന്റെ അണിയറശില്പിയായാണു ഡോ. പട്ടേൽ കരുതപ്പെടുന്നത്. ചില്ലറവില സൂചിക (സിപിഐ) ആധാരമാക്കി വേണം പണനയം എന്ന ശിപാർശ 2014ൽ ഊർജിത് പട്ടേൽ കമ്മിറ്റിയാണു നല്കിയത്. ഇപ്പോൾ ഗവൺമെന്റ് രൂപംകൊടുത്തിട്ടുള്ള പണനയകമ്മിറ്റി (എംപിസി)ക്കു നല്കിയിട്ടുള്ള നിർദേശവും അതാണ്.

ഇന്ത്യൻ ബാങ്കിംഗിൽ ദൂരവ്യാപക മാറ്റങ്ങൾക്കു ഡോ. രാജൻ തുടക്കം കുറിച്ചിരുന്നു. കിട്ടാക്കടങ്ങൾ ശരിയായി തിട്ടപ്പെടുത്തി ആവശ്യമായ വകയിരുത്തൽ നടത്തി വേണ്ടത്ര മൂലധനം സമാഹരിച്ചു മത്സരിക്കാനുള്ള കരുത്തു നേടാൻ ബാങ്കുകളെ നിർബന്ധിച്ചിരിക്കുകയാണ്. ഒപ്പം പൊതുമേഖലാ ബാങ്കുകളുടെ ഏകോപനനീക്കവും തുടങ്ങിയിട്ടുണ്ട്. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പിനെ ഒന്നിപ്പിച്ചതിനു പിന്നാലെ മറ്റു പൊതുമേഖലാ ബാങ്കുകളുടെ ലയനങ്ങളും നടക്കും.


പേമെന്റ് ബാങ്കുകൾ, എല്ലാത്തരം ഇടപാടും നടത്തുന്ന യൂണിവേഴ്സൽ ബാങ്കുകൾ എന്നിവയടക്കം പുതിയ ബാങ്കുകൾ അനുവദിച്ചുവരുകയാണ്. ഇതു കോളിളക്കമില്ലാതെ നടത്തേണ്ട ബാധ്യത ഡോ.പട്ടേലിനാണ്.2013 സെപ്റ്റംബറിൽ രൂപയെ പിടിച്ചുനിർത്താനായി ഇറക്കിയ വിദേശ കറൻസി ബോണ്ടുകൾ തിരിച്ചുവാങ്ങേണ്ട സമയമായി. 2,400 കോടി ഡോളറാണ് സെപ്റ്റംബർ–നവംബർ കാലയളവിലേക്കു വേണ്ടിവരുക. ഇതു രൂപവിലയിൽ ചാഞ്ചാട്ടമുണ്ടാകാതെ ക്രമീകരിക്കേണ്ട ദൗത്യവും പട്ടേലിനുണ്ട്. 36,500 കോടി ഡോളറിന്റെ വിദേശനാണ്യ ശേഖരം ഉള്ളതിനാൽ അതു പ്രയാസമാകില്ല.

ഒരു പണനയ കമ്മിറ്റി വഴി പണനയവും പലിശനിരക്കും തീരുമാനിക്കുന്ന രീതിക്ക് ഇദ്ദേഹത്തിന്റെ കാലാവധിയുടെ ആരംഭത്തിൽ തുടക്കംകുറിക്കുകയാണ്. ഈ കമ്മിറ്റി വേണമെന്ന റിപ്പോർട്ട് തയാറാക്കിയ ആൾ എന്ന നിലയിൽ മാറ്റം നടപ്പാക്കാൻ ഏറ്റവും യോഗ്യനായ ആൾ അദ്ദേഹമാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.