പേരു തുന്നിയ മോദിക്കുപ്പായം ഗിന്നസ് പട്ടികയിൽ
Saturday, August 20, 2016 12:00 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: അടിമുടി പേരെഴുതിവച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്യൂട്ട് ഗിന്നസ് ബുക്കിൽ. കഴിഞ്ഞ വർഷം റിപ്പബ്ലിക് ദിനാഘോഷത്തിനു മുഖ്യാതിഥിയായി പങ്കെടുത്ത അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുമായുള്ള കൂടിക്കാഴ്ചയിൽ മോദി ധരിച്ച സ്യൂട്ടാണ് ഏറ്റവും വിലയേറിയ സ്യൂട്ടെന്ന നിലയിൽ ഗിന്നസ് റിക്കാർഡ് നേടിയത്.

കഴിഞ്ഞ ഫെബ്രുവരിയിൽ സൂററ്റിൽനിന്നുള്ള വജ്രവ്യാപാരി ലാജി പട്ടേൽ ഈ സ്യൂട്ട് 4.31 കോടി രൂപയ്ക്കു ലേലത്തിൽ സ്വന്തമാക്കിയിരുന്നു.

സ്യൂട്ട് ഗിന്നസിൽ ഇടം പിടിച്ച വിവരം ലാജി പട്ടേലിന്റെ മകൻ ഹിതേഷ് പട്ടേൽ തന്നെയാണ് വെളിപ്പെടുത്തിയത്.


അഞ്ചു മാസം മുമ്പ് ഇതിനായി അപേക്ഷ നൽകിയെന്നും ഇത് അംഗീകരിച്ചു കൊണ്ട് ഗിന്നസ് അധികൃതരുടെ അറിയിപ്പു ലഭിച്ചെന്നും ഹിതേഷ് വ്യക്‌തമാക്കി. നരേന്ദ്ര ദാമോദർ ദാസ് മോദി എന്ന് സുവർണ നിറത്തിൽ എഴുതി നീല നിറമുള്ള സ്യൂട്ടണിഞ്ഞാണ് മോദി ഒബാമയ്ക്കൊപ്പമിരുന്നത്.

ഏറ്റവും കൂടിയ വിലയ്ക്ക് ലേലത്തിൽ വിറ്റു പോയ സ്യൂട്ടെന്ന നിലയിലാണ് മോദി സ്യൂട്ട് ഇപ്പോൾ ഗിന്നസിൽ കയറിപ്പറ്റിയത്. സ്യൂട്ട് ലേലത്തിൽ പോയ തുക ഉപയോഗിച്ചു ഗംഗാ നദിയുടെ ശുചീകരണ പ്രവർത്തനങ്ങൾ നടത്തുമെന്നായിരുന്നു പറഞ്ഞിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.