ജിഎസ്ടി പാസാകാൻ വഴിതെളിഞ്ഞു
Saturday, July 30, 2016 12:46 PM IST
<ആ>ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: നീണ്ട കാത്തിരിപ്പിനും തർക്കങ്ങൾക്കും ഒടുവിൽ ചരക്കു സേവന നികുതിക്കായുള്ള (ജിഎസ്ടി) ഭരണഘടനാ ഭേദഗതി ബിൽ പാസാകാൻ വഴിയൊരുങ്ങി. മുഖ്യ പ്രതിപക്ഷമായ കോൺഗ്രസുമായി ഏകദേശ ധാരണയിലെത്തിയതോടെ രാജ്യസഭയിൽ അടുത്തയാഴ്ച അവതരിപ്പിക്കുന്ന ബിൽ പാസായേക്കും. മിക്കവാറും ചൊവ്വാഴ്ച തന്നെ ഭരണഘടനാ ഭേദഗതി ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചേക്കുമെന്ന് ഉന്നത കേന്ദ്രങ്ങൾ ദീപികയോടു പറഞ്ഞു.സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ സുപ്രധാനമായ നികുതി പരിഷ്കാരത്തിനു മഹാഭൂരിപക്ഷം രാഷ്ട്രീയപാർട്ടികളും സംസ്‌ഥാനങ്ങളും സമവായത്തിലെത്തിയിട്ടുണ്ട്.

ഭരണഘടനാ ഭേദഗതി ആയതിനാൽ സഭയിൽ വോട്ടിനിട്ടു മൂന്നിൽ രണ്ടു ഭൂരിപക്ഷത്തോടെ പാസാക്കേണ്ടതുണ്ട്. ജിഎസ്ടിയുടെ കാര്യത്തിൽ സഹകരിക്കുമെന്ന് കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി, വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധി, മുതിർന്ന നേതാവ് എ.കെ. ആന്റണി എന്നിവർ കഴിഞ്ഞ വെള്ളിയാഴ്ച സൂചന നൽകിയിരുന്നു.

ജിഎസ്ടിക്കായുള്ള ഭരണഘടനാ ഭേദഗതി ബിൽ രാജ്യസഭയിൽ ഒരാഴ്ചയ്ക്കകം പാസാക്കാൻ കഴിയുമെന്നു പാർലമെന്ററികാര്യ സഹമന്ത്രി മുക്‌താർ അബ്ബാസ് നഖ്വി പറഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച ഡൽഹിയിൽ ചേർന്ന ധനമന്ത്രിമാരുടെ ഉന്നതാധികാര സമിതി യോഗത്തിൽ കേരളം അടക്കം മിക്ക സംസ്‌ഥാനങ്ങളും ബില്ലിനെ അനുകൂലിച്ചു. തമിഴ്നാട് എതിർപ്പു തുടരുകയാണ്. കഴിഞ്ഞവർഷം മേയിലാണു ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ പാസായത്.

അപ്രതീക്ഷിത സാഹചര്യങ്ങൾ വന്നില്ലെങ്കിൽ ജിഎസ്ടി ബിൽ പാസാക്കാനുള്ള ധാരണയുണ്ടായതായി രാജ്യസഭയിലെ കോൺഗ്രസിന്റെ ഉപനേതാവ് ആനന്ദ് ശർമ പറഞ്ഞു. രാജ്യത്തിന്റെയും ജനങ്ങളുടെയും നന്മയ്ക്കുള്ള എല്ലാ നിയമങ്ങളെയും പിന്തുണയ്ക്കുമെന്നു കോൺഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് ഇന്നലെ വ്യക്‌തമാക്കി. ഉത്പാദക സംസ്‌ഥാനങ്ങൾക്കായി ഒരു ശതമാനം അധിക നികുതി ചുമത്താനുള്ള നിർദേശം സർക്കാർ തന്നെ പിൻവലിച്ചിരുന്നു. കേന്ദ്രമന്ത്രിസഭ കഴിഞ്ഞയാഴ്ച പാസാക്കിയ ബില്ലിൽ ഗൗരവമായ തർക്കം ശേഷിക്കുന്നില്ല.

ഭരണഘടനാ ഭേദഗതിക്കു പുറമേ കേന്ദ്ര, സംസ്‌ഥാന, സംസ്‌ഥാനന്തര ജിഎസ്ടി നിയമങ്ങളും പ്രത്യേകം പാസാക്കേണ്ടതുണ്ട്. പരമാവധി നികുതി നിരക്ക് 18 ശതമാനത്തിൽ കൂടരുതെന്നും ഇക്കാര്യം ഭരണഘടനാ ഭേദഗതിയിൽ ഉൾപ്പെടുത്താൻ കഴിയില്ലെങ്കിൽ മൂന്നു വ്യത്യസ്ത നിയമങ്ങളിലും ഉൾപ്പെടുത്തണമെന്നുമാണു കോൺഗ്രസിന്റെ നിലപാട്. നികുതി പരിധി നിയമത്തിൽ ഉൾപ്പെടുത്തുന്നതിനോടു കേന്ദ്രസർക്കാരിനു യോജിപ്പില്ല. 20 മുതൽ 24 ശതമാനം വരെ നികുതി ചുമത്താനുള്ള അവസരം വേണമെന്നാണു സർക്കാരിന്റെ ആഗ്രഹമെന്നു റിപ്പോർട്ടുണ്ട്. പല സംസ്‌ഥാനങ്ങളും ഇതേ ആവശ്യക്കാരാണ്.

തർക്ക പരിഹാരത്തിനായി ഹൈക്കോടതി ജഡ്ജി അധ്യക്ഷനായ സ്വതന്ത്ര സമിതി വേണമെന്നും ജിഎസ്ടി കൗൺസിൽ പോരെന്നുമുള്ള കോൺഗ്രസ് നിർദേശത്തിനു സർക്കാർവഴങ്ങിയിട്ടില്ല. തർക്ക പരിഹാരം ജിഎസ്ടി കൗൺസിലിൽ എന്നാണു കേന്ദ്രനിലപാട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.