വി.എസിന്റെ കത്ത് ഇന്നു പിബിയിൽ
Saturday, July 30, 2016 12:46 PM IST
<ആ>സെബി മാത്യു

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവ് സ്‌ഥാനത്തു നിന്നു ഗീത ഗോപിനാഥിനെ നിയമച്ചതിൽ അതൃപ്തി രേഖപ്പെടുത്തി വി.എസ് അച്യുതാനന്ദൻ നൽകിയ കത്ത് സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിൽ ഇന്നു ചർച്ച ചെയ്യും. കത്തിന്റെ പകർപ്പ് ഇന്നലെ പിബി യോഗത്തിൽ അംഗങ്ങൾക്കു വിതരണം ചെയ്തിരുന്നു.

ആദ്യദിനത്തിൽ വി.എസിെൻറ കത്ത് ഉൾപ്പെടെയുള്ള വിവാദ വിഷയങ്ങൾ പിബിയിൽ ചർച്ചയ്ക്കു വന്നില്ല.

കോൽകത്ത പാർട്ടി പ്ലീനം തയാറാക്കിയ രേഖ പ്രകാരം പാർട്ടി ശക്‌തിപ്പെടുത്താനുള്ള നടപടികളുടെ രൂപരേഖ തയാറാക്കുകയാണു പിബിയുടെ മുഖ്യ അജൻഡ. അതുസംബന്ധിച്ച ചർച്ചകളാണു ശനിയാഴ്ച നടന്നത്.

ഇടതു സാമ്പത്തിക നയങ്ങളുമായി ചേർന്നുപോകാത്ത നിലപാടുള്ള ഗീത ഗോപിനാഥിന്റെ നിയമനം തെറ്റായ തീരുമാനമാണെന്നും അതു തിരുത്താൻ കേന്ദ്ര നേതൃത്വം ഇടപെടണമെന്നുമാണ് വിഎസിെൻറ കത്തിലെ ആവശ്യം.

അതേസമയം, ഗീതയുടെ കാര്യത്തിൽ തന്റെ തീരുമാനത്തിൽ മാറ്റമില്ലെന്നാണു മുഖ്യമന്ത്രി പിണറായി വിജയൻ വെള്ളിയാഴ്ച ഡൽഹിയിൽ വ്യക്‌തമാക്കിയത്. പിബി യോഗത്തിലും പിണറായി ഇക്കാര്യം ആവർത്തിക്കാനാണു സാധ്യത. ഈ സാഹചര്യത്തിൽ പിബി എന്തു നിലപാട് സ്വീകരിക്കുമെന്നതാണ് ഏവരും ഉറ്റുനോക്കുന്നത്. വി.എസിനു പുറമേ ഇടതു സാമ്പത്തിക വിദഗ്ധനും ആസൂത്രണ കമ്മീഷൻ മുൻ ഉപാധ്യക്ഷനുമായ പ്രഭാത് പട്നായിക് ഉൾപ്പെടെയുള്ളവർ ഗീതയുടെ നിയമനത്തിൽ അതൃപ്തി പരസ്യമാക്കിയിട്ടുണ്ട്.

വി.എസിന്റെ ശക്തമായ ഇടപെടലായാണു കത്തിനെ കാണുന്നത്. നവ ലിബറൽ ആശയങ്ങൾ പിന്തുടരുന്ന ഗീത ഗോപിനാഥിനെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിക്കുന്നത് ഇടതു സർക്കാരിനെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമാണെന്നു ചൂണ്ടികാണിക്കുന്ന കത്തിൽ ഇത്തരം തീരുമാനത്തിനെതിരേ കേന്ദ്ര നേതൃത്വം ഇടപെടണമെന്ന ആവശ്യമാണ് വി.എസ് പ്രധാനമായും ഉന്നയിക്കുന്നത്.

വി.സ് പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് അയച്ച കത്ത് പിബി അംഗങ്ങൾക്കിടയിൽ വിതരണം ചെയ്തതോടെ ഇക്കാര്യത്തിൽ ഗൗരവമേറിയ ചർച്ച നടക്കുമെന്നുറപ്പായി. സംസ്‌ഥാ നത്തുനിന്നുള്ള മൂന്നു പിബി അംഗങ്ങളിൽ പിണറായിയും കോടിയേരിയും തീരുമാനത്തിൽ ഉറച്ചു നിൽക്കുമെന്നു വ്യക്തമാണ്.എന്നാൽ, മറ്റൊരു പിബി അംഗമായ എം.എ. ബേബിയുടെ നിലപാട് ഈ സാഹചര്യത്തിൽ നിർണായകമാകും.


അതേസമയം, പിബി യിൽ ഇക്കാര്യം ചർച്ചയാകുമ്പോൾ ബംഗാൾ ഘടകത്തിന്റെ നിലപാടും നിർണായകമാകും. സിപിഎം വിഭാഗീയതയിൽ എന്നും വി.എസിനൊപ്പം നിൽക്കുന്ന നിലപാടാണ് ബംഗാൾ ഘടകം സ്വീകരിക്കാറുള്ളത്.

ഗീത ഗോപിനാഥിന്റെ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്ര നേതൃത്വത്തിനും അതൃപ്തിയുണ്ട്. വിഷയം ചർച്ചയ്ക്കു വരുമ്പോൾ കേന്ദ്ര നേതൃത്വത്തിന്റെ നിലപാടും ശ്രദ്ധേയമാകും. മാത്രമല്ല, പിണറായി സർക്കാർ അധികാരത്തിലേറിയതു മുതലുള്ള വിവാദങ്ങളിലും കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ട്. വി.എസുമായി അടുപ്പമുള്ള യെച്ചൂരി മാത്രമല്ല, പിണറായിക്കൊപ്പം നിൽക്കുന്ന പ്രകാശ് കാരാട്ട് വിഭാഗവും ഗീത ഗോപിനാഥിെൻറ കാര്യത്തിൽ തൃപ്തരല്ല. തീരുമാനത്തിൽ മാറ്റമില്ലെന്നു പിണറായി ഉറച്ച നിലപാട് സ്വീകരിച്ച സാഹചര്യത്തിൽ ഗീത ഗോപിനാഥിനെ മാറ്റാൻ പി.ബി നിർദേശിച്ചാൽ സംസ്‌ഥാന നേതൃത്വവുമായി അസ്വാരസ്യത്തിനു വഴിയൊരുക്കും. വി.എസിന് കാബിനറ്റ് റാങ്കോടെ പദവി നൽകണമെന്ന കേന്ദ്ര നേതൃത്വത്തിന്റെ നിർദേശം ഇതുവരെ പ്രാവർത്തികമായിട്ടില്ല. പല കാരണങ്ങൾ പറഞ്ഞ് സർക്കാരും പാർട്ടി സംസ്‌ഥാന ഘടകവും തീരുമാനം നീട്ടികൊണ്ടുപോവുകയാണെന്ന് വി.എസിനും കേന്ദ്ര നേതുത്വത്തിനും പരാതിയുണ്ട്. വി.എസിന്റെ മറ്റൊരു ആവശ്യമായ സംസ്‌ഥാന സെക്രട്ടേറിയറ്റ് അംഗത്വത്തിന് വി.എസിനെതിരായ പരാതി അന്വേഷിക്കുന്ന പിബി കമീഷന്റെ പ്രവർത്തനം അവസാനിപ്പിക്കേണ്ടതുമുണ്ട്.

പ്ലീനം രേഖക്കു പുറമെ, ബംഗാളിലെ കോൺഗ്രസ് ബന്ധം, ബിജെപിയുടെ ഫാസിസ്റ്റ് സ്വഭാവം തുടങ്ങിയ സംബന്ധിച്ച് കാരാട്ടും യെച്ചൂരിയും വ്യത്യസ്ത വീക്ഷണങ്ങൾ മുന്നോട്ടുവച്ചതും പിബിയിൽ ഇന്നു ചർച്ചയാകും. കേന്ദ്ര നേതൃത്വത്തിൽ വരുത്താൻ പ്ലീനം രേഖ നിർദേശിക്കുന്ന കാര്യങ്ങൾ നടപ്പാക്കുന്നതിനുള്ള പ്രായോഗിക പദ്ധതികൾ തയാറാക്കുന്നതിനുള്ള ചർച്ചയാണ് പിബിയിൽ നടക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.