ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയവർ പിടിയിൽ
ഫാ. ടോമിനെ തട്ടിക്കൊണ്ടുപോയവർ പിടിയിൽ
Friday, July 29, 2016 1:03 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: മലയാളി വൈദികൻ ഫാ. ടോം ഉഴുന്നാലിലിനെ തട്ടിക്കൊണ്ടുപോയ ഭീകരർ യെമനിൽ പിടിയിലായി. ഇതുസംബന്ധിച്ചു കേന്ദ്ര വിദേശകാര്യ മന്ത്രാലയം സ്‌ഥിരീകരണം നൽകി. എന്നാൽ, ഇവരിൽനിന്നു ഫാ. ടോമിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. യെമനിലെ തെക്കൻ ഏഡനിൽ മിഷനറീസ് ഓഫ് ചാരിറ്റിയുടെ വൃദ്ധസദനം ആക്രമിച്ച് ഇന്ത്യക്കാരിയായ കന്യാസ്ത്രീയടക്കം 16 പേരെ കൊന്ന ഭീകരരാണ് ഇന്നലെ അറസ്റ്റിലായത്. ഏഡൻ ഷേക്ക് ഒത്മാനിലെ മോസ്ക് കേന്ദ്രീകരിച്ചായിരുന്നു ഭീകരരുടെ പ്രവർത്തനം. ഇവർ അൽക്വയ്ദ ഭീകരർ ആണെന്നാണു പ്രാഥമിക സൂചന. എന്നാൽ, ആക്രമണത്തിനു പിന്നിൽ ഐഎസ് ആണെന്ന് യെമൻ കുറ്റപ്പെടുത്തി. ആക്രമണവുമായി ബന്ധമില്ലെന്ന് അൽക്വയ്ദയും വ്യക്‌തമാക്കിയിട്ടുണ്ട്. ഫാ. ടോമിനെ കണ്ടെത്താൻ സുരക്ഷാസേന അന്വേഷണം തുടരുന്നതായി വിദേശകാര്യ മന്ത്രാലയ വക്‌താ വ് വികാസ് സ്വരൂപ് അറിയിച്ചു. വൈദികനെ തട്ടിക്കൊണ്ടു പോയ ഭീകരർ തന്നെയാണ് യെമനിൽ അറസ്റ്റിലായിരിക്കുന്നതെന്നും ഇതു സംബന്ധിച്ചു കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്താനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

ഏഡനിലെ പ്രാദേശിക ഭരണ സംവിധാനങ്ങളെല്ലാം താറുമാറായിരിക്കുകയാണ്. ഇതുമൂലം ഇന്ത്യയിൽനിന്ന് അന്വേഷണം നടത്താനും സാധിക്കുന്നില്ല. എംബസിയും പ്രവർത്തനം നിർത്തിയിരിക്കുകയാണ്. ജിബൂട്ടിയിലാണ് എംബസി ഉദ്യോഗസ്‌ഥർ ഇപ്പോഴുള്ളത്. ഇവരുമായി ഇന്ത്യൻ കോൺസുലേറ്റും വിദേശകാര്യ മന്ത്രാലയവും നിരന്തരം ബന്ധപ്പെടുന്നുണ്ട്. എന്നാൽ, ഇവരും നിസഹായാവസ്‌ഥയിലാണ്. ഏഡനിലെ സാധാരണ പൗരന്മാരെ ഉപയോഗിച്ചാണ് ഇപ്പോൾ തെരച്ചിൽ നടത്തുന്നത്.


മിഷനറീസ് ഓഫ് ചാരിറ്റി സന്യാസിനീ സമൂഹം നടത്തുന്ന വൃദ്ധസദനം ആക്രമിച്ച് മാർച്ച് നാലിനാണ് വൈദികനെ തട്ടിക്കൊണ്ടുപോയത്. സലേഷ്യൻ സഭ ബംഗളൂരു പ്രൊവിൻസ് അംഗമായ ഫാ. ടോം (56), കോട്ടയം രാമപുരം ഉഴുന്നാലിൽ കുടുംബാംഗമാണ്. ആക്രമണത്തിൽ നാലു കന്യാസ്ത്രീകൾ ഉൾപ്പെടെ 16 പേർ കൊല്ലപ്പെട്ടിരുന്നു. കൊല്ലപ്പെട്ട കന്യാസ്ത്രീകളിൽ ഒരാൾ റാഞ്ചി സ്വദേശിനിയായ സിസ്റ്റർ അൻസലം ആണെന്നു തിരിച്ചറിഞ്ഞിരുന്നു. മറ്റു രണ്ടുപേർ റുവാണ്ടക്കാരും ഒരാൾ കെനിയ സ്വദേശിനിയുമാണ്. ഇന്ത്യക്കാരിയായ മദർ സുപ്പീരിയർ സിസ്റ്റർ സാലി അക്രമികളിൽനിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടിരുന്നു.

നാലു കന്യാസ്ത്രീകൾ, ആറ് എത്യോപ്യക്കാർ, യെമൻകാരനായ പാചകക്കാരൻ, യെമൻകാരായ അഞ്ചു കാവൽക്കാർ എന്നിവരെ തെരഞ്ഞുപിടിച്ചു കൈവിലങ്ങണിയിച്ചശേഷം തലയ്ക്കു നേരേ വെടിയുതിർത്തു വധിക്കുകയായിരുന്നു. ഒരു കന്യാസ്ത്രീ സ്റ്റോർ മുറിയിലെ കതകിനു മറഞ്ഞിരുന്നതിനാൽ കൊലപാതകികളുടെ കണ്ണിൽപ്പെട്ടില്ല. ഇവരെ പിന്നീടു രക്ഷപ്പെ ടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.