മദറിന്റെ നാമകരണച്ചടങ്ങ്: ഇന്ത്യൻ സംഘത്തെ മന്ത്രി സുഷമ നയിക്കും
മദറിന്റെ നാമകരണച്ചടങ്ങ്: ഇന്ത്യൻ സംഘത്തെ മന്ത്രി സുഷമ നയിക്കും
Friday, July 29, 2016 12:57 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: മദർ തെരേസയുടെ നാമകരണ ചടങ്ങിൽ പങ്കെടുക്കാനുള്ള ഇന്ത്യൻ സംഘത്തെ വത്തിക്കാനിലേക്ക് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് നയിക്കും. സെപ്റ്റംബർ നാലിനാണു വത്തിക്കാനിൽ മദറിനെ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധയായി പ്രഖ്യാപിക്കുന്നത്.

ചടങ്ങിന്റെ പ്രാധാന്യം കണക്കിലെടുത്താണ് ഔദ്യോഗിക ഇന്ത്യൻ സംഘത്തെ സുഷമ സ്വരാജ് തന്നെ നയിക്കാൻ തീരുമാനിച്ചതെന്നും വിദേശകാര്യ മന്ത്രാലയ വക്‌താവ് വികാസ് സ്വരൂപ് അറിയിച്ചു. ഇന്ത്യൻ സംഘത്തിൽ ആരൊക്കെ ഉണ്ടാകുമെന്ന കാര്യം പിന്നീട് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചടങ്ങിൽ പങ്കെടുക്കില്ലെന്നാണു വിവരം.ചടങ്ങിൽ പ്രധാനമന്ത്രി യുടെ നേതൃത്വത്തിൽ ഇന്ത്യൻ സംഘം പങ്കെടുക്കണമെന്നു സിബിസിഐ പ്രസിഡന്റ് കർദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ അഭ്യർഥിച്ചിരുന്നു.


ചടങ്ങിൽ പങ്കെടുക്കാനുള്ള മിഷണറീസ് ഓഫ് ചാരിറ്റീസിന്റെ ക്ഷണം ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയും സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, അവർ ഔദ്യോഗിക ഇന്ത്യൻ സംഘത്തോടൊപ്പമാണോ വത്തിക്കാനിലേക്കു പോകുകയെന്നു വ്യക്‌തമല്ല.

റോമിലെത്തുന്ന സുഷമ സ്വരാജ് ഇറ്റാലിയൻ നയതന്ത്ര പ്രതിനിധികളുമായി ആശയവിനിമയം നടത്തും. കടൽക്കൊല വിഷയമുണ്ടായശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ വിദേശകാര്യ മന്ത്രി ഇറ്റലിയിലേക്കു പോകുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.