ഉത്തരേന്ത്യയിലും ബംഗളൂരുവിലും വെള്ളപ്പൊക്കം
ഉത്തരേന്ത്യയിലും ബംഗളൂരുവിലും വെള്ളപ്പൊക്കം
Friday, July 29, 2016 12:57 PM IST
ബംഗളൂരു: ആസാമിലും ഹരിയാനയിലും കർണാടകയിലെ ബംഗളൂരുവിലും തുടർച്ചയായി പെയ്ത മഴയിൽ പല താഴ്ന്ന പ്രദേശങ്ങളും വെള്ളത്തിലായി.

ഹൊങ്കാസന്ദ്ര, എച്ച്എസ്ആർ ലേഔട്ട്, മജസ്റ്റിക് എന്നിവിടങ്ങളിലും കെആർ മാർക്കറ്റ്, കത്രിഗുപ്പെ, സിൽക്ക് ബോർഡ്, ബനസ്വവി, ബനശങ്കരി, ബിടിഎം ലേഔട്ട് എന്നിവിടങ്ങളിലും നാലടിയോളം വെള്ളമുയർന്നു. വ്യാഴാഴ്ച അർധരാത്രി മുതൽ വെള്ളിയാഴ്ച ഉച്ചവരെ 15 മണിക്കൂറാണ് ബംഗളൂരു പട്ടണത്തിൽ മഴ പെയ്തത്. ഇതേത്തുടർന്ന് നഗരത്തിന്റെ പലഭാഗങ്ങളും വെള്ളത്തിനടിയിലായി. ആളപായമുണ്ടായതായി റിപ്പോർട്ടില്ല.

കനത്തമഴമൂലം ഇന്നലെ ഹരിയാനയിലെ ഗുഡ്ഗാവ് ദേശീയപാത എട്ടിൽ വെള്ളം പൊങ്ങിയതിനാൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.


ഡൽഹി–ജയ്പുർ റോഡ്, ഹീറോ ഹോണ്ട ചൗക്ക് എന്നിവിടങ്ങളിൽ ഇന്നലെ 20 കിലോമീറ്ററോളം നീളത്തിൽ വാഹനങ്ങൾ നിരന്നുകിടന്നു. ഇതേത്തുടർന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ടി.എൽ. സത്യപ്രകാശ് 144 പ്രഖ്യാപിച്ചു.

ആസാമിൽ മഴ കനത്തതോടെ 21 ജില്ലകളിലെ 17 ലക്ഷംപേരാണു ദുരിതമനുഭവിക്കുന്നത്. മഴമൂലമുണ്ടായ ദുരന്തങ്ങളിൽ ഇതുവരെ 16 പേർ മരിച്ചതായാണു കണക്ക്.

ബിഹാറിൽ ഒരാഴ്ചയായി പെയ്യുന്ന കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ഇതുവരെ 26 പേർ മരിച്ചു. പൂർണിയ, കിഷൻഗഞ്ച്, അരാരിയ, ദർഭംഗ, മധേപുര, ഭഗൽപുർ, കയ്താർ, സഹസ്ര, സുപോൾ, ഗോപാൽ ജില്ലകളിൽ ആയിരക്കണ ക്കിനാളുകളാണ് വെള്ളപ്പൊക്കംമൂലം ദുരിതമനുഭവിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.