ഗോമാംസ വിവാദം: പുതിയ സമരമുറയുമായി ഗുജറാത്തിലെ ദളിതർ
Friday, July 29, 2016 12:29 PM IST
അഹമ്മദാബാദ്: ഗോമാംസ വിവാദത്തിന്റെ പേരിൽ ഉനയിൽ ദളിതർ ക്രൂരപീഡനത്തിനിരയായതിൽ പ്രതിഷേധിച്ചു ഗുജറാത്തിൽ തോൽവ്യവസായവുമായി ബന്ധപ്പെട്ട ജോലിചെയ്യുന്ന ദളിതർ പ്രതിഷേധം ശക്‌തമാക്കുന്നു. പരമ്പരാഗതമായി തോൽ ഊറയ്ക്കിടുന്നതുൾപ്പെടെ ജോലി ചെയ്യുന്ന ദളിത് വിഭാഗങ്ങൾ മാടുകളുടെ മൃതദേഹങ്ങൾ മറവുചെയ്യാൻ വിസമ്മതിക്കുകയാണ്. സംസ്‌ഥാനത്തിന്റെ വിവിധപ്രദേശങ്ങളിലേക്ക് ഇത്തരം സമരരീതി വ്യാപിക്കുകയാണ്.ദളിത് സംഘടനകളുടെ കൂട്ടായ്മയായ ദളിത് മാനവ് അധികാർ മൂവ്മെന്റിന്റെ നേതൃത്വത്തിലാണു സമരം.

കൂടുതൽ ദളിത് സംഘടനകൾ സമരത്തിനു പിന്തുണ പ്രഖ്യാപിക്കുന്നുമുണ്ട്. സ്വയംപ്രഖ്യാപിത ഗോ സംരക്ഷകരിൽനിന്നുള്ള രക്ഷയും സർക്കാരിന്റെ തിരിച്ചറിയൽ കാർഡുമാണു സമരക്കാരുടെ ആവശ്യം. തൊഴിലാളികളുടെ പുതിയ പ്രതിഷേധം നഗരസഭാ അധികൃതകരെ വെട്ടിലാക്കിയിരിക്കുകയാണ്. സുരേന്ദ്രനഗർ നഗരം ഉദാഹരണം. ഒരാഴ്ചയ്ക്കിടെ ഇവിടെ എൺപതോളം കാലികളുടെ ശവശരീരമാണ് അധികൃതർ സ്വന്തം നിലയിൽ മറവുചെയ്തത്. ഇതേത്തുടർന്ന് ദളിത് വിഭാഗങ്ങളുടെ ആവശ്യങ്ങൾ ഉടൻ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നു സുരേന്ദ്രനഗർ ജില്ലാ കലക്ടർ ഉദിത് അഗർവാൾ ഉറപ്പുനൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.