രാജ്നാഥ് സിംഗ് ബുധനാഴ്ച പാക്കിസ്‌ഥാനിലേക്ക്
രാജ്നാഥ് സിംഗ് ബുധനാഴ്ച പാക്കിസ്‌ഥാനിലേക്ക്
Thursday, July 28, 2016 12:33 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: കാഷ്മീരിൽ അസ്വസ്‌ഥത പുകയുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പാക്കിസ്‌ഥാനിലേക്ക്. ഓഗസ്റ്റ് മൂന്നിനു നടക്കുന്ന സാർക് ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനാണു പോകുന്നത്. എട്ട് ദക്ഷിണേഷ്യൻ രാജ്യങ്ങൾ അംഗങ്ങളായുള്ള സാർക് ഉച്ചകോടിയിൽ പങ്കെടുക്കുന്ന രാജ്നാഥ്, പാക്കിസ്‌ഥാൻ പ്രധാന മന്ത്രി നവാസ് ഷരീഫുമായും ആഭ്യന്തരമന്ത്രി ചൗധരി നിസാർ അലി ഖാനുമായും കൂടിക്കാഴ്ച നടത്തും.

ഭീകരപ്രവർത്തനത്തിനു പാക്കിസ്‌ഥാൻ പിന്തുണ നൽകുന്ന വിഷയം അദ്ദേഹം ഉന്നയിക്കും. സാർക് രാജ്യങ്ങളുടെ ആഭ്യന്തരമന്ത്രിമാരുടെ യോഗത്തിൽ പാക്കിസ്‌ഥാൻ ഭീകരപ്രവർത്തനത്തിനു നൽകുന്ന പിന്തുണ അവസാനിപ്പിക്കണമെന്നു മന്ത്രി രാജ്നാഥ്സിംഗ് ശക്‌തമായി ആവശ്യപ്പെടും. ജമ്മു കാഷ്മീരിൽ ഉൾപ്പെടെ ഭീകരാക്രമണങ്ങളിൽ പാക്കിസ്‌ഥാന്റെ പങ്ക് വെളിവാക്കുന്ന തെളിവുകളും രാജ്നാഥ് ഉന്നയിക്കും.
പത്താൻകോട്ട് എയർബേസ് ആക്രമണം, ജമ്മു കഷ്മീർ സംഘർഷം എന്നീ പ്രശ്നങ്ങൾക്കുശേഷം ആദ്യമായാണ് ഇന്ത്യയിൽ നിന്നുള്ള കേന്ദ്ര പ്രതിനിധി പാകിസ്‌ഥാനിലേക്കു പോകുന്നത്. തീവ്രവാദത്തെ ചെറുക്കാൻ സാർക് രാജ്യങ്ങൾ ഐക്യത്തോടെ പ്രവർത്തിക്കണമെന്ന അഭ്യർഥന ഉച്ചകോടിയിൽ രാജ്നാഥ് സിംഗ് മുന്നോട്ടുവയ്ക്കും.


കേന്ദ്ര ആഭ്യന്തര സെക്രട്ടറി രാജീവ് മെഹർഷിയും രാജ്നാഥിനെ അനുഗമിക്കുന്നുണ്ട്. ത്രിതല ഉഭയകക്ഷി ചർച്ചകൾ നടക്കുമെന്നാണു റിപ്പോർട്ട്. ജോയിൻറ് സെക്രട്ടറി തലത്തിലും സെക്രട്ടറി, ആഭ്യന്തരമന്ത്രി തലത്തിലും ചർച്ചകൾ നടക്കും. ഭീകരവാദത്തിനെതിരെയുള്ള പ്രവർത്തനങ്ങൾ, അനധികൃത മയക്കുമരുന്ന് ലഹരി കടത്ത്, ആയുധങ്ങളുടെ ഉപയോഗം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.

കാഷ്മീരിൽ ഹിസ്ബുൾ മുജാഹിദീൻ കമാൻഡർ ബുർഹാൻ വാനിയെ സൈന്യം കൊലപ്പെടുത്തിയത് വൻ പ്രതിഷേധങ്ങൾക്ക് ഇടവച്ചിരുന്നു. ഇത് ഇരു രാജ്യങ്ങളുമായുള്ള നയതന്ത്രബന്ധത്തെയും ബാധിച്ചിരുന്നു. കഷ്മീരിലടക്കം പാക്കിസ്‌ഥാൻ സ്വീകരിക്കുന്ന നിലപാടുകൾക്കെതിരേ പ്രതികരിക്കാൻ ലഭിക്കുന്ന അന്താരാഷ്ട്ര വേദി എന്ന നിലയിലായിരിക്കും ഇന്ത്യ സാർക് സമ്മേളനത്തെ ഉപയോഗിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.