വിലക്കയറ്റത്തിൽ ജനം പൊറുതിമുട്ടി: രാഹുൽ
വിലക്കയറ്റത്തിൽ ജനം പൊറുതിമുട്ടി: രാഹുൽ
Thursday, July 28, 2016 12:24 PM IST
<ആ>ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: പയർ, പരിപ്പ്, ഉഴുന്ന് എന്നിവ മുതൽ ഉരുളക്കിഴങ്ങും തക്കാളിയും വരെയുള്ള സാധാരണക്കാരുടെ ഒഴിവാക്കാനാവത്ത സാധനങ്ങളുടെ വിലക്കയറ്റത്തിൽ ജനങ്ങൾ പൊറുതിമുട്ടുകയാണെന്നു രാഹുൽ ഗാന്ധി. വിലക്കയറ്റത്തിൽ സഹികെട്ട ഗ്രാമീണർ ഇപ്പോൾ അർഹർ, അർഹർ (പരിപ്പ്) മോദി എന്ന പുതിയ മുദ്രാവാക്യം വിളിക്കുകയാണെന്ന് ‘ഹർ ഹർ’ (ഹരേ, ഹരേ) മോദി എന്ന ബിജെപിക്കാരുടെ മുദ്രാവാക്യത്തെ പരിഹസിച്ചു രാഹുൽ പറഞ്ഞു. മോദി സർക്കാരിനെ സ്യൂട്ട് ബൂട്ട് സർക്കാരെന്നും ഫെയർ ആൻഡ് ലവ്ലി സർക്കാരെന്നും മുമ്പു പരിഹസിച്ചതിനു പിന്നാലെയാണ് ഇന്നലത്തെ അർഹർ മോദി മുദ്രാവാക്യം എന്ന രാഹുലിന്റെ പുതിയ പ്രയോഗം.

ജനങ്ങളുടെ ചൗക്കിദാർ (കാവൽക്കാരൻ) ആകുമെന്നു പറഞ്ഞ് അധികാരത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി സാധാരണക്കാരെ മറന്നത് എങ്ങിനെയാണെന്ന് കോൺഗ്രസ് ഉപാധ്യക്ഷൻ ചോദിച്ചു. ജനങ്ങളുടെ കാവൽക്കാരനാകാനുള്ള ജോലി മോദി കോൺഗ്രസിനാണ് നൽകിയത്. അതിനു മാത്രം നന്ദിയുണ്ട്. പാർലമെന്റിൽ വിലക്കയറ്റത്തെക്കുറിച്ചു ഇന്നലെ നടന്ന ചർച്ചയിൽ പങ്കെടുത്താണു കേന്ദ്രസർക്കാരിനും മോദിക്കുമെതിരേ രാഹുൽ ആഞ്ഞടിച്ചത്. ഒമ്പതു മിനിറ്റു മാത്രം നീണ്ട കണക്കുകൾ ഉദ്ധരിച്ചുള്ള രൂക്ഷ വിമർശനങ്ങളും പരിഹാസവും നിറഞ്ഞ പ്രസംഗം കേൾക്കാൻ മുതിർന്ന മന്ത്രിമാരായ അരുൺ ജയ്റ്റ്ലി, രാം വിലാസ് പാസ്വാൻ, പീയൂഷ് ഗോയൽ തുടങ്ങിയ മന്ത്രിമാരും സോണിയാ ഗാന്ധി അടക്കം ഭൂരിപക്ഷം എംപിമാരും ലോക്സഭയിൽ ഉണ്ടായിരുന്നു.

സാധാരണക്കാരുടെ ദൈനംദിന ആവശ്യമുള്ള സാധനങ്ങൾക്ക് മോദി ഭരണത്തിൽ ഇരുന്നൂറും മുന്നൂറും വരെ ശതമാനം വില കൂടിയിരിക്കുകയാണെന്നു കണക്കുകൾ ഉദ്ധരിച്ചു രാഹുൽ ചൂണ്ടിക്കാട്ടി. മോദി സർക്കാർ ഭരണത്തിലെത്തിയശേഷം രാഹുൽ ലോക്സഭയിൽ നടത്തിയ ഏഴാമത്തെ പ്രസംഗം സാധാരണക്കാരുടെ പ്രശ്നങ്ങൾക്കു മാത്രം പ്രാധാന്യവും പ്രാമുഖ്യവും നൽകുന്നതായി. രാഷ്ര്‌ടപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള മറുപടി ചർച്ചയിൽ പങ്കെടുത്തു കഴിഞ്ഞ മാർച്ച് രണ്ടിനായിരുന്നു രാഹുലിന്റെ പാർലമെന്റിലെ സമീപകാല പ്രസംഗം.

പാവപ്പെട്ടവരെയും സാധാരണക്കാരെയും ബാധിക്കുന്ന രൂക്ഷ വിലക്കയറ്റത്തിന്റെ കാര്യത്തിൽ നിന്നു ശ്രദ്ധ തിരിയാതിരിക്കാനാണു കൂടുതൽ പറയാതെ ഇന്നലെ പെട്ടെന്നു തന്റെ പ്രസംഗം അവസാനിപ്പിച്ചതെന്ന് രാഹുൽ പിന്നീട് ദീപികയോടു പറഞ്ഞു. വലിയ വാഗ്ദാനങ്ങൾ നൽകി അധികാരത്തിലെത്തിയ മോദി സർക്കാർ ഒട്ടുമിക്ക കാര്യങ്ങളിലും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വിലക്കയറ്റ ചർച്ചയ്ക്കു തുടക്കം കുറിച്ച സിപിഎം നേതാവ് പി. കരുണാകരൻ കണക്കുകൾ സഹിതം കേന്ദ്രസർക്കാരിനെ പ്രതിക്കൂട്ടിലാക്കി. കോൺഗ്രസ് നേതാവും മുൻ ഭക്ഷ്യമന്ത്രിയുമായ പ്രഫ. കെ.വി. തോമസ്, ആർഎസ്പി നേതാവ് എൻ.കെ. പ്രേമചന്ദ്രൻ തുടങ്ങി ചർച്ചയിൽ പങ്കെടുത്ത മറ്റു കേരള എംപിമാരും വിലക്കയറ്റ പ്രശ്നത്തിൽ കേന്ദ്രസർക്കാരിനെതിരേ രൂക്ഷമായ കടന്നാക്രമണമാണ് നടത്തിയത്.

<ആ>രാഹുലിന്റെ പ്രസംഗത്തിലെ പ്രസ്ക്‌തമായ മറ്റു കാര്യങ്ങൾ:

മോദി സർക്കാർ വലിയ ആഘോഷത്തോടെ രണ്ടാം വാർഷികം ആചരിച്ചു. മോദിയും മന്ത്രിമാരും രാജ്യമെമ്പാടും നടന്ന് പത്രസമ്മേളനങ്ങൾ നടത്തി പലതും പറഞ്ഞു. പക്ഷേ, പയറിന്റെയും പരിപ്പിന്റെയും ഉരുളക്കിഴങ്ങിന്റെയും ടുമാറ്റോയുടെയും കുതിച്ചുയരുന്ന വിലയെക്കുറിച്ചു മാത്രം ഒന്നും മിണ്ടിയില്ല.


മേക്ക് ഇൻ ഇന്ത്യ, സ്റ്റാർട്ട് അപ് ഇന്ത്യ, സ്റ്റാൻഡിംഗ് ഇന്ത്യ എന്നൊക്കെ പറഞ്ഞു തെറ്റായ വലിയ അവകാശവാദങ്ങൾ നരേന്ദ്ര മോദി പറയുന്നുണ്ട്. പക്ഷേ പാവപ്പെട്ടവരെയും സാധാരണക്കാരെയും ബാധിക്കുന്ന വിലക്കയറ്റത്തെക്കുറിച്ചു മാത്രം മിണ്ടാട്ടമില്ല.

തുവര പരിപ്പിന്റെ സംഭരണ വിലയേക്കാളും 130 രൂപ കൂടുതലാണ് വിപണിയിലെ വില. ഓരോ കിലോയിലും ഈ നൂറു രൂപ ആരാണ് അടിച്ചുമാറ്റുന്നത്. കർഷകന് മാത്രം ഒന്നും കിട്ടുന്നില്ല.

യുപിഎ ഭരണകാലത്ത് സംഭരണ വിലയും വിപണിയിലെ വിൽപന വിലയും തമ്മിൽ 30 രൂപ മാത്രമായിരുന്നു വ്യത്യാസം.

ഉഴുന്നു പരിപ്പിന് 200 ശതമാനവും തുവര പരിപ്പിന് 120 ശതമാനവും വരെയാണ് വില കൂടിയത്.

ഇപ്പോഴത്തെ സർക്കാർ വന്ന ശേഷം ഉരുളക്കിഴങ്ങിന്റെയും പയറിന്റെയും പരിപ്പിന്റെയും മറ്റും വില കുറഞ്ഞ ഏതെങ്കിലും ഒരു ദിവസം ഉണ്ടെങ്കിൽ മോദി അതു പാർലമെന്റിൽ പറയണം.

സാധാരണക്കാരുടെ പോഷകാഹാരമാണ് പയർവർഗങ്ങളും പരിപ്പുമൊക്കെ. പക്ഷേ മാസം തോറും 20 ശതമാനം വീതമാണ് ഇവയുടെ വില കൂട്ടുന്നത്.

കോർപറേറ്റ് കമ്പനികളുടെയും വൻകിട വ്യവസായികളുടെയും 59,500 കോടി രൂപയുടെ വായ്പയാണ് 2015–16ൽ മാത്രം മോദി സർക്കാർ എഴുതിത്തള്ളിയത–രാഹുൽ പറഞ്ഞു.

കർഷകന്റെ ഒരു രൂപയുടെ കടം പോലും വെറുതെ വിട്ടില്ല. എന്നാൽ യുപിഎ സർക്കാരിന്റെ കാലത്ത് പാവപ്പെട്ട കർഷകരെ സഹായിക്കാൻ 60,000 കോടി രൂപയുടെ കാർഷിക കടമാണ് എഴുതിത്തള്ളിയത്.

രാജ്യത്തെ ജനങ്ങൾക്കു നൽകിയ വലിയ പൊള്ളയായ വാഗ്ദാനങ്ങളെക്കുറിച്ചു മോദിയെ ഓർമിപ്പിക്കാൻ ആഗ്രഹിക്കുന്നു. ഒന്നു പോലും നിറവേറ്റാൻ പ്രധാനമന്ത്രിക്കു കഴിഞ്ഞിട്ടില്ല.

കൊട്ടി ഘോഷിച്ച മേക്ക് ഇൻ ഇന്ത്യ പദ്ധതിയനുസരിച്ച് ഇന്ത്യയിൽ ഒരാൾക്കു പോലും ജോലി നൽകിയിട്ടില്ല.

വൻകിട കോർപറേറ്റ് കമ്പനികൾക്കു വേണ്ടി പാവപ്പെട്ടവന്റെ കൃഷിഭൂമി തട്ടിയെടുക്കാനാണു മോദി നിയമം കൊണ്ടുവന്നത്. കോൺഗ്രസിന്റെ ശക്‌തമായ എതിർപ്പു കൊണ്ടാണ് ആ ശ്രമം ഉപേക്ഷിക്കാൻ നിർബന്ധിതനായത്.

ഇതേസമയം, പണപ്പെരുപ്പം കുറയ്ക്കാൻ എൻഡിഎ സർക്കാരിനു കഴിഞ്ഞുവെന്നും നല്ല കാലവർഷം കിട്ടിയാൽ വില ഇനിയും കുറയുമെന്നും ധനമന്ത്രി അരുൺ ജയ്റ്റ്ലി അവകാശപ്പെട്ടു. അക്രോശങ്ങളും ബഹളങ്ങളും കണക്കുകൾക്കു ബദലാകില്ലെന്നും രാഹുലിന്റെ വിമർശനങ്ങൾക്കു മറുപടി നൽകിയ ധനമന്ത്രി തിരിച്ചടിച്ചു. എന്നാൽ പയർവർഗങ്ങളുടെ വിലക്കയറ്റത്തിൽ ആശങ്കയുണ്ടെന്നും ജയ്റ്റ്ലി സമ്മതിച്ചു.

വില നിയന്ത്രിക്കാനായി പയർ വർഗങ്ങളുടെ 20 ലക്ഷം ടൺ ബഫർ സ്റ്റോക്കിനായി ഭക്ഷ്യമന്ത്രാലയം നടപടി തുടങ്ങിയെന്നും മന്ത്രി വിശദീകരിച്ചു. പയർവർഗങ്ങളുടെ ഉത്പാദനം 17 ലക്ഷം ടൺ ആണ്. ഉപഭോഗം പക്ഷേ 23 ലക്ഷം ടണ്ണുമാണ്. ആറു ലക്ഷം ടണ്ണിന്റെ കുറവാണു വിലക്കയറ്റത്തിനു കാരണമെന്നും ജയ്റ്റ്ലി വിശദീകരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.