വിമർശകർക്കെതിരേ കേസ് വേണ്ടെന്നു സുപ്രീംകോടതി
Thursday, July 28, 2016 12:24 PM IST
ന്യൂഡൽഹി: രാഷ്ട്രീയ എതിരാളികളെയും സർക്കാരിന്റെ വിമർശകരെയും കുടുക്കാൻ അപകീർത്തി കേസ് ദുരുപയോഗം ചെയ്യരുതെന്നു തമിഴ്നാട് സർക്കാരിനോടു സുപ്രീം കോടതി. സർക്കാരിന്റെ പോരായ്മകൾ വെളിപ്പെടുത്തുകയോ അഴിമതി ആരോപണങ്ങൾ ഉന്നയിക്കുകയോ ചെയ്യുന്നവരെ അപകീർത്തി കേസിൽ അറസ്റ്റ് ചെയ്യാനാവില്ലെന്നും ജസ്റ്റീസുമാരായ ദീപക് മിശ്ര, രോഹിൺടൺ നരിമാൻ എന്നിവരുടെ ബെഞ്ച് വ്യക്‌തമാക്കി. നിയമസഭാംഗങ്ങളെയും ഉദ്യോഗസ്‌ഥരെയും അപകീർത്തി കേസിൽ കുടുക്കി സർക്കാർ നിർവീര്യമാക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി.

രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തി കേസിൽ പോലീസ് അന്വേഷണത്തിന് ഉത്തരവിട്ട മജിസ്ട്രേറ്റിനെ വിമർശിച്ചതിനുു പിന്നാലെയാണ് സുപ്രീം കോടതിയിലെ അതേ ബെഞ്ച് തന്നെ തമിഴ്നാട് സർക്കാരിനെതിരേയും കടുത്ത വിമർശനം ഉന്നയിച്ചത്.

മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യം സംബന്ധിച്ച വിവാദങ്ങളുമായി ബന്ധപ്പെട്ട് അയ്യായിരത്തിലധികം അപകീർത്തി കേസുകൾ രജിസ്റ്റർ ചെയ്തതു ചൂണ്ടിക്കാട്ടിയായിരുന്നു രണ്ടംഗ ബെഞ്ചിന്റെ വിമർശനം. സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് ബ്രിട്ടീഷ് ഭരണാധികാരികൾ രാജ്യത്തെ രാഷ്ര്‌ടീയ നേതാക്കൾക്കും ജനങ്ങൾക്കും എതിരേ ഈ കേസ് ദുരുപയോഗം ചെയ്തതാണെന്നു ചൂണ്ടിക്കാട്ടിയ കോടതി, തമിഴ്നാട് സർക്കാർ ഇതുപോലെയാണ് ഈ നിയമ പ്രകാരം കേസെടുത്തിരിക്കുന്നതെന്നും നിരീക്ഷിച്ചു.


ആരുടെയെങ്കിലും സൽപ്പേരിനു കോട്ടം വരുത്തുന്ന വിധത്തിൽ വ്യാജമോ കെട്ടിച്ചമച്ചതോ ആയ പരാമർശം നടത്തുന്നതാണ് അപകീർത്തികരം. വിമർശനങ്ങളോടു സഹിഷ്ണുത കാണിക്കണം. രാഷ്ട്രീയ ആയുധമായി അപകീർത്തി കേസുകളെ ഉപയോഗിക്കരുത്. കേസുകളിൽ കുടുക്കി ഒരാളെ ബുദ്ധമുട്ടിച്ചാൽ ഇടപെടേണ്ടി വരുമെന്നും കോടതി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.