ആധാർ: പാർലമെന്റിൽ പ്രതിപക്ഷ ബഹളം
Thursday, July 28, 2016 11:32 AM IST
<ആ>സെബി മാത്യു

ന്യൂഡൽഹി: ആധാർ നിർബന്ധമാക്കിയതിനെരേ പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം സഭ സ്തംഭിപ്പിച്ചു പ്രതിഷേധിക്കുന്നതിനിടെ പാവപ്പെട്ടവർക്ക് ആനൂകൂല്യങ്ങൾ നിഷേധിക്കപ്പെടില്ലെന്നു സർക്കാർ. ആധാർ കാർഡ് ഇല്ലാത്തതിന്റെ പേരിൽ പാവപ്പെട്ടവർക്ക് സേവനങ്ങളോ ആനുകൂല്യങ്ങളോ നിഷേധിക്കപ്പെടില്ലെന്നു കേന്ദ്രമന്ത്രി വെങ്കയ്യ നായിഡു. എന്നാൽ, സുരക്ഷാ കാരണങ്ങൾ പരിഗണിക്കുമ്പോൾ ആധാർ കാർഡ് ആവശ്യമാണെന്നും വെങ്കയ്യ നായിഡു രാജ്യസഭയിൽ വ്യക്‌തമാക്കി. ഇതു സംബന്ധിച്ച് ഉടൻ വ്യക്‌തത വരുത്തുമെന്നും മന്ത്രി പറഞ്ഞു. പാചകവാതക സബ്സിഡി ലഭിക്കാൻ ആധാർ ആവശ്യമാണെങ്കിലും കാർഡ്് വിതരണം പൂർത്തിയാക്കാത്ത സംസ്‌ഥാനങ്ങൾക്ക് ഇതിൽ ഇളവു നൽകുമെന്ന് പെട്രോളിയം മന്ത്രി ധർമേന്ദ്ര പ്രധാനും പറഞ്ഞു.

എന്നാൽ, സർക്കാരിന്റെ മറുപടിയിൽ തൃപ്തരാകാതിരുന്ന പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായാണ് ഇന്നലെ രാജ്യസഭയിൽ പ്രതിഷേധം ഉയർത്തിയത്. പാചക വാതകം, പൊതു വിതരണം, പെൻഷൻ എന്നിവക്കു ആധാർ നിർബന്ധമാക്കിയതിനെതിരേ പ്രതിപക്ഷം പ്രതിഷേധമുയർത്തി നടുത്തളത്തിലിറങ്ങിയതിനെ തുടർന്ന് രാജ്യസഭ പലവട്ടം പിരിഞ്ഞു. ചോദ്യോത്തരവേള പൂർണമായും തടസപ്പെട്ടു. ലോക്സഭയിലും തൃണമൂൽ കോൺഗ്രസ് വിഷയം ഉന്നയിച്ചു. ആധാർ നിർബന്ധമാക്കിയതു കൊണ്ട് ഒരു പാർലമെന്റ് അംഗത്തിന്റെ അമ്മയ്ക്കു പെൻഷൻ പോലും കിട്ടുന്നില്ലെന്നു ലോക്സഭയിൽ തൃണമൂൽ എംപി കല്യാൺ ബാനർജി ചൂണ്ടിക്കാട്ടി. ആധാർ നിർബന്ധമാക്കരുതെന്നു സുപ്രീം കോടതി നിർദേശിച്ചിട്ടും സർക്കാർ അതിനു തുനിയുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


തൃണമൂൽ കോൺഗ്രസ്, ബിജെഡി, സമാജ് വാദി പാർട്ടി തുടങ്ങിയ കക്ഷികൾ രാജ്യസഭാ നടപടികൾ നിർത്തിവെച്ചു വിഷയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ടു നോട്ടീസ് നൽകിയിരുന്നു. കോൺഗ്രസും ഇടതു കക്ഷികളും ഈ ആവശ്യത്തെ പിന്തുണച്ചു. എന്നാൽ, നോട്ടീസിനു രാജ്യസഭാധ്യക്ഷൻ അനുമതി നൽകിയില്ല.

സഭ ചേർന്നയുടൻ തൃണമൂൽ കോൺഗ്രസ് എംപി ഡെറിക് ഒബ്രിയൻ, എസ്പി നേതാവ് നരേഷ് അഗർവാൾ, ബിജെഡി എംപി ദിലീപ് ടിർക്കി തുടങ്ങിയവർ തങ്ങൾ നോട്ടീസ് നൽകിയ കാര്യം ഉന്നയിച്ചു. എന്നാൽ, നോട്ടീസ് അനുവദിക്കാനാകില്ലെന്നു ഉപാധ്യക്ഷൻ പ്രഫ. പി.ജെ കുര്യൻ വ്യക്‌തമാക്കി. ആധാർ കാർഡില്ലാത്തവർക്ക് റേഷൻ, പെൻഷൻ, എൽപിജി സബ്സിഡി തുടങ്ങിയ നിഷേധിക്കാൻ സംസ്‌ഥാന സർക്കാരുകൾക്കു കേന്ദ്രം നിർദേശം നൽകിയിരിക്കുകയാണെന്നു എസ്പി നേതാവ് രാം ഗോപാൽ യാദവ് ആരോപിച്ചു. രാജ്യത്തു നാൽപതു ശതമാനത്തോളം ആളുകൾക്കു ആധാർ കാർഡില്ലെന്നിരിക്കേ ഈ നിർദേശം പാവപ്പെട്ടവരെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

സംസ്‌ഥാനങ്ങളുമായുള്ള സഹകരണത്തെപ്പറ്റി വാചാലരാകുന്ന ബിജെപി സർക്കാർ സംസ്‌ഥാനങ്ങളോട് ആലോചിക്കാതെയാണ് ഇത്തരം തീരുമാനങ്ങളെടുക്കുന്നതെന്ന് ഡെറിക് ഒബ്രിയൻ ചൂണ്ടിക്കാട്ടി. ആധാർ നിർബന്ധമാക്കിയാൽ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി. ഒഡീഷയിൽ ഇരുപതു ശതമാനം പേർക്കും ആധാർ ഇല്ലെന്നും കേന്ദ്ര നിർദേശം പാവപ്പെട്ടവരെ കുഴപ്പത്തിലാക്കുമെന്നും ദിലീപ് കുമാർ ടിർക്കി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.