ലോക്പാൽ ഭേദഗതിക്കുള്ള ബിൽ പാസാക്കി
ലോക്പാൽ ഭേദഗതിക്കുള്ള ബിൽ പാസാക്കി
Wednesday, July 27, 2016 1:17 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: അഴിമതി നിയന്ത്രിക്കുന്നതിനായി കൊണ്ടുവന്ന ലോക്പാൽ ബില്ലിൽ ഭേദഗതി വരുത്താനുള്ള ബിൽ ലോക്സഭയിൽ ചർച്ച കൂടാതെ പാസാക്കി. സർക്കാരിതര സംഘടനകൾ (എൻജിഒ), പൊതുപ്രവർത്തകർ, സർക്കാർ ജീവനക്കാരും അവരുടെ ഭാര്യ, ആശ്രിതരായ മക്കൾ എന്നിവരുടെ ആസ്തിയും ബാധ്യതയും വെളിപ്പെടുത്താനുള്ള സമയ പരിധി നീട്ടുന്നതിനുള്ള ഇളവുകളാണു പ്രതിപക്ഷത്തിന്റെ എതിർപ്പ് മറികടന്നു കേന്ദ്ര സർക്കാർ തിടുക്കത്തിൽ പാസാക്കിയെടുത്തത്.

അംഗങ്ങൾക്കു പകർപ്പ് നൽകുകയോ ലോക്സഭയുടെ ദൈനംദിന കാര്യപരിപാടികളിൽ ഉൾപ്പെടുത്തുകയോ ചെയ്യാതെ തിടുക്കത്തിൽ ചർച്ച കൂടാതെ പാസാക്കിയ സർക്കാരിന്റെ നടപടിക്കെതിരേയാണ് പ്രതിപക്ഷം എതിർപ്പുയർത്തിയത്. പതിവിനു വിരുദ്ധമായി കേന്ദ്രമന്ത്രിസഭാ യോഗത്തിൽ തീരുമാനമുണ്ടാകുന്നതിനു മുമ്പേയാണ് ലോക്സഭയിൽ അവതരിപ്പിച്ചതെന്നും ലോക്സഭ ബിൽ പാസാക്കിയതിനു ശേഷമാണ് ഇന്നലെ രാത്രി കൂടിയ മന്ത്രിസഭാ യോഗം അംഗീകരിച്ചതും. പ്രധാനമന്ത്രിയുടെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ഈ നടപടിയെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്.


നിലവിലുള്ള നിയമ പ്രകാരം സർക്കാരിതര സംഘടനകൾ (എൻജിഒ), പൊതുപ്രവർത്തകർ, സർക്കാർ ജീവനക്കാരും അവരുടെ ഭാര്യ, ആശ്രിതരായ മക്കൾ എന്നിവരുടെ ആസ്തിയും ബാധ്യതയും വെളിപ്പെടുത്താനുള്ള സമയ പരിധി ജൂലൈ 31 ആണ്. ഇതു വ്യവസ്‌ഥ ചെയ്യുന്ന 44–ാം വകുപ്പിൽ ഇളവ് കൊണ്ടുവരാനാണ് ഭേദഗതി അവതരിപ്പിച്ചത്. സെക്ഷൻ 44 എടുത്തുകളയണമെന്നു പാർട്ടി ഭേദമന്യേ എംപിമാരിൽ നിന്നും സർക്കാരിതര സംഘടനകളും ഉന്നയിച്ച ആവശ്യം പരിഗണിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യവസ്‌ഥ ഇളവ് ചെയ്യുന്നതിന് നടപടിയെടുക്കാൻ നിർദേശിക്കുകയായിരുന്നെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്‌തമാക്കി. 2013ൽ പാസാക്കിയ നിയമം പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ശിപാർശ കൂടി കണക്കിലെടുത്തു തയാറാക്കിയതാണ്. അതിൽ ഇളവ് നൽകുന്ന കാര്യം പാർലമെന്ററി സമിതിയുടെ പരിഗണനയ്ക്കു വിടുകയാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.