വിലക്കയറ്റം തടയാൻ സംസ്‌ഥാനങ്ങൾ സഹകരിക്കണമെന്നു കേന്ദ്രം
വിലക്കയറ്റം തടയാൻ സംസ്‌ഥാനങ്ങൾ സഹകരിക്കണമെന്നു കേന്ദ്രം
Wednesday, July 27, 2016 1:17 PM IST
<ആ>സെബി മാത്യു

ന്യൂഡൽഹി: വിലക്കയറ്റം പിടിച്ചു നിർത്താനുള്ള ഉത്തരാവാദിത്വം കേന്ദ്ര സർക്കാരിന്റെ മാത്രമല്ലെന്നും സംസ്‌ഥാന സർക്കാരും മുൻകൈ എടുക്കണമെന്നും കേന്ദ്ര സർക്കാർ. വിലക്കയറ്റം പിടിച്ചു നിർത്താൻ നികുതിയിളവ് ഏർപ്പെടുത്തുമെന്നും പൂഴ്ത്തിവയ്പുകാർക്കെതിരേ കർശന നടപടിയെടുക്കുമെന്നും സർക്കാർ വ്യക്‌തമാക്കി. വിലക്കയറ്റത്തിനെതിരേ പ്രതിപക്ഷം രൂക്ഷപ്രതിഷേധം ഉയർത്തുന്നതിനിടെ രാജ്യത്തു പയർ–പരിപ്പു വർഗങ്ങളുടെ വിലയിൽ മാത്രമേ വർധനവുള്ളൂവെന്നാണു കേന്ദ്ര ഭക്ഷ്യമന്ത്രി രാം വിലാസ് പസ്വാൻ ഇന്നലെ രാജ്യസഭയിൽ വ്യക്‌തമാക്കിയത്.

വിലക്കയറ്റം പിടിച്ചു നിർത്താൻ സംസ്‌ഥാനങ്ങൾ കേന്ദ്രവുമായി സഹകരിക്കണമെന്നും പൂഴ്ത്തിവയ്പുകാർക്കെതിരേ കർശന നടപടിയെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. ഭക്ഷ്യ സുരക്ഷാ നിയമം ഇതുവരെ നടപ്പാക്കാത്ത സംസ്‌ഥാനങ്ങൾ കേരളവും തമിഴ്നാടും മാത്രമാണെന്നും മന്ത്രി കുറ്റപ്പെടുത്തി. അരിയും ഗോതമ്പും ഉൾപ്പടെയുള്ള ഭക്ഷ്യവസ്തുക്കൾ വളരെ കുറഞ്ഞ സബ്സിഡി നിരക്കിലാണു കേന്ദ്രം വിതരണം ചെയ്യുന്നത്. എന്നാൽ സംസ്‌ഥാനങ്ങൾ വേണ്ടവിധം സബ്സിഡി നൽകുന്നില്ല. സംസ്‌ഥാനങ്ങൾ നികുതി കുറയ്ക്കാൻ തയാറാകുന്നില്ല. പൂഴ്ത്തിവയ്പുകാർക്കെതിരേ നടപടിയെടുക്കാൻ സംസ്‌ഥാനങ്ങളെ ആരാണു തടയുന്നതെന്നും മന്ത്രി ചോദ്യമുന്നയിച്ചു.


വിലക്കയറ്റം സംബന്ധിച്ച് ഇന്നലെ രാജ്യസഭയിൽ നടന്ന ഹ്രസ്വ ചർച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി. പയർ–പരിപ്പു വർഗങ്ങളുടെ വില പിടിച്ചു നിർത്താൻ സർക്കാർ എല്ലാ നടപടിയും എടുത്തു. അടുത്ത രണ്ടു വർഷത്തിനുള്ളിൽ വില കുറയുമെന്നാണു പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു. ഇതല്ലാതെ മറ്റു അവശ്യ ഭക്ഷ്യ വസ്തുക്കൾക്കൊന്നും തന്നെ വില കൂടിയിട്ടില്ലെന്നാണ് മന്ത്രി അവകാശപ്പെട്ടത്. യുപിഎ സർക്കാരിന്റെയും ഇപ്പോഴത്തെയും കഴിഞ്ഞ വർഷത്തേയും വിലവിവരങ്ങൾ മന്ത്രി താരതമ്യം ചെയ്തപ്പോൾ പട്ടിക ആധികാരികമാണെങ്കിൽ സഭയിൽ വെക്കണമെന്നു കോൺഗ്രസ് അംഗം രാജീവ് ശുക്ല ആവശ്യപ്പെട്ടു. മന്ത്രി പറയുന്നതും വിപണി വിലയും തമ്മിൽ വലിയ അന്തരമുണ്ടെന്നും കോൺഗ്രസ് എംപി ആരോപിച്ചു. താൻ പറയുന്നതു തെറ്റാണെങ്കിൽ തനിക്കെതിരേ അവകാശലംഘനത്തിനു നടപടിയെടുക്കാമെന്നും രാജീവ് ശുക്ള പറഞ്ഞു.

വില കൂടിയിട്ടില്ലെന്നു മന്ത്രി പറയുന്നത് എന്തടിസ്‌ഥാനത്തിലാണെന്നു പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദും ചോദ്യം ചെയ്തു. വില കൂടാത്ത ഒരു ഭക്ഷ്യ വസ്തുവും വിപണിയിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.