സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മായാവതിയും കോൺഗ്രസും
സർക്കാരിനെ പ്രതിക്കൂട്ടിലാക്കി മായാവതിയും കോൺഗ്രസും
Wednesday, July 27, 2016 1:02 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: മധ്യപ്രദേശിൽ മുസ്ലിം വനിതകളെ ആക്രമിച്ച സംഭവത്തിനെതിരേ രാജ്യസഭയിൽ ആഞ്ഞടിച്ച് രാജ്യസഭയിൽ ബിഎസ്പി നേതാവ് മായാവതി. ഇന്നലെ ശൂന്യവേളയിൽ സഭയിൽ വിഷയം ഉന്നയിച്ച മായാവതി ഗോരക്ഷയുടെ പേരിൽ പുരുഷൻമാരെ പീഡിപ്പിച്ചിരുന്നവർ ഇപ്പോൾ സ്ത്രീകൾക്കെതിരേയും തിരിഞ്ഞിരിക്കുകയാണെന്നു മായാവതി ആരോപിച്ചു.

മധ്യപ്രദേശിൽ ബീഫ് കൈവശം വച്ചു എന്നാരോപിച്ചു രണ്ടു സ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ പോലീസ് മൗനം പാലിക്കുകയാണ്. അവർ മുസ്ലിം വനിതകളായതു കൊണ്ടാണോ ഇത്തരത്തിൽ സംഭവിക്കുന്നതെന്നും മായാവതി ചോദ്യമുന്നയിച്ചു. സംഭവ സ്‌ഥലത്തെത്തിയ പോലീസ് തമാശ കണ്ടു നിൽക്കുന്നതുപോലെയാണ് അക്രമം കണ്ടു നിന്നത്. അവിടെ അക്രമം നടത്തിയതു ബിജെപിയുടെ ആളുകൾ തന്നെയെന്നതു സഹിക്കേണ്ടതാണോ എന്നു ന്യൂനപക്ഷകാര്യ മന്ത്രി കൂടിയായ മുക്‌താർ അബ്ബാസ് നഖ്വി വ്യക്‌തമാക്കണമെന്നും മായാവതി ആവശ്യപ്പെട്ടു. ഇതോടെ ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളിലെല്ലാം ഇത്തരം ആപത്തുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ നിരയിൽ നിന്നു സത്യവ്രത ചതുർവേദി ഉൾപ്പടെയുള്ള എംപിമാർ എഴുന്നേറ്റു.

മായാവതി വിഷയം ഉന്നയിച്ചതോടെ ബിഎസ്പിക്കൊപ്പം പ്രതിഷേധവുമായി കോൺഗ്രസും ചേർന്നു. പ്രതിഷേധമുയർത്തി നടുത്തളത്തിലിറങ്ങിയ കോൺഗ്രസ് അംഗങ്ങളെ മടക്കി വിളിക്കണമെന്ന് ഉപാധ്യക്ഷൻ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദിനോട് ആവശ്യപ്പെട്ടു. പശുസംരക്ഷണത്തിനു തങ്ങൾ എതിരല്ലെന്നും എന്നാൽ അതുവഴി ദളിതരെയും ന്യൂനപക്ഷങ്ങളെയും പീഡിപ്പിക്കുന്നതു കണ്ടു നിൽക്കാനാകില്ലെന്നും ഗുലാം നബി ആസാദ് പറഞ്ഞു. അത്തരം നീക്കങ്ങളെ ശക്‌തമായി എതിർക്കുമെന്നും അദ്ദേഹം വ്യക്‌തമാക്കി.


വിഷയത്തിൽ സഭയിൽ ചർച്ച നടത്താൻ തയാറാണെന്നാണ് മറുപടി നൽകിയ മന്ത്രി മുക്‌താർ അബ്ബാസ് നഖ്വി വ്യക്‌തമാക്കിയത്. രാജ്യത്തു ഭരണം മുന്നോട്ടു പോകുന്നത് ഭരണഘടന അനുസരിച്ചാണ്. കായിക ബലം കൊണ്ടല്ല. സംഭവത്തിൽ മധ്യപ്രദേശ് സർക്കാർ നടപടിയെടുത്തിട്ടുണ്ട്. ഇത്തരം വിഷയങ്ങളിൽ പ്രതിപക്ഷം രാഷ്ട്രീയം കലർത്താൻ ശ്രമിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.

അതിനിടെ ബിജെപി ഭരിക്കുന്ന സംസ്‌ഥാനങ്ങളിൽ ഇത്തരം വിഷയങ്ങൾ ഉണ്ടാകുമ്പോൾ പ്രധാനമന്ത്രി മൗനം പാലിക്കുന്നതിനെ കോൺഗ്രസ് നേതാവ് ആനന്ദ് ശർമ ചോദ്യം ചെയ്തു. നോട്ടീസ് നൽകിയാൽ ഈ വിഷയം സഭയിൽ ചർച്ച ചെയ്യാമെന്നു തന്നെയായിരുന്നു മന്ത്രിയുടെ മറുപടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.