ഗീത ഗോപിനാഥിന്റെ നിയമനം: വിയോജിപ്പുമായി സിപിഎം കേന്ദ്രനേതൃത്വം
ഗീത ഗോപിനാഥിന്റെ നിയമനം: വിയോജിപ്പുമായി സിപിഎം കേന്ദ്രനേതൃത്വം
Tuesday, July 26, 2016 1:11 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഗീത ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവായി നിയമിച്ചതിൽ വിശദീകരണം തേടി സിപിഎം കേന്ദ്ര നേതൃത്വവും വിയോജിപ്പു പ്രകടിപ്പിച്ചു ഇടതു സാമ്പത്തിക വിദഗ്ധനും.

കേരളത്തിന്റെ വികസന കാഴ്ചപ്പാട് ഉപദേശങ്ങൾ കൊണ്ട് അട്ടിമറിക്കാനാകുന്നതല്ലെന്നാണ് ആസൂത്രണ ബോർഡ് മുൻ ഉപാധ്യക്ഷനും ഇടതു സാമ്പത്തിക വിദഗ്ധനുമായ പ്രഭാത് പട്നായിക് നിയമനത്തോടു പ്രതികരിച്ചത്. മോദിയുടെ വികസനനയം തന്നെ പിന്തുടർന്നാൽ ബദൽ മാർഗമുണ്ടാക്കാൻ ഇടതുപക്ഷത്തിനാകില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

നവ ഉദാരവത്കരണ വികസന നയങ്ങളുടെ കെണിയിൽ ഇടതുപക്ഷ സർക്കാർ വീണു പോകരുതെന്നും പ്രഭാത് പട്നായിക് ചൂണ്ടിക്കാട്ടി. അതിനിടെ, ഗീത ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവായി നിയമിച്ചതിൽ സിപിഎം കേന്ദ്ര നേതൃത്വവും അതൃപ്തി പ്രകടിപ്പിച്ചു. നിയമനത്തിൽ പാർട്ടി സംസ്‌ഥാന നേതൃത്വത്തോട് കേന്ദ്ര നേതൃത്വം വിശദീകരണമാവശ്യപ്പെട്ടു. നവ ഉദാരവത്ക്കരണത്തെയും കമ്പോളമുതലാളിത്തത്തെയും സ്വകാര്യവത്കരണത്തെയും ശക്‌തമായി പിന്തുണയ്ക്കുന്ന ഗീത ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവായി നിയമിച്ചതു പാർട്ടി നിലപാടുകൾക്ക് ചേരാത്തതാണെന്നാണു സിപിഎം കേന്ദ്ര നേതൃത്വത്തിന്റെ പൊതു വിലയിരുത്തൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.