ന്യൂഡൽഹിയിൽ വനിതകൾക്കെതിരേ ഏഴുമാസത്തിനുള്ളിൽ 8,500 അക്രമങ്ങൾ
Tuesday, July 26, 2016 12:53 PM IST
ന്യൂഡൽഹി: ഡൽഹി വീണ്ടും വനിതകളുടെ പേടി സ്വപ്നമാകുന്നു. കഴിഞ്ഞ ഏഴുമാസത്തിനുള്ളിൽ മാത്രം രാജ്യ തലസ്‌ഥാനത്തു നിന്നും വനിതകൾക്കെതിരായ 8500 അക്രമ സംഭവങ്ങളാണു റിപ്പോർട്ടു ചെയ്തത്. ഇതിൽ 1200 എണ്ണവും മാനഭംഗക്കേസുകൾ ആണെന്നതാണു ഏറെ ഭീതിജനകം.

രാജ്യവ്യാപക പ്രതിഷേധം ഉയർന്ന നിർഭയ സംഭവം അധികാരികളുടെ കണ്ണുതുറപ്പിച്ചില്ലെന്ന് വ്യക്‌തമാക്കുന്നതാണ് ഡൽഹി പോലീസ് തന്നെ പുറത്തുവിട്ട പുതിയ കണക്കുകൾ. ജൂലൈ പതിനഞ്ചു വരെ രാജ്യതലസ്‌ഥാനത്ത് 1200 പേർ മാനഭംഗത്തിനിരയായി. മാനഭംഗത്തിന് ശേഷം ആസിഡ് കുടിപ്പിച്ച ദളിത് പെൺകുട്ടി മരിച്ചതാണ് ഒടുവിലത്തെ സംഭവം. സ്ത്രീകൾ പൊതുനിരത്തിലും അല്ലാതെയും അപമാനിക്കപ്പെട്ട മൂവായിരം സംഭവങ്ങളുണ്ടായി.


കേസുകൾ റജിസ്റ്റർ ചെയ്യാനും കാര്യക്ഷമമായി അന്വേഷിക്കാനും പോലീസ് കാണിക്കുന്ന വിമുഖത കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനിടയാക്കുന്നു. എന്നാൽ, ഡൽഹി പോലീസിനെ തങ്ങളുടെ കീഴിലാക്കിയാൽ ഈ ദുരവസ്‌ഥയ്ക്കു മാറ്റം വരുത്തുമെന്നാണ് ആം ആദ്മി സർക്കാർ അവകാശപ്പെടുന്നത്. ഉത്തരവാദിത്വങ്ങളിൽ നിന്നൊഴിഞ്ഞു നിൽക്കാൻ സംസ്‌ഥാന സർക്കാരിനാകില്ലെന്നു കേന്ദ്ര സർക്കാരും വ്യക്‌തമാക്കുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.