മാനഭംഗത്തിനിരയായ യുവതിക്കു ഗർഭഛിദ്രത്തിന് അനുമതി
മാനഭംഗത്തിനിരയായ യുവതിക്കു ഗർഭഛിദ്രത്തിന് അനുമതി
Monday, July 25, 2016 12:05 PM IST
ന്യൂഡൽഹി: ക്രൂരമായ മാനഭംഗത്തിനിരയായ യുവതിക്ക് 24 ആഴ്ച പ്രായമായ ഗർഭം അലസിപ്പിക്കാൻ സുപ്രീംകോടതിയുടെ അനുമതി. അമ്മയുടെ ജീവൻ അപകടത്തിലാണെന്നു കണ്ടെത്തി മെഡിക്കൽ ബോർഡ് നൽകിയ റിപ്പോർട്ടിന്റെ അടിസ്‌ഥാനത്തിലാണ് ജസ്റ്റീസ് ജെ.എസ്. ഖെഹർ അധ്യക്ഷനായ ബെഞ്ചിന്റെ നടപടി. കുഞ്ഞിനു ജന്മം നൽകിയാൽ അത് അമ്മയുടെ ആരോഗ്യപരവും മാനസികവുമായ നിലയെ ഗുരുതരമായി ബാധിക്കുമെന്ന് മുംബൈയിലെ കിംഗ് എഡ്വേർഡ് മെമ്മോറിയൽ ആശുപത്രിയിലെ ഏഴംഗ മെഡിക്കൽ ബോർഡ് റിപ്പോർട്ട് നൽകിയിരുന്നു. മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി ആക്ട് പ്രകാരം രാജ്യത്ത് 20 ആഴ്ചയ്ക്കു മുകളിൽ പ്രായമുള്ള ഗർഭം അലസിപ്പിക്കാൻ അനുവദിക്കാറില്ല.


എന്നാൽ, ഈ കാലയളവ് കഴിഞ്ഞതിനുശേഷമാണ് ഭ്രൂണത്തിന്റെ അസാധാരണ വളർച്ചയെ കുറിച്ചു അറിയാൻ സാധിച്ചതെന്നു ചൂണ്ടിക്കാട്ടി യുവതി കോടതിയെ സമീപിച്ചത്. നിലവിലുള്ള നിയമ പ്രകാരം 20 ആഴ്ചയ്ക്കു മുകളിൽ പ്രായമുള്ള ഭ്രൂണങ്ങളെ നശിപ്പിക്കാൻ അനുവദിക്കില്ലെന്നും എന്നാൽ അമ്മയുടെ ആരോഗ്യത്തെ ഗുരുതരമായി ബാധിക്കുമെന്നു ബോധ്യപ്പെടുകയാണെങ്കിൽ 24 ആഴ്ചയ്ക്കു മുകളിലുള്ള ഗർഭം അലസിപ്പിക്കാൻ നിയമത്തിൽ വ്യവസ്‌ഥയുണ്ടെന്നും കേന്ദ്ര സർക്കാരിനു വേണ്ടി ഹാജരായ അറ്റോർണി ജനറൽ മുകുൾ റോഹ്ത്തഗി കോടതിയെ അറിയിച്ചിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.