യുപിയിൽ കോൺഗ്രസ് തെരഞ്ഞെടുപ്പിന് ഒരുങ്ങി
യുപിയിൽ കോൺഗ്രസ് തെരഞ്ഞെടുപ്പിന് ഒരുങ്ങി
Saturday, July 23, 2016 1:57 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനു കോൺഗ്രസ് ഒരുങ്ങി. മൂന്നു ദിവസത്തെ ബസ് യാത്രയോടെയാണു പ്രചരണത്തിനു തുടക്കം കുറിച്ചത്. 27 വർഷം, ദുരിതത്തിൽ യുപി എന്നതാണു കോൺഗ്രസിന്റെ തെരഞ്ഞെടുപ്പു മുദ്രാവാക്യം. പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി, ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ ചേർന്ന് പ്രചരണ യാത്ര ഫ്ളാഗ് ഓഫ് ചെയ്തു. പാർട്ടിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥി ഷീലാ ദീക്ഷിത് നയിക്കുന്ന ബസ് യാത്രയെ മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദും പാർട്ടി സംസ്‌ഥാന അധ്യക്ഷനും നടനുമായ രാജ് ബബ്ബാറും അനുഗമിക്കുന്നുണ്ട്. നേരത്തേ, പ്രിയങ്ക ഗാന്ധി പ്രചാരണത്തിനു നേതൃത്വം നൽകുമെന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ പ്രിയങ്കയെ കോൺഗ്രസിന്റെ മുഖമായി കൊണ്ടുവരണമെന്നു സംസ്‌ഥാനത്തെ പ്രവർത്തകർ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഇന്നലത്തെ പരിപാടികളിൽ പ്രിയങ്ക പങ്കെടുത്തില്ല.

മൂന്നു ദിവസംകൊണ്ടു യുപി ചുറ്റുന്ന യാത്രയ്ക്കിടെ നേതാക്കൾ പ്രവർത്തകരുമായി സംവദിക്കാൻ സമയം കണ്ടെത്തും. മൊത്തം 600 കിലോമീറ്ററാണ് സഞ്ചരിക്കുക. ഈ മാസം 29നു പാർട്ടി ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ലക്നോയിലെത്തി പ്രചാരണത്തിൽ പങ്കുചേരും. രാഹുൽ ഗാന്ധി പങ്കെടുക്കുന്ന പരിപാടിയിൽ ഒരു ലക്ഷം പ്രവർത്തകരെ പങ്കെടുപ്പിക്കാനാണു പാർട്ടി ശ്രമിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വാരണാസിയിൽ അടുത്ത മാസം രണ്ടിന് സോണിയ ഗാന്ധിയുടെ നേതൃത്വത്തിലുള്ള റോഡ് ഷോയും നടക്കും. ഓഗസ്റ്റിലും സെപ്റ്റംബറിലുമായി 27 ബസ് യാത്രകൾ കൂടി പാർട്ടി സംഘടിപ്പിക്കുന്നുണ്ട്. 1989ൽ കോൺഗ്രസ് സംസ്‌ഥാനത്തു പരാജയപ്പെട്ടശേഷം ഇതുവരെയുള്ള സമാജ് വാദി പാർട്ടി, ജനതാദൾ, ബിജെപി, ബിഎസ്പി, എസ്പി ഭരണങ്ങളിലെ വീഴ്ചകൾ പ്രചാരണത്തിൽ ചൂണ്ടിക്കാട്ടും. ഏതെങ്കിലും പാർട്ടിയെ പ്രത്യേകമായി അനുകൂലിക്കാതെ എല്ലാവരെയും ആക്രമിക്കുന്ന ശൈലിയാവും കോൺഗ്രസ് സ്വീകരിക്കുക. നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിഹാറിൽ നിതീഷ്കുമാറിനുംവേണ്ടി പ്രചാരണത്തിനു ചുക്കാൻ പിടിച്ച പ്രശാന്ത് കിഷോർ ആണ് കോൺഗ്രസിനുവേണ്ടി തന്ത്രങ്ങൾ മെനയുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.