കനയ്യയെയും മാധ്യമപ്രവർത്തകരെയും അഭിഭാഷകർ ആക്രമിച്ചത് ആസൂത്രിതം: ഡൽഹി പോലീസ്
Saturday, July 23, 2016 12:50 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ഡൽഹി ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർഥി യുണിയൻ നേതാവ് കനയ്യ കുമാറിനെയും മാധ്യമപ്രവർത്തകരെയും പട്യാല ഹൗസ് കോടതിയിൽ അഭിഭാഷകർ മർദിച്ചത് ആസൂത്രം ചെയ്തു നടപ്പാക്കിയതാണെന്നു ഡൽഹി പോലീസ്. പട്യാല ഹൗസ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്. വിക്രം ചൗഹാൻ, ഓം ശർമ, യശ്പാൽ സിംഗ് എന്നീ അഭിഭാഷകരാണ് ഇതിനു നേതൃത്വം നൽകിയതെന്നും അവർ അക്രമവും കലാപവുമുണ്ടാക്കാൻ മറ്റ് അഭിഭാഷകരെ പ്രേരിപ്പിച്ചുവെന്നും കുറ്റപത്രത്തിൽ പറയുന്നു.

ഇവർ മൂന്നു പേരും ചേർന്നാണു മറ്റ് അഭിഭാഷകരെ സംഘടിപ്പിച്ചത്. തുടർന്ന് കനയ്യ കുമാറിനെ ആക്രമിക്കാൻ സംഘം ചേർന്നു നിന്നു. റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തി. ഫെബ്രുവരി 15നാണ് ഈ സംഭവങ്ങൾ. ജെഎൻയു അഭിഭാഷകരെപ്പോലും കോടതിയിൽ ഇരിക്കാൻ അഭിഭാഷകർ സമ്മതിച്ചില്ല. കറുത്ത കോട്ടണിഞ്ഞ അഭിഭാഷകരല്ലാത്ത ചിലരും അക്രമത്തിൽ പങ്കുചേർന്നു. രണ്ടാം നമ്പർ ഗേറ്റിൽ വിക്രം ചൗഹനാണ് മാധ്യമങ്ങൾക്കെതിരേ അക്രമം തുടങ്ങിയതെന്ന് പോലീസ് വ്യക്‌തമാക്കുന്നു. പിന്നീടു മറ്റു രണ്ടുപേരും പങ്കുചേർന്നു. ഇവർ മറ്റ് അഭിഭാഷകരെ മാധ്യമപ്രവർത്തകരെ ആക്രമിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. കുറ്റപത്രം കോടതി സെപ്റ്റംബറിൽ പരിഗണിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.