മൂന്നു ചൈനീസ് ലേഖകരെ ഇന്ത്യ പുറത്താക്കുന്നു
Saturday, July 23, 2016 12:50 PM IST
ന്യൂഡൽഹി: ചൈനയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ സിൻഹുവയുടെ മൂന്നു ലേഖകരെ ഇന്ത്യ പുറത്താക്കുന്നു. ഇന്ത്യ–ചൈന ബന്ധം വഷളായതിന്റെ സൂചനയാണിത്.

സിൻഹുവയുടെ ഡൽഹി ബ്യൂറോ ചീഫ് വു കിയാംഗ്, മുംബൈ ബ്യൂറോ ചീഫ് ലു ടാംഗ്, മുംബൈ റിപ്പോർട്ടർ ഷെ യോംഗ്ഗാംഗ് എന്നിവരുടെ വീസ പുതുക്കാൻ ഇന്ത്യ വിസമ്മതിച്ചു. ഈ 31 വരെയാണ് വീസ കാലാവധി. വീസ നീട്ടാത്തതിൽ ഇന്ത്യ കാരണമൊന്നും പറഞ്ഞിട്ടില്ല. സിൻഹുവ ഇതേപ്പറ്റി പ്രതികരിച്ചുമില്ല.

ആണവദാതാക്കളുടെ സംഘ(എൻഎസ്ജി)ത്തിൽ ഇന്ത്യക്ക് അംഗത്വം നൽകുന്നതിനെ ചൈന കഴിഞ്ഞ മാസം തടഞ്ഞതോടെ വഷളായതാണ് അയൽബന്ധം. അതു കൂടുതൽ വഷളായി മാറുകയാണ്. ലഡാക്കിൽ അതിർത്തിയോടു ചേർന്ന് ഇന്ത്യ ടാങ്കുകളടക്കം അധിക ഡിവിഷൻ പട്ടാളത്തെ നിയോഗിച്ചതും പ്രശ്നമായി. അതിർത്തിയിൽ ടാങ്കുകൾ നിരത്തിയാൽ മൂലധന നിക്ഷേപം വരില്ലെന്നു ചൈന മാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടർന്നാണ് ലേഖകരെ പുറത്താക്കാനുള്ള നീക്കം.


ചൈനീസ് ഗവൺമെന്റിനു രസിക്കാത്ത റിപ്പോർട്ടുകൾ നൽകുന്നവർക്കു ചൈനയും വീസ പുതുക്കാറില്ല. ഇന്ത്യൻ നടപടി ചൈനയിലെ ഇന്ത്യൻ മാധ്യമ ലേഖകരുടെ വീസ റദ്ദാക്കാനും വഴിതെളിച്ചേക്കാം. ബെയ്ജിംഗിൽ അഞ്ച് ഇന്ത്യൻ മാധ്യമ ലേഖകർ ഉണ്ട്. ചൈനീസ് മാധ്യമങ്ങളിൽ പ്രവർത്തിക്കുന്ന ഇന്ത്യക്കാരും ഉണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.