ദളിത് പീഡനങ്ങൾ: രാജ്യസഭയിൽ പ്രതിഷേധം
ദളിത് പീഡനങ്ങൾ: രാജ്യസഭയിൽ പ്രതിഷേധം
Thursday, July 21, 2016 12:07 PM IST
<ആ>സെബി മാത്യു

ന്യൂഡൽഹി: രാജ്യത്ത് ദളിത് വിഭാഗങ്ങൾക്കെതിരേ താലിബാൻ മോഡൽ ആക്രമണങ്ങളാണു നടക്കുന്നതെന്നാരോപിച്ച് രാജ്യസഭയിൽ പ്രതിപക്ഷം ബിജെപിക്കെതിരേ ആഞ്ഞടിച്ചു. ദളിതർക്കെതിരായി നടന്ന അക്രമങ്ങളിൽ ഗുജറാത്ത് മോഡൽ അങ്ങേയറ്റം അപലപനീയമാണെന്നും പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം ആരോപിച്ചു.

ഗുജറാത്തിൽ ദളിത് വിഭാഗങ്ങളെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന തരത്തിൽ സ്ഫോടനാത്മകമായ സ്‌ഥിതിവിശേഷമാണുള്ളതെന്നും ആറു മണിക്കൂർ നീണ്ട ചർച്ചയിൽ പ്രതിപക്ഷം കുറ്റപ്പെടുത്തി.

ഗുജറാത്ത് സംഭവത്തിൽ കുറ്റക്കാർക്കെതിരേ രണ്ടു മാസത്തിനുള്ളിൽ കുറ്റപത്രം തയാറാക്കണമെന്നു നിർദേശം നൽകിയിട്ടുണ്ടെന്നു ചർച്ചയ്ക്കു മറുപടി പറയവേ ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് വ്യക്‌തമാക്കി. ആറു മാസത്തിനുള്ളിൽ കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നു സംസ്‌ഥാന സർക്കാരിനോടു നിർദേശിച്ചിട്ടുണ്ട്. രാജ്യത്തു ദളിത്വിരുദ്ധ മാനസികാവസ്‌ഥ നീക്കം ചെയ്യാൻ എല്ലാ രാഷ്ര്‌ടീയ കക്ഷികളുടെയും സഹകരണം ആവശ്യമാണെന്നും മന്ത്രി പറഞ്ഞു. അതിനിടെ മറ്റു സംസ്‌ഥാനങ്ങളെ അപേക്ഷിച്ചു ഗുജറാത്തിൽ ഇത്തരം അക്രമസംഭവങ്ങൾ കുറവാണെന്നു സ്‌ഥാപിക്കാനുള്ള രാജ്നാഥിന്റെ ശ്രമം പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കി.

എന്നാൽ, രാജ്യത്ത് പശുസംരക്ഷണം അത്യാവശ്യമാണെന്നും എന്നാൽ മനുഷ്യരെ ആരാണു രക്ഷിക്കുകയെന്നുമാണു ചർച്ചയിൽ പങ്കെടുത്ത കേന്ദ്ര സാമൂഹ്യ നീതി സഹമന്ത്രി രാം ദാസ് അത്തേവാല പറഞ്ഞു. ദളിതർക്കെതിരായ അക്രമങ്ങൾക്കു തടയിടാൻ നിയമം കൊണ്ടു മാത്രം കഴിയില്ല. ജാതിവ്യവസ്‌ഥയുടെ ദുരന്ത ഫലങ്ങൾ ഒഴിവാക്കാൻ രാജ്യത്ത് മിശ്രവിഹം പ്രോത്സാഹിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഇന്നലെ ഉച്ചകഴിഞ്ഞു നടന്ന ചർച്ചയിൽ പ്രധാനമായും ഗുജറാത്തിലെ ഉനായിൽ ദളിത് യുവാക്കൾക്കു നേരെ നടന്ന ആക്രമണത്തിന്റെ പേരിലാണു പ്രതിപക്ഷാംഗങ്ങൾ ഭരണപക്ഷത്തെ ആക്രമിച്ചത്. ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം ദളിത്, മുസ്ലിം വിഭാഗങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾ ചർച്ച ചെയ്യാൻ നിർബന്ധിതരായിരിക്കുകയാണെന്നു പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് കുറ്റപ്പെടുത്തി. ഭരണപക്ഷത്തു നിന്നു തന്നെയുള്ള മന്ത്രിയുടെ ഇത്തരം പ്രസ്താവന ഏറെ ശ്രദ്ധേയമായി.

രാജ്യത്തെ ഗോരക്ഷാ പ്രവർത്തനങ്ങൾ മുഴുവൻ നിരോധിക്കണമെന്ന് ജെഡിയു നേതാവ് ശരദ് യാദവ് ആവശ്യപ്പെട്ടു. താലിബാൻ മോഡൽ സമീപനമാണ് ഇക്കൂട്ടർക്കുള്ളത്. സ്വാതന്ത്ര്യം ലഭിച്ച് 70 വർഷം കഴിഞ്ഞിട്ടും ദളിതർക്കും വനിതകൾക്കും എതിരേയുള്ള അക്രമങ്ങൾ വർധിച്ചു കൊണ്ടിരിക്കുന്നത് ലജ്‌ജാകരമാണ്. ആരാണ് ഈ ഗോരക്ഷാ സംഘടനകൾ ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സർക്കാർ ഇതു നിരോധിക്കുകയാണു വേണ്ടത്. നമ്മൾ താലിബാനെ നിരന്തരം വിമർശിക്കുന്നു. എന്നാൽ, ഇവിടു ത്തെ ജാതിവ്യവസ്‌ഥ താലിബാൻ മോഡലിനെക്കാളും മോശമാണെ ന്നും യാദവ് കുറ്റപ്പെടുത്തി. ഗുജറാത്ത് ഉൾപ്പടെയുള്ള സംസ്‌ഥാനങ്ങളിലെ തൊഴിലില്ലാത്ത ചെറുപ്പാക്കാരാണ് ഗോരക്ഷാ സംഘടനയിൽ ചേരുന്നത്. 33 കോടി ദേവീ ദേവൻമാർ പശുവിനുള്ളിൽ വസിക്കുന്നു എന്നാണ് ഗോരക്ഷാ പ്രവർത്തകർ പറയുന്നത്. രാജ്യത്ത് ഇത്തരം അസംബന്ധങ്ങൾ പ്രചരിപ്പിക്കുകയാണെന്നും ശരദ് യാദവ് തുറന്നടിച്ചു.

ഇതോടെ കോൺഗ്രസും മറ്റു കക്ഷികളും ശരദ് യാദവിന്റെ നിർദേശത്തോടു യോജിച്ചു. സമീപകാല സംഭവങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി കൊട്ടിഘോഷിച്ച ഗുജറാത്ത് മോഡലിന്റെ യഥാർഥ മുഖം വെളിപ്പെടുത്തിയെന്നു കോൺഗ്രസ് പറഞ്ഞു. ഗുജറാത്തിൽ ദളിതരെ ആത്മഹത്യയിലേക്കു തള്ളിവിടുന്ന ഭീകരാന്തരീക്ഷമാണുള്ളതെന്ന് കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ പറഞ്ഞു.


നിലവിലെ സംഭവങ്ങൾ സാമുദായിക സംഘർഷങ്ങളിലേക്കു നീങ്ങാതിരിക്കാൻ കേന്ദ്ര സർക്കാർ ജാഗ്രത പാലിക്കണം. എല്ലാവരുടെയും ഒപ്പം എല്ലാവരുടെയും വികസനം എന്നാണു ബിജെപിയുടെ മുദ്രാവാക്യം. എന്നാൽ, നിലവിലെ സ്‌ഥിതി ഇതു വിപരീതമാണെന്നും പട്ടേൽ കുറ്റപ്പെടുത്തി. കൊട്ടിഘോഷിക്കപ്പെട്ട ഗുജറാത്ത് മോഡൽ വ്യവസായ ഭീമൻമാർക്കു വേണ്ടി മാത്രമുള്ളതായിരുന്നു. ബിജെപി എക്കാലത്തും സമൂഹത്തെ ഭിന്നിപ്പിച്ചു ഭരിക്കുകയാണു ചെയ്യുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അധികാരത്തിലെത്തിയ ശേഷം കേന്ദ്ര സർക്കാർ ദളിതുകളെ ആക്രമിക്കാൻ പുതിയ മാർഗങ്ങൾ തേടുകയാണെന്നു സിപിഎം നേതാവ് സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ആശങ്കയും അജ്‌ഞതയുമാണ് ഭരണപക്ഷം വെച്ചുപുലർത്തുന്നത്. ദളിതുകളുടെ കാര്യം വരുമ്പോൾ വാക്കുകളുടെ അതിസാരവും നടപടിയുടെ മലബന്ധവുമാണ് ഉണ്ടാകുന്നതെന്നും യെച്ചൂരി വിമർശിച്ചു.

കഴിഞ്ഞ രണ്ടു വർഷമായി ഇന്ത്യയെക്കുറിച്ചു മോശം ഓർമകളാണുള്ളത്. പശുവിനെ ഇവിടെ പൂജിക്കുന്നുണ്ട്. പക്ഷേ ചത്ത പശുവിന്റെ തോലുരിച്ചു എന്നാരോപിച്ചാണ് ഒരു വിഭാഗത്തെ ആക്രമിക്കുന്നത്. മന്ത്രിമാർ തന്നെ ദളിതരെ പട്ടികളോട് ഉപമിച്ചതോടെ അടിച്ചമർത്തലുകൾ വർധിക്കുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

കഴിഞ്ഞ വർഷം രാജ്യത്ത് ആത്മഹത്യ ചെയ്ത 25 വിദ്യാർഥികളിൽ 23 പേരും ദളിത് വിഭാഗങ്ങളിൽ നിന്നുള്ളവരായിരുന്നു. ചില മന്ത്രിമാർ ഉൾപ്പടെയുള്ളവർ അവർക്കെതിരേ മോശം പരാമർശം നടത്തുകയും വിഭിന്ന മനോസ്‌ഥിതി വെച്ചു പുലർത്തുകയും ചെയ്തു. ആർഎസ്എസ് നേതൃത്വം തന്നെ സംവരണ നയം പൊളിച്ചെഴുതണമെന്ന ആവശ്യവുമായി നിൽക്കുകയാണ്.

2014നു ശേഷം രാജ്യത്ത് ദളിതർക്കെതിരായ ആക്രമണങ്ങളിൽ 19 ശതമാനം വർധയുണ്ടായിട്ടുണ്ട്. ഗുജറാത്തിൽ ദളിത് യുവാക്കളെ ആക്രമിച്ച സംഭവത്തിൽ സംസ്‌ഥാന സർക്കാരിനു ഗുരുതര വീഴ്ച പറ്റി. ആക്രമത്തിനിരയായവർക്കു നിയമസഹായമോ അഭിഭാഷകരെയോ അനുവദിച്ചില്ല.

മിശ്രവിവാഹത്തെ തടയുന്ന ഖാപ് പഞ്ചായത്ത് നടപടികളും തോട്ടിപ്പണിയും നിർത്തലാക്കാൻ സർക്കാർ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചർച്ചക്കിടെ ബിഎസ്പി നേതാവ് മായാവതിക്കെതിരേ ബിജെപി നേതാവ് നടത്തിയ മോശം പരാമർശത്തെ തൃണമൂൽ എംപി ഡെറിക് ഒബ്രിയൻ ശക്‌തമായി അപലപിച്ചു. പശുവിനെ ആരാധിക്കുകയും പശുപരിപാലകനെ ആക്രമിക്കുകയും ചെയ്യുന്നതെന്തിനാണെന്നാണ് ഗുജറാത്ത് സംഭവത്തെ അപലപിച്ച് അദ്ദേഹം ചോദിച്ചത്. അംബേദ്കറുടെ കൃതികൾ വിവർത്തനം ചെയ്യാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങൾക്കിടെ അർഥം ചോർന്നു പോകുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. രാജ്യസഭയിലെ നിരവധി അംഗങ്ങൾ ലെതർ ചെരിപ്പുകൾ ധരിക്കുന്നുണ്ടെന്നും രാജ്യത്ത് 2.5 ലക്ഷം പേർ തോലുറയ്ക്കിടുന്ന പണിയിൽ ഏർപ്പെട്ടിട്ടുണ്ടെന്നും തോൽ കയറ്റുമതിയിൽ ഇന്ത്യ മുൻപന്തിയിൽ നിൽക്കുന്ന രാജ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തനിക്കെതിരായ ബിജെപി നേതാവിന്റെ പരാമർശം ദളിത് വികാരത്തെ മുറിപ്പെടുത്തിയെന്നു ബിഎസ്പി നേതാവ് മായാവതി ചൂണ്ടിക്കാട്ടി. ഇന്നും ദളിത് വിരുദ്ധവും പട്ടിക വർഗ വിരുദ്ധവുമായ ആക്രമങ്ങൾ തുടരുകയാണ്. ഭരണഘടന ഉറപ്പു നൽകുന്ന സുരക്ഷ അവർക്കു ലഭിക്കുന്നില്ലെന്നും മായാവതി വ്യക്‌തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.