മാധ്യമപ്രവർത്തകർക്കു നേരേയുണ്ടായ അക്രമം അന്വേഷിക്കും: ജസ്റ്റീസ് കുര്യൻ ജോസഫ്
മാധ്യമപ്രവർത്തകർക്കു നേരേയുണ്ടായ അക്രമം അന്വേഷിക്കും: ജസ്റ്റീസ് കുര്യൻ ജോസഫ്
Thursday, July 21, 2016 12:07 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേരള ഹൈക്കോടതിയിലും തിരുവനന്തപുരം കോടതിയിലും മാധ്യമപ്രവർത്തകർക്കു നേരെയുണ്ടായ അക്രമത്തെക്കുറിച്ചു കോടതിതല ആഭ്യന്തര അന്വേഷണം നടത്തുമെന്നു സുപ്രീംകോടതി ജഡ്ജി ജസ്റ്റീസ് കുര്യൻ ജോസഫ്. ഹൈക്കോടതിയിലെ ആക്ടിംഗ് ചീഫ് ജസ്റ്റീസോ അല്ലെങ്കിൽ മുതിർന്ന ഹൈക്കോടതി ജഡ്ജിയോ ആയിരിക്കും അന്വേഷണം നടത്തുക.

അക്രമങ്ങളുടെ പശ്ചാത്തലത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ) ഡൽഹി ഘടകം നേതാക്കൾ കൂടിക്കാഴ്ച നടത്തിയതിനെത്തുടർന്നാണ് അദ്ദേഹത്തിന്റെ ഇടപെടൽ. പ്രസിഡന്റ് പ്രശാന്ത് രഘുവംശം, വൈസ് പ്രസിഡന്റ് പ്രസൂൻ. എസ്. കണ്ടത്ത്, ട്രഷറർ പി.കെ. മണികണ്ഠൻ, നിർവാഹക സമിതിയംഗങ്ങളായ ജോർജ് കള്ളിവയലിൽ, എം. ഉണ്ണികൃഷ്ണൻ എന്നിവരുടെ നിവേദകസംഘത്തിനാണ് ഈ ഉറപ്പ് നൽകിയത്.


കൊച്ചിയിലെ സംഘർഷം തിരുവനന്തപുരത്തേക്കും വ്യാപിച്ച പശ്ചാത്തലത്തിൽ ആക്ടിംഗ് ചീഫ് ജസ്റ്റീസ്, അഡ്വക്കറ്റ് ജനറൽ, അഭിഭാഷക അസോസിയേഷൻ ഭാരവാഹികൾ എന്നിവരുമായി ജസ്റ്റീസ് കുര്യൻ ജോസഫ് ഫോണിലൂടെ സംസാരിച്ചു. എല്ലാവരും സംയമനം പാലിക്കണമെന്നും സമൂഹത്തിലെ പ്രശ്നങ്ങൾ ഇടപെട്ടു പരിഹരിക്കേണ്ട മാധ്യമപ്രവർത്തകരും അഭിഭാഷകരും തന്നെ സംഘർഷമുണ്ടാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സുപ്രീം കോടതിയിലെ ജസ്റ്റീസുമാരായ ജെ. ചെലമേശ്വർ, അശോക് ഭൂഷൺ എന്നിവർക്കും പത്രപ്രവർത്തക യൂണിയൻ പരാതി നൽകി. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ടി.എസ്. ഠാക്കുറിനെ കാണാനും ശ്രമിച്ചു വരുന്നതായി പത്രപ്രവർത്തക യൂണിയൻ നേതാക്കൾ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.