ഉത്തരാഖണ്ഡിൽ ഉരുൾപൊട്ടൽ, പ്രളയം; 20 പേർ മരിച്ചു
ഉത്തരാഖണ്ഡിൽ ഉരുൾപൊട്ടൽ, പ്രളയം; 20 പേർ മരിച്ചു
Friday, July 1, 2016 2:41 PM IST
പിതോരഗഢ്: ഉത്തരാഖണ്ഡിലെ പിതോരഗഢ്, ചമോലി ജില്ലകളിൽ ഇന്നലെ വെളുപ്പിനുണ്ടായ ഉരുൾപൊട്ടലിലും മണ്ണിടിച്ചിലിലും 20 പേർ മരിച്ചു. 25 പേരെ കാണാതായി. നിരവധിപേർ മണ്ണിനടിയിൽ കുടുങ്ങിയതായി കരുതപ്പെടുന്നു. നൂറുകണക്കിനു വീടുകളും കന്നുകാലികളും മണ്ണിനടിയിലായി.

സിംഘാലി, പത്താകോട്, ഓഗ്ല, താൽ, ബസ്താരി, നൗ ലാര,റിമോണി നാൻച്നി വില്ലേജുകളിലാണു മേഘവിസ്ഫോടനത്തെത്തുടർന്ന് ഉരുൾപൊട്ടിയത്. ഏഴു വില്ലേജുകളിലെ അൻപതു ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ രണ്ടു മണിക്കൂർ കൊണ്ട് 100 മില്ലിമീറ്റർ മഴയാണു പെയ്തത്. തുടർച്ചയായി പെയ്യുന്ന കനത്ത മഴ രക്ഷാപ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. മരണസംഖ്യ ഉയർന്നേക്കുമെന്ന് പിതോരഗഢ് ജില്ലാ മജിസ്ട്രേറ്റ് എച്ച്.സി. സേംവാൾ പറഞ്ഞു.

ഇന്തോ–ടിബറ്റൻ അതിർത്തി പോലീസ്, ദേശീയ ദുരന്തനിവാരണ സേന എന്നിവ രക്ഷാപ്രവർത്തനത്തിനു നേതൃത്വം നല്കുന്നു. മണ്ണിടിച്ചിലിൽ സിംഘാലിയിലേക്കുള്ള റോഡ് പൂർണമായി തകർന്നതോടെ ദുരന്തനിവാരണ സേനാംഗങ്ങൾ ഖിർചിനയിൽനിന്നു കിലോമീറ്ററുകൾ നടന്നാണു ദുരന്തസ്‌ഥലത്തെത്തിയത്.


ഉത്തരാഖണ്ഡ് ദുരന്തത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി ഹരീഷ് റാവത്തും അഗാധ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് രണ്ടു ലക്ഷം രൂപ ധനസഹായം നല്കുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ചീഫ് സെക്രട്ടറി രക്ഷാപ്രവർത്തനം നിരീക്ഷിച്ചുവരുകയാണെന്നു റാവത്ത് പറഞ്ഞു. നൈനിറ്റാൾ, ഉധംസിംഗ്നഗർ, ചംപാവാത് ജില്ലകളിൽ അടുത്ത 72 മണിക്കൂറിനുള്ളിൽ കനത്തമഴയ്ക്കു സാധ്യതയുണ്ടെന്നു ഡെറാഡൂൺ കാലാവസ്‌ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.