യുപി: പ്രിയങ്കയ്ക്കു വലിയ റോൾ
യുപി: പ്രിയങ്കയ്ക്കു വലിയ റോൾ
Thursday, June 30, 2016 1:36 PM IST
<ആ>ജോർജ് കള്ളിവയലിൽ

ന്യൂഡൽഹി: പ്രിയങ്ക ഗാന്ധി കോൺഗ്രസ് രാഷ്ട്രീയത്തിൽ കൂടുതൽ സജീവയാകുന്നു. അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ പ്രചാരണത്തിന്റെ ചുക്കാൻ പ്രിയങ്ക ഏറ്റെടുത്തേക്കുമെന്നു സൂചനയുണ്ട്. യുപി തെരഞ്ഞെടുപ്പിനുവേണ്ടി കോൺഗ്രസ് തയാറാക്കിയ അഞ്ചിന കർമപദ്ധതികളിൽ അമേത്തിക്കും റായ്ബറേലിക്കും പുറത്ത് പ്രിയങ്ക പ്രചാരണത്തിനിറങ്ങുമെന്നു പറയുന്നുണ്ട്.

പ്രിയങ്കയുടെ റോൾ സംബന്ധിച്ചു കോൺഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിയും വൈസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയും വൈകാതെ തീരുമാനമെടുക്കുമെന്ന് എഐസിസി വക്‌താവും മഹിളാ കോൺഗ്രസ് അധ്യക്ഷയുമായ ശോഭ ഓജ പറഞ്ഞു. കോൺഗ്രസിലെ ഏതാനും മുതിർന്ന നേതാക്കളും വിവിധ തലങ്ങളിലുള്ള മറ്റു ചില സുഹൃത്തുക്കളുമായി പ്രിയങ്ക നേരിട്ടു ചർച്ച നടത്തി. ഉത്തർപ്രദേശിന്റെ ചുമതല അടുത്തിടെ നൽകിയ എഐസിസി ജനറൽ സെക്രട്ടറി ഗുലാം നബി ആസാദും പ്രിയങ്കയെ പ്രചാരണത്തിൽ ഇറക്കണമെന്ന അഭിപ്രായത്തിലാണ്. സോണിയയും രാഹുലും കോൺഗ്രസ് പ്രചാരണ രംഗത്തുണ്ടാകുമെങ്കിലും താരപ്രചാരക പ്രിയങ്കയായിരിക്കുമെന്നാണു പാർട്ടി കേന്ദ്രങ്ങൾ നൽകുന്ന സൂചന. നരേന്ദ്ര മോദിയാകും ബിജെപി പ്രചാരണത്തിനു ചുക്കാൻ പിടിക്കുക. ബിഎസ്പി നേതാവ് മായാവതിയും എസ്പി നേതാവ് മുലായം സിംഗ് യാദവും മകനും മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവും ജനപ്രിയ പ്രചാരകരാണ്. മോദി, മായാവതി, മുലായം ത്രയത്തെ നേരിടാൻ കോൺഗ്രസിന് പ്രിയങ്കയുടെ സാന്നിധ്യം സഹായിക്കുമെന്നാണു നേതാക്കളുടെ കണക്കുകൂട്ടൽ.


ലോക്സഭാ തെരഞ്ഞെടുപ്പു കാലത്തു പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വധേരയ്ക്കെതിരേ ഭൂമി കുംഭകോണം അടക്കം നിരവധി ആരോപണങ്ങൾ ഉന്നയിച്ച ബിജെപി സർക്കാർ അധികാരത്തിലെത്തി രണ്ടു വർഷമായിട്ടും വധേരയ്ക്കെതിരേ ഒരു പെറ്റി കേസ് പോലും ചാർജ് ചെയ്തിട്ടില്ല. എങ്കിലും വിവാദനായകനായ വധേരയെ രാഷ്ട്രീയത്തിൽനിന്നു പൂർണമായി അകറ്റി നിർത്തണമെന്ന വാദം കോൺഗ്രസിലുണ്ട്.

യുപിയിൽ സ്‌ഥാനാർഥിയാകാൻ അപേക്ഷിക്കുന്നവർ നിയോജകമണ്ഡലത്തിലെ ഓരോ ബൂത്തിൽ നിന്നും തങ്ങളെ പിന്തുണയ്ക്കുന്ന രണ്ടു പേരുടെ വീതം പേരു നൽകണമെന്നതാണു കോൺഗ്രസ് ഇത്തവണ നിർദേശിച്ചിരിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.