കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി ഉടൻ
കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണി ഉടൻ
Wednesday, June 29, 2016 1:11 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: കേന്ദ്രമന്ത്രിസഭ പുനഃസംഘടന ഉടനുണ്ടായേക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഫ്രിക്കൻ പര്യടനം അടുത്ത ബുധനാഴ്ച ആരംഭിക്കുന്നതിനു മുമ്പായി പുനഃസംഘടന നടക്കുമെന്നാണു സൂചന. ഇതിനു മുന്നോടിയായി ധനമന്ത്രി അരുൺ ജയ്റ്റ്ലിയും ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷായും ഇന്നലെ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. നിയമസഭാ തെരഞ്ഞെടുപ്പു നടക്കാനുള്ള യുപി, ഉത്തരാഖണ്ഡ് സംസ്‌ഥാനങ്ങൾക്കു കൂടുതൽ പ്രാതിനിധ്യം നൽകുന്ന അഴിച്ചുപണിയിൽ കേരളത്തിനു പ്രാതിനിധ്യം ഉണ്ടായേക്കില്ല. അതേസമയം, നിയമമന്ത്രി സദാനന്ദ ഗൗഡയെ ഒഴിവാക്കുമെന്നു സൂചനയുണ്ട്.

രാജ്നാഥ് സിംഗ്, അരുൺ ജയ്റ്റ്ലി, സുഷമ സ്വരാജ്, മനോഹർ പരീക്കർ, വെങ്കയ്യ നായിഡു, നിതിൻ ഗഡ്കരി തുടങ്ങിയ പ്രമുഖ മന്ത്രിമാരുടെ വകുപ്പുകളിൽ മാറ്റമുണ്ടാകാനിടയില്ല. എന്നാൽ, മികവ് ഏറെയൊന്നും പ്രകടിപ്പിക്കാത്ത നിയമമന്ത്രി സദാനന്ദ ഗൗഡ, രാസവള സഹമന്ത്രി നിഹാൽ ചന്ദ് എന്നിവർക്കു പുറത്തിരിക്കേണ്ടി വന്നേക്കും. യുപി തെരഞ്ഞെടുപ്പു മുൻനിർത്തി യോഗി ആദിത്യനാഥ് മന്ത്രിസഭയിലേക്കെത്തിയേക്കുമെന്നാണു റിപ്പോർട്ട്. ഉത്തർപ്രദേശിൽ ന്യൂനപക്ഷങ്ങൾക്കെതിരേ വിദ്വേഷ പ്രചാരണങ്ങൾ നടത്തുന്നതിൽ മുൻനിരയിൽ നിൽക്കുന്ന നേതാവാണു യോഗി ആദിത്യനാഥ്. മന്ത്രിമാരായ മഹേഷ് ശർമയ്ക്കും സഞ്ജീവ് ബല്യാനും സ്‌ഥാനക്കയറ്റം കിട്ടാനും ഇടയുണ്ട്. യുപിയിൽ ബിജെപിയുടെ സഖ്യകക്ഷിയായ അപ്നാ ദളിന്റെ അനുപ്രിയ പട്ടേലും മന്ത്രിസഭയിൽ അംഗമായേക്കുമെന്നാണു സൂചന. അർജുൻ മേഘ്വാൾ, രാകേഷ് സിംഗ്, രമൺ ദേക്ക, വിനയ് സഹസ്ര ബുദ്ധേ എന്നിവർ പുതുമുഖങ്ങളായി എത്തിയേക്കാം. പാർലമെന്ററികാര്യ സഹമന്ത്രി മുക്‌താർ അബ്ബാസ് നഖ്വിക്കും സ്‌ഥാനക്കയറ്റമുണ്ടായേക്കുമെന്നറിയുന്നു.


മന്ത്രിസഭയിലെ മറ്റൊരു ന്യൂനപക്ഷ മുഖമായ നജ്മ ഹെപ്തുള്ളയ്ക്കു പ്രായക്കൂടുതൽ മന്ത്രിസഭയ്ക്കു പുറത്തേക്കുള്ള വഴിതെളിച്ചേക്കും. ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഭഗത് സിംഗ് കോഷിയാരിയും ആസാമിൽ നിന്നുള്ള രാമേശ്വർ തേലിയും മന്ത്രിമാരായേക്കുമെന്നാണു സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.