കാഷ്മീർ വിഷയത്തിൽ നെഹ്റു കാണിച്ചതു ചരിത്രപരമായ മണ്ടത്തരം: അമിത്ഷാ
കാഷ്മീർ വിഷയത്തിൽ നെഹ്റു കാണിച്ചതു ചരിത്രപരമായ മണ്ടത്തരം: അമിത്ഷാ
Wednesday, June 29, 2016 12:38 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ജമ്മു കാഷ്മീർ വിഷയത്തിൽ മുൻ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന് അബദ്ധം പറ്റിയെന്നു ബിജെപി ദേശീയ അധ്യക്ഷൻ അമിത്ഷാ. ഈ വിഷയത്തിൽ നെഹ്റു കാണിച്ചതു ചരിത്രപരമായ അബദ്ധമാണെന്നായിരുന്നു കുറ്റപ്പെടുത്തൽ. പാക്കിസ്‌ഥാന്റെ പിന്തുണയോടെ ഗോത്രവർഗക്കാർ 1948ൽ കാഷ്മീർ ആക്രമിച്ചപ്പോൾ താത്കാലികമായി യുദ്ധം നിർത്താനായിരുന്നു നെഹ്റുവിന്റെ തീരുമാനം. അത്തരമൊരു തീരുമാനം അന്നെടുക്കേണ്ടി വന്നില്ലായിരുന്നെങ്കിൽ ഇന്നു കാഷ്മീർ പ്രശ്നം ഇത്രമേൽ രൂക്ഷമാകുമായിരുന്നില്ല. എന്തുകൊണ്ടാണ് ഒരു കാരണവുമില്ലാതിരുന്നിട്ടും യുദ്ധം നിർത്തിവയ്ക്കാൻ തീരുമാനമെടുത്തതെന്ന് ഇന്നും വ്യക്‌തമല്ല. പ്രതിച്ഛായ വർധിപ്പിക്കാൻ വേണ്ടി മാത്രം നെഹ്റു എടുത്ത തീരുമാനമായിരുന്നു ഇതെന്നും ഷാ വിമർശിച്ചു.

ഇന്നലെ നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയിൽ നടന്ന ഭാരതീയ ജനസംഘ് സ്‌ഥാപകൻ ശ്യാമ പ്രസാദ് മുഖർജിയുടെ അനുസ്മരണ ചടങ്ങിലായിരുന്നു അമിത്ഷായുടെ വിമർശനങ്ങൾ. 1953ൽ കാഷ്മീരിൽവച്ചു ശ്യാമപ്രസാദ് മുഖർജി മരിച്ചതിന്റെ സാഹചര്യങ്ങൾ സംശയാസ്പദമാണെന്നു ചടങ്ങിൽ സംസാരിച്ച ത്രിപുര ഗവർണർ തഥാഗത റോയി പറഞ്ഞു. മുഖർജിയുടെ മരണം കൊലപാതകമാണെന്നു വിശ്വസിക്കുന്ന വലിയൊരു വിഭാഗമുണ്ടെന്ന് അമിത്ഷായും ചൂണ്ടിക്കാട്ടിയിരുന്നു.

ഇന്ത്യയുടെ പാരമ്പര്യങ്ങളും മൂല്യങ്ങളും കൈവെടിഞ്ഞു വിദേശ ആശയങ്ങളെ പിന്തുടർന്ന വ്യക്‌തിയാണു ജവഹർലാൽ നെഹ്റു എന്ന് ഈ മാസം ആദ്യം പൂനയിൽ നടന്ന ഒരു ചടങ്ങിലും അമിത്ഷാ വിമർശിച്ചിരുന്നു. ഇറക്കുമതി ചെയ്ത ആശയങ്ങളാൽ രാഷ്ട്രനിർമിതി നടത്തിയ വ്യക്‌തിയെന്നാണ് അന്നു ഷാ നെഹ്റുവിനെ വിശേഷിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.