എയർ ഇന്ത്യയിൽ ഇത്തവണ മന്ത്രിയുടെ നിലവിളി!
എയർ ഇന്ത്യയിൽ ഇത്തവണ മന്ത്രിയുടെ നിലവിളി!
Tuesday, June 28, 2016 12:36 PM IST
<ആ>സെബി മാത്യു

ന്യൂഡൽഹി: റദ്ദാക്കലും വൈകിപ്പുറപ്പെടലും പതിവാകുമ്പോൾ യാത്രക്കാരുടെ നിലവിളി ശബ്ദം കേട്ടു തഴമ്പിച്ച എയർ ഇന്ത്യയിൽനിന്ന് ഇത്തവണ പണി കിട്ടിയത് കേന്ദ്ര മന്ത്രിക്ക്. എയർ ഇന്ത്യ വിമാനത്തിന്റെ പൈലറ്റ് താമസിച്ചെത്തിയതു കാരണം പാർലമെന്ററി കാര്യമന്ത്രി വെങ്കയ്യ നായിഡുവിന്റെ യാത്ര മുടങ്ങി. ഇന്നലെ ഒരു സുപ്രധാന യോഗത്തിൽ പങ്കെടുക്കാൻ ഡൽഹിയിൽനിന്നു ഹൈദരാബാദിലേക്കു പോകാനിരുന്ന തന്റെ യാത്ര മുടങ്ങിയ വിവരം വികാരഭരിതനായ മന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.

യാത്ര മുടങ്ങിയതിൽ ക്ഷുഭിതനായ മന്ത്രി, സംഭവത്തിൽ എയർ ഇന്ത്യ വിശദീകരണം നൽണമെന്നാവശ്യപ്പെട്ടു. സുതാര്യതയും കർത്തവ്യബോധവും വച്ചുപുലർത്തണമെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മത്സരങ്ങളുടെ കാലത്താണ് നാം ജീവിക്കുന്നതെന്ന സത്യം എയർ ഇന്ത്യ ഉൾക്കൊള്ളേണ്ടതാണെന്നും മന്ത്രി മുന്നറിയിപ്പു നൽകി. സംഭവത്തിൽ അന്വേഷണം നടത്തി നടപടിയെടുക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു അറിയിച്ചു.


ഇന്നലെ ഉച്ചകഴിഞ്ഞ് 1.45നു ഹൈദരാബാദിലേക്കു പുറപ്പെടേണ്ട എയർ ഇന്ത്യയുടെ എഐ–544 വിമാനം പൈലറ്റ് എത്തിച്ചേരാതിരുന്നതു കാരണം 2.30നു മാത്രമാണ് പുറപ്പെട്ടത്. ഇതേസമയം യാത്രയ്ക്കായി 12.30നു തന്നെ മന്ത്രി വിമാനത്താവളത്തിലെത്തിയിരുന്നു. 1.15നാണു വിമാനം വൈകുമെന്ന അറിയിപ്പു ലഭിച്ചത്. 1.45 വരെ കാത്തിരുന്നു. പിന്നീടു രണ്ടു മണിയോടെ വീട്ടിലേക്കു മടങ്ങിയെന്നുമാണ് മന്ത്രി ട്വിറ്ററിൽ കുറിച്ചത്.

ട്വിറ്ററിൽ മന്ത്രിയുടെ രോഷപ്രകടനം വന്നതിനു പിന്നാലെതന്നെ എയർ ഇന്ത്യ ട്വിറ്ററിൽ തന്നെ മറുപടിയുമായെത്തി. പൈലറ്റ് ട്രാഫിക്ക് കുരുക്കിൽ അകപ്പെട്ടതുകൊണ്ടാണു വിമാനം പുറപ്പെടാൻ വൈകിയതെന്നാണ് എയർ ഇന്ത്യയുടെ വിശദീകരണം. വ്യോമയാന മന്ത്രിയും സംഭവത്തിൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ട്വിറ്ററിൽ സന്ദേശമിട്ടു. ഹൈദരാബാദിൽ സ്വച്ഛ് ഭാരതുമായി ബന്ധപ്പെട്ട പരിപാടിയിൽ പങ്കെടുക്കുന്നതിനുള്ള വെങ്കയ്യ നായിഡുവിന്റെ യാത്രയാണു മുടങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.