സുബ്രഹ്മണ്യൻ സ്വാമി പങ്കെടുക്കേണ്ട ചടങ്ങുകൾ റദ്ദാക്കി
സുബ്രഹ്മണ്യൻ സ്വാമി പങ്കെടുക്കേണ്ട ചടങ്ങുകൾ റദ്ദാക്കി
Tuesday, June 28, 2016 12:36 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി വിമർശനമുന്നയിച്ചതിനു പിന്നാലെ സുബ്രഹ്മണ്യൻ സ്വാമി പ്രസംഗിക്കാനിരുന്ന രണ്ടു ചടങ്ങുകൾ ബിജെപി റദ്ദാക്കി. പാർട്ടിയിൽ തനിക്കു വിലക്കുകളില്ലെന്നു സുബ്രഹ്മണ്യൻ സ്വാമി വാദിക്കുന്നതിനിടെയാണ് സ്വാമിയെ അകറ്റിനിർത്തുന്ന കൂടുതൽ സംഭവങ്ങൾ. എന്നാൽ, ഇതേക്കുറിച്ച് ഔദ്യോഗികമായി പ്രതികരിക്കാൻ ബിജെപി നേതൃത്വം തയാറായിട്ടില്ല.

റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജനെ പുകച്ചു ചാടിക്കാൻ നടത്തിയ നീക്കം ധനമന്ത്രി അരുൺ ജയ്റ്റ്ലിക്കു നേരേ തിരിഞ്ഞതോടെയാണു സുബ്രഹ്മണ്യൻ സ്വാമിക്കെതിരേ കടുത്ത വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തിയത്. ആരും പാർട്ടിക്ക് അതീതരല്ലെന്നും അതിർവരമ്പുകൾ ലംഘിക്കരുതെന്നും മോദി മുന്നറിയിപ്പു നൽകി. ഇതിനു പിന്നാലെയാണ് സ്വാമി പ്രസംഗിക്കാനിരുന്ന രണ്ടു ചടങ്ങുകൾ റദ്ദാക്കി പാർട്ടിയും മറ്റൊരു മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുന്നത്. ഞായറാഴ്ച മുംബൈയിലും ഈ ആഴ്ച ചെന്നൈയിലും നടക്കാനിരുന്ന പരിപാടികളാണു റദ്ദാക്കിയത്.


സ്വാമിയുടെ പ്രസ്താവനകൾ പാർട്ടിയെ പ്രതിരോധത്തിലാക്കിയെന്നും പാർട്ടിക്കു മുകളിലാണ് താനെന്ന സുബ്രഹ്മണ്യൻ സ്വാമിയുടെ തോന്നൽ ഇല്ലാതാക്കാനാണ് ഈ നടപടിയെന്നുമാണ് നേതാക്കൾ വെളിപ്പെടുത്തുന്നത്. അതേസമയം, ഇതു സംബന്ധിച്ചു ഒരു നിർദേശവും പാർട്ടി നേതൃത്വം രാജ്യസഭ എംപിയായ സുബ്രഹ്മണ്യൻ സ്വാമിക്കു നൽകിയിട്ടില്ലെന്നാണ് സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.