ബീഫ് കടത്തിയെന്നാരോപിച്ച് യുവാക്കളെ ചാണകം തീറ്റിച്ചു
Tuesday, June 28, 2016 12:36 PM IST
<ആ>സ്വന്തം ലേഖകൻ

ന്യൂഡൽഹി: ബീഫ് കടത്തിയെന്നാരോപിച്ച് ഹരിയാനയിൽ യുവാക്കൾക്കു ഗോരക്ഷാ ദളിന്റെ പ്രാകൃത ശിക്ഷാവിധി. ഹരിയാനയിലെ ഗുഡ്ഗാവിലാണു ഗോരക്ഷാ ദൾ യുവാക്കളെ ചാണകം തീറ്റിക്കുന്ന പ്രാകൃത ശിക്ഷാവിധി നടപ്പാക്കിയത്. വീഡിയോ ദൃശ്യങ്ങൾ പുറത്തായതോടെയാണു സംഭവം വിവാദമായത്. യുവാക്കളെ ചാണകം തീറ്റിച്ച കാര്യം ഗുഡ്ഗാവ് ഗോരക്ഷാ ദൾ പ്രസിഡന്റ് ധർമേന്ദ്ര യാദവ് സമ്മതിക്കുകയും ചെയ്തിട്ടുണ്ട്.

ജൂൺ പത്തിനാണു സംഭവം. റിസ്വാൻ, മുക്‌ത്യാർ എന്നീ യുവാക്കളെയാണു ഗോ രക്ഷക് ദൾ സന്നദ്ധ പ്രവർത്തകർ മർദിച്ചത്. പിന്നീട് പോലീസിനു കൈമാറിയ യുവാക്കൾ ഇപ്പോൾ ജുഡീഷൽ കസ്റ്റഡിയിലാണെന്നാണു പോലീസ് പറയുന്നത്. മീററ്റിൽ നിന്നു ഡൽഹിയിലേക്കു വാഹനത്തിൽ ബീഫ് കൊണ്ടുപോയ രണ്ടു യുവാക്കളെ ഏഴു കിലോമീറ്ററോളം ദൂരം പിന്തുടർന്നു പിടികൂടിയാണ് ശിക്ഷ നൽകിയതെന്നും ധർമേന്ദ്ര പറയുന്നു. പിടികൂടുമ്പോൾ കാറിൽ 700 കിലോ ബീഫ് ഉണ്ടായിരുന്നു. അവരെ ഒരു പാഠം പഠിപ്പിക്കാനാണ് ചാണകവും മൂത്രവും പാലും തൈരും വെണ്ണയും കൂട്ടിക്കലർത്തിയ മിശ്രിതം നൽകിയതെന്നും ഗോരക്ഷാ ദൾ നേതാവ് പറഞ്ഞു.


മിശ്രിതം വിഴുങ്ങുമ്പോൾ ഗോ മാതാ കീ ജയ് എന്നും ജയ് ശ്രീറാം എന്നും അവരെകൊണ്ട് നിർബന്ധിപ്പിപ്പിച്ചു വിളിപ്പിക്കുന്നു. യുവാക്കളെ തെരുവിൽ ഉപേക്ഷിച്ചു ഗോരക്ഷാ ദൾ പ്രവർത്തകർ മടങ്ങുന്നതാണ് 57 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയുടെ അവസാന ദൃശ്യം. വീഡിയോ ചിത്രീകരണം അവസാനിപ്പിക്കാൻ ആരോ പറയുന്നതും ഇതിനിടെ കേൾക്കാം. യുവാക്കളെ തങ്ങൾ പോലീസിലേൽപ്പിച്ചുവെന്നു യാദവ് പറയുന്നു. ഗോവധ നിരോധന നിയമം പാസാക്കിയ ഹരിയാനയിൽ ബീഫ് നിരോധപ്രകാരം ഇരുവർക്കുമെതിരേ പോലീസ് കേസുമെടുത്തിട്ടുണ്ട്. വീഡിയോയെക്കുറിച്ച് തങ്ങൾക്കൊന്നും അറിയില്ലെന്നും ഫരീദാബാദ് പോലീസ് പിആർഒ സുബെ സിഗും പറയുന്നു. എന്നാൽ, വീഡിയോ ദൃശ്യങ്ങൾ യഥാർഥമാണെങ്കിൽ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്‌തമാക്കി.

ഫരീദാബാദ് സെക്ടർ 37 പോലീസ് സ്റ്റേഷൻ പരിധിയിൽ വച്ചാണ് ഇവരെ പിടികൂടുന്നത്. ഇവർ കടത്തിയതു ബീഫാണെന്നു ലാബ് പരിശോധനയിൽ തെളിഞ്ഞിട്ടുണ്ടെന്നും അധികൃതരുടെ അനുമതിയോടെ ഇതു നശിപ്പിച്ചു കളഞ്ഞുവെന്നും സുബെ സിംഗ് പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.