എൻഐഎ ഉദ്യോഗസ്‌ഥന്റെ വധം: മുഖ്യപ്രതി അറസ്റ്റിൽ
Tuesday, June 28, 2016 12:27 PM IST
ലക്നോ: പത്താൻകോട് ഭീകരാക്രമണ കേസ് അന്വേഷണസംഘത്തിലുണ്ടായിരുന്ന ദേശീയ അന്വേഷണ ഏജൻസി ഓഫീസർ തൻസീൽ അഹമ്മദ് വധിക്കപ്പെട്ട കേസിലെ പ്രധാന പ്രതിയെ അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്പെഷൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ്) ആണ് പ്രധാന പ്രതിയായ മുനീറിനെ ഇന്നലെ അറസ്റ്റ്ചെയ്തത്. മുനീറിനെ എൻഐഎയുടെ നേതൃത്വത്തിൽ നോയിഡയിലെ എസ്ടിഎഫ് ഓഫീസിൽ ചോദ്യംചെയ്തുവരുകയാണ്. തൻസീൽ അഹമ്മദിനെ വെടിവയ്ക്കാൻ മുനീറും സംഘവും ഉപയോഗിച്ചെന്നുകരുതുന്ന മൂന്ന് ഒമ്പത് എംഎം പിസ്റ്റളുകളും കണ്ടെടുത്തിട്ടുണ്ട്. ഗാസിയാബാദിലെ ഒരു ഹോട്ടലിൽനിന്ന് ഇന്നലെ രാവിലെയാണ് ഇയാളെ പിടികൂടിയത്. മൂന്നു ദിവസമായി ഇയാൾ ഇവിടെയുണ്ടായിരുന്നെന്നു പോലീസ് അറിയിച്ചു.

കൊലപാതകത്തിൽ മുനീറിന്റെ സഹായികളായിരുന്ന റിസ്വാൻ, തൻസീം, റെഹാൻ, സൈനുൾ എന്നിവരെ അന്വേഷണസംഘം നേരത്തേ അറസ്റ്റ്ചെയ്തിരുന്നു. തൻസീലിന്റെ അളിയന്റെ അനന്തരവനായ റെഹാനെയും സൗനുളിനെയും അറസ്റ്റ്ചെയ്തതോടെ കേസ് തെളിഞ്ഞതായി പോലീസ് അറിയിച്ചിരുന്നു. ഇവർതമ്മിൽ നിലനിന്നിരുന്ന വൈരാഗ്യമാണു കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിനു കിട്ടിയ വിവരം.


ഏപ്രിൽ ആദ്യവാരമാണു കൊലപാതകം നടന്നത്. ഭാര്യക്കും രണ്ടു കുട്ടികൾക്കുമൊപ്പം ബന്ധുവിന്റെ വിവാഹ സത്കാരത്തിനുശേഷം മടങ്ങുകയായിരുന്ന തൻസീൽ അഹമ്മദിനെ ബൈക്കിൽ പിന്തുടർന്ന മുനീറും സംഘവും ബിജ്നോർ ജില്ലയിലെ സഹസ്പുരിൽവച്ചു കൊല്ലുകയായിരുന്നു. തൻസീലിന്റെ ശരീരത്തിൽനിന്ന് 21 വെടിയുണ്ടകൾ പുറത്തെടുത്തു. നാലു വെടിയുണ്ടകളേറ്റ തൻസീലിന്റെ ഭാര്യ ഫർസാനയെ ഗുരുതരാവസ്‌ഥയിൽ എയിംസിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.